'ഞങ്ങളെ വീട്ടിലേക്ക് വിടൂ..': പാക് കോടതിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പെൺകുട്ടികൾ; തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹംകഴിച്ചതായി പരാതി

#ന്യൂസ് ഡെസ്ക്
സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന്
സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന്

ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റുകയും വിവാഹം കഴിപ്പിക്കുകയും ചെയ്തതായി ആരോപണം. കോടതിയലക്ഷ്യ നടപടികൾക്കിടെ തങ്ങളെ മാതാപിതാക്കൾക്കൊപ്പം വിടണമെന്ന് പറഞ്ഞ് പെൺകുട്ടികൾ കരഞ്ഞപേക്ഷിച്ചെങ്കിലും അവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് കോടതി ഉത്തരവിട്ടത്. തണ്ടോ അല്ലാഹ്യാറിലെ ഇബ്രാഹിം കോളനിയിൽ നിന്നുള്ള സഹോദരിമാരെ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ടാണ് കോടതിയിൽ ഹാജരാക്കിയത്.

മേഖലയിൽ സമാനമായ രീതിയിൽ വലിയ തോതിൽ പെൺകുട്ടികൾ ആക്രമിക്കപ്പെടുന്നതായും നിർബന്ധിത മതപരിവർത്തനങ്ങൾ വർധിച്ചുവരുന്നതായും സാമൂഹിക പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ പെൺകുട്ടികളുടെ പ്രായവും സുരക്ഷയും കണക്കിലെടുത്ത് അവർക്ക് കൃത്യമായ നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി നിരവധി മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

പത്രപ്രവർത്തകരും ന്യൂനപക്ഷാവകാശ പ്രവർത്തകരും നൽകുന്ന വിവരമനുസരിച്ച്, പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് കോടതി മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് അയക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് 13-ഉം 14-ഉം വയസ്സ് പ്രായമുള്ള രണ്ട് സഹോദരിമാർ കോടതിക്ക് പുറത്ത് പൊട്ടിക്കരഞ്ഞത്. ഔദ്യോഗിക രേഖകൾ പ്രകാരം ഇവരുടെ വയസ്സ് 13-ഉം 14-ഉം ആണെന്ന് ന്യൂനപക്ഷാവകാശ പ്രവർത്തകർ അവകാശപ്പെടുന്നു. വീട്ടിലേക്ക് വിടണമെന്ന് പറഞ്ഞ് ഇവർ യാചിക്കുന്നതിന്റെയും കരയുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങൾവഴി വലിയതോതിൽ പ്രചരിക്കുന്നുണ്ട്. 

നടപടിക്രമങ്ങൾക്കിടയിൽ പെൺകുട്ടികൾ തങ്ങളുടെ ആഗ്രഹം വ്യക്തമായി പ്രകടിപ്പിച്ചിരുന്നുവെന്ന് പാകിസ്താനി സാമൂഹിക പ്രവർത്തകയായ സോറത്ത് സിന്ധു പറഞ്ഞു. പൊതുവിവരങ്ങൾ പ്രകാരം, കച്ചി കോലി (Kachhi Kolhi) സമുദായാംഗമായ റാംജിയുടെ മക്കളായ സീത, രൂപീ എന്നിവരാണ് ദൃശ്യത്തിലുള്ള പെൺകുട്ടികൾ. ഇവരെ തട്ടിയെടുത്ത് മതം മാറ്റുകയും അംജദ് സൊലാംഗി, മൻസൂർ സൊലാംഗി എന്നിവർക്ക് വിവാഹം ചെയ്തു നൽകുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

അവർ പറയുന്ന വയസ്സ് സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, 2013-ലെ 'സിന്ധ് ചൈൽഡ് മാര്യേജസ് റെസ്ട്രയിന്റ് ആക്ട്' പ്രകാരം രണ്ടുപേരും കുട്ടികളായിരിക്കും. നിയമപ്രകാരം സിന്ധിൽ വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 18 വയസ്സാണ്. ബാലവിവാഹം ഏർപ്പാടാക്കുന്നതോ അതിന് സൗകര്യമൊരുക്കുന്നതോ ജാമ്യമില്ലാത്തതും ഒത്തുതീർപ്പാക്കാൻ സാധിക്കാത്തതുമായ കുറ്റകൃത്യമായാണ് നിയമം കണക്കാക്കുന്നത്.

പെൺകുട്ടികളെ ഒരു സേഫ് ഹൗസിലേക്ക് മാറ്റാൻ സിന്ധിലെ തണ്ടോ അല്ലാഹ്യാർ (Tando Allahyar) ജില്ലാ കോടതി ഉത്തരവിട്ടതായി പാകിസ്താനി മാധ്യമപ്രവർത്തകയും പ്രവർത്തകയുമായ വീംഗാസ് എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്ക് ലഭ്യമായ പോലീസ് അല്ലെങ്കിൽ കോടതി രേഖകൾ വഴി ഈ പെൺകുട്ടികളുടെ കൃത്യമായ വയസ്സ്, അവർ അപ്രത്യക്ഷമായ സാഹചര്യം, മതപരിവർത്തനം, നിർബന്ധിത വിവാഹം എന്നിവ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

സഹോദരിമാരുടെ വയസ്സ് സ്ഥിരീകരിക്കണമെന്നും, സ്വതന്ത്രമായ നിയമ-മാനസിക സഹായങ്ങൾ ലഭ്യമാക്കണമെന്നും, യാതൊരുവിധ സ്വാധീനങ്ങളുമില്ലാതെ കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കുന്ന അന്തരീക്ഷത്തിൽ അവരുടെ മൊഴികൾ രേഖപ്പെടുത്തണമെന്നും പാകിസ്താനി ന്യൂനപക്ഷാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന് ഒരു ദിവസത്തിന് ശേഷം, സെപ്റ്റംബർ ഒമ്പതിന് തണ്ടോ അല്ലാഹ്യാറിൽ നിന്ന് പാൻസി കോലി എന്ന 14-കാരിയേയും സമാനരീതിയിൽ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകളുണ്ട്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം 10 ദിവസത്തിനുള്ളിൽ സിന്ധ് ജില്ലയിൽ നിന്ന് 'പ്രായപൂർത്തിയാകാത്ത ആറ് ഹിന്ദു പെൺകുട്ടികളെ' ഇത്തരത്തിൽ തട്ടിക്കൊണ്ട് പോവുകയും മതം മാറ്റുകയും ചെയ്തിട്ടുണ്ടെന്ന് അവർ ആരോപിച്ചു.

പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ തട്ടിയെടുക്കലും മതപരിവർത്തനവും മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള തണ്ടോ അല്ലാഹ്യാർ എന്ന ജില്ലയിലേക്കാണ് ഈ കേസ് വീണ്ടും ശ്രദ്ധ തിരിച്ചുവിട്ടിരിക്കുന്നത്. പാകിസ്താനിൽ ഹിന്ദുക്കൾ വലിയതോതിൽ താമസിക്കുന്ന സിന്ധ്, ഹിന്ദു പെൺകുട്ടികളെ തട്ടിയെടുക്കുകയും മതം മാറ്റുകയും നിർബന്ധിതമായി വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്യുന്നുവെന്ന പരാതികളുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.

Content Highlights: In Sindh, Pakistan, two underage Hindu sisters were allegedly abducted, forcibly converted to Islam, and married off, sparking widespread concern and calls for justice from human rights activists. Despite the girls' pleas to return to their parents, the court ordered them to be moved to a safe house, highlighting ongoing issues of forced conversions and marriages in the region.