ഉബർ ഓട്ടം വിളിച്ചു; ഡ്രൈവർ ചായ കുടിക്കാനിറങ്ങിയ തക്കം നോക്കി ഗുണ്ട കാറും കൊണ്ട് മുങ്ങി

#ന്യൂസ് ഡെസ്ക്
സുഹൈൽ കനി
സുഹൈൽ കനി

തിരുവനന്തപുരം: ഓട്ടം വിളിച്ച ഉബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപ്പെട്ടു. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. പുതുക്കുറിച്ചി സ്വദേശിയായ സുഹൈൽ കനി (32) ആണ് കാർ തട്ടിയെടുത്ത് രക്ഷപ്പെട്ടത്. ബുധനാഴ്ച വെളുപ്പിന് അഞ്ചുമണിയോടെയാണ് ഇയാൾ ഉബർ കാർ ബുക്ക് ചെയ്തത്. പെരുമാതുറ ജംഗ്ഷനിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ വരാനുണ്ടെന്ന് പറഞ്ഞ് കാത്തുനിൽക്കാൻ ആവശ്യപ്പെട്ടു. ഉബർ കാർ ഡ്രൈവർ തൊട്ടടുത്ത കടയിൽ ചായ കുടിക്കാൻ ഇറങ്ങിയ സമയം ഇയാൾ കാർ എടുത്ത് രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് കാർ ഡ്രൈവർ കഠിനംകുളം പോലീസിൽ വിവരമറിയിച്ചു. അന്വേഷണത്തിൽ വർക്കല ഭാഗത്തേക്കാണ് കാറുമായി രക്ഷപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നിരവധി കേസുകളിൽ പ്രതിയായ സുഹൈൽ കനി ഒരുതവണ കാപ്പ കേസിൽ നാടുകടത്തലിനും ഒരുതവണ ആറുമാസം ജയിൽ ശിക്ഷയും കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്.

ഇയാൾ ഇന്നലെ രാത്രി മൂന്നു പേരെ മർദ്ദിക്കുകയും ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിൽ പുതുക്കുറിച്ചി സ്വദേശിയായ ഷറഫുദ്ദീൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റു രണ്ടുപേർ സ്റ്റേഷൻ റൗഡികളാണ്.

ഈ വിവരമറിഞ്ഞ പോലീസ് പ്രതിയെ തിരഞ്ഞ് വരുന്നതിനിടെയാണ് വെളുപ്പിന് കാറുമായി കടന്നു കളഞ്ഞത്. തിരുവനന്തപുരം റൂറൽ പോലീസ് പ്രതിക്കായി വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്. കാർ ചെറിയതുറയിൽ നിന്നും പോലീസ് കണ്ടെത്തിയതായാണ് വിവരം. 

Content Highlights: Notorious offender Suhail Kani booked an Uber cab in Kadinamkulam, Thiruvananthapuram, and drove off with the vehicle when the driver stepped out for tea, shortly after assaulting three individuals with a blade.