'റെസ്പെക്ടഡ് മാം... കുറച്ചു കുട്ടികളിൽ നിന്ന് എനിക്ക് പരിഹാസം....'; പൂർത്തിയാകാത്ത അമ്മുവിന്റെ കത്ത്

അമ്മു സജീവ്, അമ്മുവിന്റേതെന്നു കരുതുന്ന കത്ത്, മരണപ്പെട്ട നഴ്‌സിംഗ് വിദ്യാർത്ഥി അമ്മു എ.സജീവിന്റെ മാതാപിതാക്കളായ സജീവും രാധാമണിയും
അമ്മു സജീവ്, അമ്മുവിന്റേതെന്നു കരുതുന്ന കത്ത്, മരണപ്പെട്ട നഴ്‌സിംഗ് വിദ്യാർത്ഥി അമ്മു എ.സജീവിന്റെ മാതാപിതാക്കളായ സജീവും രാധാമണിയും

കഴക്കൂട്ടം: അമ്മു സജീവ് മരിക്കുന്നതിനു മുൻപ് എഴുതിയെന്നു കരുതുന്ന കത്ത് കണ്ടെത്തി. പൂർത്തിയാക്കാത്ത കത്ത് ക്ലാസ് കോഡിനേറ്റർക്ക് എഴുതിയതെന്നാണ് കരുതുന്നത്.

അച്ഛനുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പത്തനംതിട്ടയിൽ അമ്മു താമസിച്ചിരുന്ന ഹോസ്റ്റലിൽനിന്ന്‌ സാധനങ്ങളെടുക്കാൻ തിങ്കളാഴ്ച പോയിരുന്നു. അമ്മുവിന്റെ മുറിയിൽനിന്നു കൊണ്ടുവന്ന പുസ്തകങ്ങൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പൂർത്തിയാക്കാത്ത കത്ത് കിട്ടിയതെന്ന് അമ്മുവിന്റെ അച്ഛൻ സജീവ് പറഞ്ഞു. കുറച്ചുനാളുകളായി ചില കുട്ടികളിൽനിന്ന്‌ പരിഹാസം നേരിടുന്നതായി കത്തിൽ പറയുന്നുണ്ട്.

നഴ്‌സിങ് വിദ്യാർഥിനിയുടെ മരണം

കഴക്കൂട്ടം: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ചുട്ടിപ്പാറയിലെ ഗവൺമെന്റ് നഴ്‌സിങ് കോളേജ് പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് കുടുംബം. ഇക്കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു ഉറപ്പുനൽകിയിരുന്നതാണെന്നും അമ്മുവിന്റെ അച്ഛൻ സജീവ് പറഞ്ഞു.

പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയ നടപടിയിൽ തൃപ്തരല്ലെന്നും അമ്മുവിന്റെ മരണത്തിന് പ്രിൻസിപ്പലും ഉത്തരവാദിയാണെന്നും സജീവ് പറഞ്ഞു.

സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസി (സിപാസ്)നു കീഴിലുള്ള ചുട്ടിപ്പാറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ്ങിലെ അവസാനവർഷ വിദ്യാർഥിനിയായിരുന്നു അമ്മു. മന്ത്രിയടക്കം ഇടപെട്ടിട്ടും പ്രിൻസിപ്പലിനെയും കോളേജിലെ ആരോപണവിധേയരായ അധ്യാപകരെയും സംരക്ഷിക്കുന്നത് സിപാസിലെ ചില ഉന്നത ഉദ്യോഗസ്ഥരാണെന്നും അപകടം നടന്നതിനുശേഷം അമ്മുവിനെ തിരുവനന്തപുരത്തേക്കു കൊണ്ടുവരുമ്പോൾ ആംബുലൻസിൽ അനുഗമിച്ച നഴ്‌സിങ് കോളേജ് അധികൃതർ യാതൊരുവിധ പരിചരണവും നൽകിയില്ലെന്നും സജീവ് ആരോപിച്ചു. മരണത്തിന്റെ ഉത്തരവാദികൾക്കെതിരേ നടപടിയുണ്ടായില്ലെങ്കിൽ സിപാസ് കേന്ദ്ര ഓഫീസിനു മുന്നിൽ നിരാഹാരസമരം നടത്തുമെന്നുകാണിച്ച് ഡയറക്ടർക്കു കത്തയച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ പേരിനു നടപടിയുണ്ടായിരിക്കുന്നതെന്ന് കരുതുന്നു. പ്രിൻസിപ്പലിനെതിരേയടക്കം കൂടുതൽ നടപടിയാവശ്യപ്പെട്ട് വരുംദിവസങ്ങളിൽ മന്ത്രിമാരെയടക്കം കാണുമെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കുമെന്നും സജീവ് പറഞ്ഞു.

സൈക്യാട്രി വിഭാഗം അധ്യാപകനെതിരേ പരാതി

:ചുട്ടിപ്പാറ നഴ്‌സിങ് കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകനെതിരേ അമ്മുവിന്റെ അച്ഛൻ സജീവ് പത്തനംതിട്ട ഡിവൈ.എസ്.പി.ക്കു പരാതി നൽകി. ലോഗ് ബുക്ക് കാണാതായെന്നുപറഞ്ഞ് ഈ അധ്യാപകനും നേരത്തേ അറസ്റ്റിലായ വിദ്യാർഥിനികളും ചേർന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി.

നവംബർ 15-ന് കൗൺസലിങ്ങെന്നപേരിൽ സൈക്യാട്രി അധ്യാപകന്റെ മുറിയിൽ മൂന്നു മണിക്കൂറോളം അമ്മുവിനെ ഒരുവശത്തും മറ്റ് മൂന്ന് വിദ്യാർഥിനികളെ മറുവശത്തും നിർത്തി വിചാരണ നടത്തിയെന്നും ഇതിനുശേഷമാണ് അമ്മുവിനെ മരിച്ചനിലയിൽ കണ്ടതെന്നും സജീവ് പറഞ്ഞു. ഈ അധ്യാപകനെ കേസിൽ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്നാണ്‌ ആവശ്യം.

Content Highlights: Nursing student ammu sajeev death last letter to teacher found parents