അമിത മെർക്കുറിയുള്ള പാക് ബ്യൂട്ടിക്രീമുകളായ ഫൈസയും ഗോറിയും കേരളത്തിൽ; ഐ.ബി. അന്വേഷിക്കുന്നു

#ജി. രാജേഷ് കുമാർ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

തിരുവനന്തപുരം: അപകടകരമായി മെർക്കുറിസാന്നിധ്യം കണ്ടെത്തിയതിനാൽ ഒട്ടേറെ രാജ്യങ്ങളിൽ നടപടി നേരിടുന്ന പാകിസ്താൻ നിർമിത ബ്യൂട്ടി ക്രീമുകളായ ഫൈസ, ഗോറി എന്നിവ ‌കേരളത്തിൽ വിൽക്കുന്നത് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ ഈ ക്രീമുകൾ കുടുങ്ങിയതോടെയാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടൽ. ദേശവിരുദ്ധപ്രവർത്തനത്തിന്റെ ഭാഗമാണോ എന്നതും അന്വേഷിക്കും.

ഫൈസയും ഗോറിയും ഗൾഫ് രാജ്യങ്ങളിലെത്തിച്ച ശേഷം അനധികൃത മാർഗങ്ങളിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നതായാണു വിവരം. അനുവദനീയമായതിന്റെ 20,000 മടങ്ങ് മെർക്കുറിയാണ് ഇതിലുള്ളതെന്ന് പരിശോധനയിൽ കണ്ടെത്തി. മെർക്കുറി ശരീരത്തിനുള്ളിലെത്തുമ്പോൾ കരൾ, വൃക്ക തുടങ്ങിയവയ്ക്ക് തകരാറുണ്ടാവുമെന്ന് ഐ.എം.എ. ദേശീയ കൺവീനർ ഡോ. സുൾഫി നൂഹ് പറഞ്ഞു.

മുഖംവെളുപ്പിക്കാനും തിളക്കംകൂട്ടാനും ഉപകരിക്കുമെന്ന് അവകാശപ്പെടുന്ന ക്രീം 50 ഗ്രാമിന് 400 മുതൽ 500 വരെ രൂപയ്ക്കാണു വിൽക്കുന്നത്. കേരളത്തിൽ എത്തിക്കുന്നതിനെപ്പറ്റിയും വിതരണശൃംഖലയെപ്പറ്റിയും അന്വേഷിക്കും.

പാകിസ്താൻ നിർമിതി

ഗോറി ഡേ ആൻഡ് നൈറ്റ് ബ്യൂട്ടി പാകിസ്താനിലെ ലാഹോറിലും ഫൈസ ഗുജ്രാൻവാലയിലെ പൂനിയ ബ്രദേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമാണ് നിർമിക്കുന്നത്.

ഉയർന്ന അളവിൽ മെർക്കുറി കണ്ടെത്തിയതിനെത്തുടർന്ന് 2019-ൽ പാകിസ്താൻ സ്റ്റാൻഡേർഡ്‌സ് ആൻഡ് ക്വാളിറ്റി കൺട്രോൾ അതോറിറ്റി ഫൈസ നിരോധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പക്ഷേ, അത് കടലാസിലൊതുങ്ങി. കഴിഞ്ഞമാസം മഹാരാഷ്ട്രയിൽ ഫൈസ നിരോധിച്ചു.

പിടിക്കപ്പെട്ടത് ഓപ്പറേഷൻ സൗന്ദര്യയിൽ

ഡ്രഗ് കൺട്രോൾവിഭാഗം നടപ്പാക്കിയ ഓപ്പറേഷൻ സൗന്ദര്യയിലൂടെയാണ് ഈ ക്രീമുകളുടെ വിപണിസാന്നിധ്യം കണ്ടെത്തിയത്. 2023 മുതൽ നടക്കുന്ന ദൗത്യത്തിൽ 10 ലക്ഷത്തോളംരൂപയുടെ അനധികൃത വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുത്തതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു.

Content Highlights: Central intelligence is investigating the sale of Pakistani beauty creams Faiza and Gori in Kerala., Tests revealed mercury levels 20,000 times higher than permitted limits, posing severe health risks to liver and kidneys., The creams are smuggled into Kerala via Gulf countries, priced between 400 and 500 rupees for 50 grams., The illegal presence of these cosmetics was uncovered through the Drug Control Department's 'Operation Soundarya'.