ഷെയർ മാർക്കറ്റ് വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാക്കി; മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് അരക്കോടി രൂപ

കൊച്ചി: ഓൺലൈൻ തട്ടിപ്പിലൂടെ മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് അരക്കോടിയിലധികം രൂപ. ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്താൽ വൻലാഭം നേടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സമൂഹമാധ്യമത്തിൽ ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ പരസ്യം കണ്ടാണ് മൂവാറ്റുപുഴ സ്വദേശി ചതിയിൽപ്പെട്ടത്. പരസ്യം കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്താൽ വൻലാഭം ഉണ്ടാക്കിത്തരാമെന്നു വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് വിവിധ സമയങ്ങളിലായി 52,85,000 രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ ആവശ്യപ്രകാരം പണം നിക്ഷേപിച്ചതിന് ശേഷം മറ്റ് വിവരങ്ങളൊന്നും ലഭിക്കാതെയായി.
ഇതോടെയാണ് ചതിയിൽപ്പെട്ടതാണെന്നും പണം നഷ്ടമായെന്നും മനസിലാകുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിൽ ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Content Highlights: Online trading scam; muvattupuzha native loses 50 lakh, Crime News