കൊലയ്ക്ക് പിന്നിൽ കൗമാരക്കാർക്കിടയിലെ ത്രികോണപ്രണയത്തിലെ പക; ലക്ഷ്യമിട്ടത് അഭിരാമിന്റെ സുഹൃത്തിനെ

#സ്വന്തം ലേഖകൻ
അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു
അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു

തിരുവനന്തപുരം: ശ്രീകാര്യത്ത് പതിനേഴുകാരനെ കൊലപ്പെടുത്തിയ സംഭവത്തിനുപിന്നിൽ കൗമാരക്കാർക്കിടയിൽ ത്രികോണപ്രണയത്തിലുണ്ടായ പക. കൗമാരക്കാരിയായ പെൺകുട്ടിയെ കേന്ദ്രീകരിച്ചുണ്ടായ പ്രണയത്തർക്കത്തിനും പകയ്ക്കുമൊടുവിൽ കൊല്ലപ്പെട്ട അഭിരാം നിരപരാധിയും. ഈ പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്ന, കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്തിനെയായിരുന്നു കൊലപ്പെടുത്താൻ ഇവർ ലക്ഷ്യംവെച്ചിരുന്നത്. ആ സുഹൃത്തിനെ വിളിച്ചുവരുത്താനായാണ് അഭിരാമിനെ പ്രതികൾ ആളില്ലാത്ത സ്ഥലത്ത് എത്തിച്ചതും കൊലപാതകത്തിൽ കലാശിച്ചതും.

ഞായറാഴ്ച മൂന്നുമണിക്ക്‌ കാണാതായ അഭിരാം അതേദിവസം വൈകീട്ട് ആറിനും എട്ടിനുമിടയിലാണ് കൊല ചെയ്യപ്പെട്ടതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിൽ പങ്കുചേർന്ന കാപ്പാ കേസ് പ്രതിയായ ശ്രീകാര്യം കല്ലമ്പള്ളി പുതുവൽപുത്തൻവീട്ടിൽ ഉമർ മുസ്താർ, ആസൂത്രണത്തിൽ പങ്കാളിയായ ഇയാളുടെ പെൺസുഹൃത്ത് മണക്കാട് താമസിക്കുന്ന ഐ.ടി.ഐ. വിദ്യാർഥിനിയായ ആനന്ദ, കൊല നടത്തിയ പതിനേഴുകാരൻ എന്നിങ്ങനെ മൂന്നു പ്രതികളാണുള്ളത്. എന്നാൽ, കൂടുതൽ പേർക്ക് പങ്കുണ്ടാകാൻ സാധ്യതയുള്ളതായി സിറ്റി പോലീസ് കമ്മിഷണർ അരുൾ ആർ.ബി. കൃഷ്ണ അറിയിച്ചു.

ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊല നടപ്പാക്കിയത്. ഒന്നാംപ്രതി ദിവസങ്ങൾക്കു മുൻപുതന്നെ ഇൻസ്റ്റഗ്രാമിലൂടെ കൊല നടത്തുമെന്ന് പ്രഖ്യാപിക്കുകയും ക്രിമിനലായ ഉമറിന്റെ സഹായം തേടുകയും ചെയ്തിരുന്നു. മോഷണമടക്കമുള്ള കേസുകളിൽ ഉമറും ഒന്നാംപ്രതിയും കൂട്ടുപ്രതികളാണ്. കൊലയ്ക്കായി ആളൊഴിഞ്ഞ സ്ഥലം കണ്ടെത്തി ഉമർ നേരത്തേ വന്ന് കാത്തിരുന്നു. പെൺകുട്ടിയുടെ സമ്മതത്തോടെയായിരുന്നു ഫോൺ വാങ്ങി അതിൽനിന്ന് അഭിരാമിനോട് വരാൻ ആവശ്യപ്പെട്ട് സന്ദേശം അയച്ചത്.

കൊല്ലാൻ ലക്ഷ്യംവെച്ചിരുന്ന കൗമാരക്കാരൻ അപകടം മണത്ത് വരാൻ കൂട്ടാക്കിയില്ല. ഇതോടെയാണ് അഭിരാമിനുനേരേ ആക്രമണമുണ്ടായത്. രണ്ടുപേരും ചേർന്ന് കൈകൊണ്ടും ബെൽറ്റുകൊണ്ടും കഴുത്തു ഞെരിച്ചായിരുന്നു കൊല നടത്തിയതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ കൗമാരിക്കാരിയായ പെൺകുട്ടിയും സ്ഥലത്തുണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. അന്വേഷണത്തിന് ഡി.സി.പി.യുടെ മേൽനോട്ടത്തിൽ പ്രത്യേകസംഘം രൂപവത്‌കരിച്ചു.

Content Highlights: Kerala police arrested three suspects in the Pangappara murder case, revealing that the fatal attack on a teenager stemmed from a planned teenage love rivalry and mistaken identity.