ഒന്നരവര്‍ഷം തടവില്‍, കൊന്ന് പുഴയില്‍ തള്ളി; നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് കൊലക്കേസില്‍ വിചാരണ നവംബറില്‍

നിലമ്പൂര്‍: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ നിലമ്പൂരില്‍ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നവംബര്‍ ഒന്നിനു തുടങ്ങും. മഞ്ചേരി അഡീഷണല്‍ ജില്ലാകോടതി ഒന്നില്‍ ജഡ്ജ് എസ്. നസീറ മുമ്പാകെയാണ് കേസ് വിചാരണ തുടങ്ങുക.
ഇതിനു മുന്നോടിയായി അന്വേഷണോദ്യോഗസ്ഥരോടൊപ്പം മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ അഭിഭാഷകര്‍ ഷൈബിന്റെ മുക്കട്ടയിലെ വീട്ടില്‍ പരിശോധന നടത്തി. അന്വേഷണ ഉദ്യോഗസ്ഥരുടെയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെയും സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. അന്വേഷണോദ്യോഗസ്ഥന്‍ നിലമ്പൂര്‍ മുന്‍ ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണു, ഇപ്പോഴത്തെ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കൃഷ്ണന്‍ നമ്പൂതിരി, സി.ബി.ഐ. ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കൊപ്പമാണ് ഷൈബിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് മാരാരുടെ പ്രതിനിധി അഡ്വ. എം.ജെ. സന്തോഷും സംഘവും പരിശോധനയ്ക്കായി വീട്ടിലെത്തിയത്.
ഷൈബിന്‍ അഷ്റഫിനെതിരേ അബുദാബി ഇരട്ടക്കൊലപാതകത്തിലും അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സി.ബി.ഐ. സംഘം പ്രതിഭാഗം അഭിഭാഷകര്‍ക്കൊപ്പം തെളിവെടുപ്പില്‍ പങ്കെടുത്തത്.
2022 ഏപ്രില്‍ 23-ന് ഏതാനുംപേര്‍ തന്റെ വീട്ടില്‍ കയറി തന്നെ മര്‍ദിച്ചുവെന്ന ഷൈബിന്‍ അഷ്റഫിന്റെ പരാതിയാണ് ഷാബാ ഷെരീഫ് കൊലപാതകക്കേസിലേക്ക് എത്താനിടയാക്കിയത്.
ഇയാളെ അക്രമിച്ച കേസിലെ അഞ്ചുപ്രതികള്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്‍പില്‍ തീ കൊളുത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയും ഷാബാ ഷെരീഫ് കൊലപാതകമടക്കമുള്ള ഷൈബിന്റെ കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
2019 ഓഗസ്റ്റില്‍ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ ഒന്നരവര്‍ഷത്തോളം ഷൈബിന്റെ മുക്കട്ടയിലെ വീട്ടില്‍ തടവിലാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. കൊലപാതകവുമായി ബന്ധപ്പെട്ട് ചെറിയ തെളിവുകള്‍ ഷൈബിന്റെ വീട്ടില്‍നിന്ന് ലഭിച്ചിരുന്നു. എങ്കിലും മൃതദേഹം തള്ളിയതായി പ്രതികള്‍ മൊഴിനല്‍കിയ ചാലിയാര്‍ പുഴയില്‍ എടവണ്ണ സീതിഹാജി പാലത്തിനുസമീപം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല
Content Highlights: nilambur shaba shareef murder case trial will start on november