ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി, യുവാവ് നേരത്തെ വിവാഹിതൻ; യുവതിയെ കൊന്ന് പുഴയിൽ തള്ളി,'മുതലകൾ തിന്നോളും'

ഭോപ്പാൽ: മധ്യപ്രദേശിലെ ഭിന്ദിൽ ലിവിങ് പങ്കാളിയെ കൊന്ന് പുഴയിലെറിഞ്ഞു. സ്നേഹലത എന്ന നഴ്സിങ് ഓഫീസറെയാണ് പങ്കാളിയായ സത്യപ്രകാശ് ജാതവ് കൊലപ്പെടുത്തിയത്. തെളിവ് നശിപ്പിക്കാനായി മൃതദേഹം അഞ്ച് നദികൾ സംഗമിക്കുന്നയിടത്തേക്ക് എറിയുകയും, പിന്നാലെ ഒന്നുമറിയാത്ത ഭാവത്തിൽ യുവതിയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകുകയുമായിരുന്നു.
ബിഹാറിലെ നളന്ദ സ്വദേശിനിയായ സ്നേഹലത പഠനത്തിനായാണ് മധ്യപ്രദേശിലെ ഭിന്ദിൽ എത്തുന്നത്. സ്വകാര്യ കോളേജിൽ പഠിക്കുമ്പോൾ അവിടെ ജോലി ചെയ്തിരുന്ന സത്യപ്രകാശുമായി പ്രണയത്തിലായി. സത്യപ്രകാശ് നേരത്തെ വിവാഹിതനായിരുന്നെങ്കിലും ആദ്യഭാര്യയിൽ കുട്ടികളുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ഇരുവരും ഒന്നിച്ച് കഴിയാൻ തുടങ്ങി.
പത്ത് മാസം മുൻപ് സ്നേഹലത ഒരു ആൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ, കുഞ്ഞ് ജനിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. തന്നെ ഭാര്യയായി പരസ്യമായി അംഗീകരിക്കണമെന്ന് സ്നേഹലത ആവശ്യപ്പെട്ടതോടെ സത്യപ്രകാശ് അവളെ ഇല്ലാതാക്കാനുള്ള ആസൂത്രണം ആരംഭിച്ചു.
ഷോപ്പിങ്ങിനെന്ന വ്യാജേന കൊലപാതകത്തിലേക്ക്
തർക്കങ്ങൾക്കൊടുവിൽ സ്നേഹലതയെ സമാധാനിപ്പിക്കാനെന്നോണമാണ് സത്യപ്രകാശ് കാൺപൂർ യാത്രയും ഷോപ്പിങ്ങും വാഗ്ദാനം ചെയ്തത്. പോകുന്ന വിവരം സ്നേഹലത സഹപ്രവർത്തകയായ സുഹൃത്തിനെ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു.
ഭിന്ദിൽ നിന്ന് 50 കിലോമീറ്ററോളം സഞ്ചരിച്ചശേഷം, വിജനമായ സ്ഥലത്തുവെച്ച് സത്യപ്രകാശ് സ്നേഹലതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലുള്ള പചനദ പാലത്തിന് മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു. അഞ്ച് നദികൾ സംഗമിക്കുന്ന ഈ ബിഹീർ മേഖലയിൽ മുതലകളും ചീങ്കണ്ണികളും യഥേഷ്ടം വിഹരിച്ചിരുന്നു. "മൃതദേഹം പുഴയിലേക്ക് എറിഞ്ഞാൽ മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല" എന്നായിരുന്നു പോലീസിനോട് ഇയാൾ വെളിപ്പെടുത്തിയത്.
പോസ്റ്ററുകൾ ഒട്ടിച്ച് 'നാടകം'; ഒടുവിൽ വലയിൽ
കൊലപാതകത്തിനുശേഷം ഒന്നുമറിയാത്തപോലെ സത്യപ്രകാശ് ഭിന്ദ് സിറ്റി കോട്വാളി പോലീസ് സ്റ്റേഷനിലെത്തി സ്നേഹലതയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകി. തെറ്റിദ്ധരിപ്പിക്കാനായി കാണാതായെന്ന വിവരവുമായി നഗരത്തിലുടനീളം പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തു. എന്നാൽ, ഒടുവിൽ ഫോൺ രേഖകളും സഹപ്രവർത്തകയുടെ മൊഴിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസിന് ഇയാളെ സംശയമായി. ചോദ്യം ചെയ്യലിൽ പതറിയ സത്യപ്രകാശ് ഒടുവിൽ ക്രൂരകൃത്യം തുറന്നുസമ്മതിക്കുകയായിരുന്നു.
മൃതദേഹം തിരഞ്ഞ് പോലീസും എൻഡിആർഎഫും
ആരോപണവിധേയനായ പ്രതിയെയും കൂട്ടി എൻ.ഡി.ആർ.എഫ്. ടീമും പോലീസും പചനദ പുഴയിൽ വിപുലമായ തിരച്ചിൽ നടത്തിവരികയാണ്. എന്നാൽ, ദിശമാറി ഒഴുകുന്ന അഞ്ച് നദികളുടെ സംഗമസ്ഥാനമായതിനാലും അപകടകാരികളായ മുതലകളുടെ സാന്നിധ്യമുള്ളതിനാലും മൃതദേഹം കണ്ടെത്തുക എന്നത് പോലീസിന് വൻ വെല്ലുവിളിയാണ്.
Content Highlights: Nursing officer Snehalatha was murdered by her live-in partner Satyaprakash alias Badshah., The accused lured her under the pretext of a shopping trip to Kanpur., After strangulating her, the body was thrown from Pachnada bridge into a river infested with crocodiles to destroy evidence., Police and NDRF are conducting search operations amidst challenges posed by the river currents and crocodiles.