നായയെ അഴിച്ചുവിട്ടതിനെച്ചൊല്ലി തർക്കം; പത്തനംതിട്ടയിൽ ചേട്ടന്റെ വാരിയെല്ല് അനുജൻ ചവിട്ടിയൊടിച്ചു

ഓമല്ലൂർ: വളർത്തുനായയെ അഴിച്ചുവിട്ടതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ചേട്ടന്റെ വാരിയെല്ല് ചവിട്ടിയൊടിക്കുകയും താക്കോൽക്കൂട്ടം കൊണ്ട് മുഖത്തും ശരീരത്തും കുത്തുകയുംചെയ്ത കേസിൽ അനുജൻ അറസ്റ്റിൽ. ഓമല്ലൂർ പുത്തൻപീടിക ഐമാലി കുറ്റിയിൽ വീട്ടിൽ ഷാജി (45) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. മൂത്ത സഹോദരൻ സന്തോഷിന് (50) ആണ് ഗുരുതരമായി പരിക്കേറ്റത്.
ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഷാജി വളർത്തുന്ന നായയെ അന്ന് രാവിലെ ആരോ അഴിച്ചുവിട്ടിരുന്നു. പുറത്തുപോയി തിരിച്ചെത്തിയ നായയുടെ ദേഹത്ത് തെരുവുനായ്ക്കൾ കടിച്ചതിന്റെ മുറിവുകൾ ഉണ്ടായിരുന്നു. ചേട്ടൻ സന്തോഷാണ് നായയെ അഴിച്ചുവിട്ടതെന്നും ഇതാണ് പരിക്കേൽക്കാൻ കാരണമെന്നും ആരോപിച്ചായിരുന്നു ആക്രമണം.
Also Read: ദോശ കൊടുക്കാൻ വൈകിയതിന് തട്ടുകട തല്ലിത്തകർത്തു; സംഭവം കൊല്ലത്ത്
വാക്കുതർക്കത്തിനിടെ സന്തോഷിനെ തറയിലിട്ട് മർദിക്കുകയും വാരിയെല്ല് ചവിട്ടിയൊടിക്കുകയുമായിരുന്നു. അഞ്ച് വാരിയെല്ല് ഒടിഞ്ഞു. കൈവശമുണ്ടായിരുന്ന താക്കോൽക്കൂട്ടം ഉപയോഗിച്ച് മുഖത്തുംമറ്റും കുത്തി മുറിവേൽപ്പിച്ചു.
സന്തോഷിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ജി. അരുൺ, സബ് ഇൻസ്പെക്ടർമാരായ അനീഷ് എബ്രഹാം, ആൻസുദീൻ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അൽസാം, വിജേഷ്, സുബിൻ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ മിഥുൻ, അരുൺ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി റിമാൻഡുചെയ്തു.
Content Highlights: Shaji (45) arrested by Pathanamthitta police for assaulting his elder brother Santhosh (50)., Attack triggered by an argument over a pet dog being let loose and bitten by stray dogs., Victim suffered five broken ribs and facial injuries from being stabbed with a key ring., Accused remanded by the Pathanamthitta First Class Judicial Magistrate Court.