മക്കളെ വെള്ളത്തിൽ മുക്കിക്കൊല്ലുമ്പോൾ കാവലിരുന്നു; കൊഴിഞ്ഞാമ്പാറ കൊലപാതകത്തിൽ അമ്മയുടെ കാമുകനും അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
മാർട്ടിൻ ഇഗ്നേഷ്യസ്, മേനോൻപാറ കുരുടിക്കാടിലെ സഹോദരങ്ങളായ രണ്ടു കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ നിവേദ്യയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
മാർട്ടിൻ ഇഗ്നേഷ്യസ്, മേനോൻപാറ കുരുടിക്കാടിലെ സഹോദരങ്ങളായ രണ്ടു കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ നിവേദ്യയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ കുട്ടികളെ അമ്മ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. കാമുകനായ മാർട്ടിൻ ഇഗ്നേഷ്യസ് ആണ് അറസ്റ്റിലായത്. അറസ്റ്റിലായ അമ്മ നിവേദ്യയുമായി നടത്തിയ തെളിവെടുപ്പിന് പിന്നാലെ തോന്നിയ സംശയത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആൺസുഹൃത്തിനെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

അമ്മയുടെ കാമുകന് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ട് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കുട്ടികളേ ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇരുവരുടെയും തീരുമാനം. കുട്ടികളെ അമ്മ കൊലപ്പെടുത്തുന്ന സമയത്ത് ഇയാൾ അവിടെ ഉണ്ടായിരുന്നു. കുഞ്ഞുങ്ങളെ കൊല്ലുന്ന സമയത്ത് വീട്ടിലേക്ക് ആരെങ്കിലും വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഇയാൾ വീടിന്റെ മുൻഭാഗത്ത് ഉണ്ടായിരുന്നു. 

വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്റ്റഫർ (മൂന്ന്) എന്നിവരെയാണ് സെപ്റ്റംബർ 29-ന് രാവിലെ പത്തരയോടെ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുങ്ങിമരണമാണെന്ന നിഗമനത്തിലായിരുന്നു പോലീസ്.

എന്നാൽ, നിവേദ്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. നിവേദ്യയുടെ മൊഴിയും ലഭ്യമായ തെളിവുകളും പരിശോധിച്ചാൽ മാത്രമേ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് വ്യക്തമാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥനും കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടറുമായ എസ്. രജീഷ് നേരത്തെ പറഞ്ഞിരുന്നു.

മോഡലിങ്ങിനും മറ്റും താൽപര്യമുണ്ടായിരുന്നുവെന്നും അതിന് കുഞ്ഞുങ്ങൾ തടസ്സമാകുമെന്നും തോന്നിയതിനാലാണ് കൃത്യം നടത്തിയത് എന്നായിരുന്നു നിവേദ്യ പോലീസിന് നൽകിയ മൊഴി. കഴിഞ്ഞ ദിവസമാണ് നിവേദ്യയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. ചൊവ്വാഴ്ച ഹൈക്കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയതിന് പിന്നാലെ, ബുധനാഴ്ച രാവിലെയാണ് നിവേദ്യയെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്.

സംഭവം നടന്ന വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് കൃത്യം നടത്തുന്നതിന് നിവേദ്യയ്ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായുള്ള സൂചന പോലീസിന് ലഭിച്ചത്. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നതായി പോലീസിന് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു. പിന്നാലെയാണ് ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയത്.

Content Highlights: Mother Nivedya arrested for drowning her two children, Jennifer Juliet and Robin Christopher, in Kozhinjampara, Palakkad., Mother's boyfriend Martin Ignatius arrested for keeping watch outside while the crime took place., Children were murdered because the mother felt they were an obstacle to her modeling aspirations., Police uncovered the boyfriend's involvement following a detailed evidence collection process and custody interrogation.