രണ്ടുകൈയിലും പ്ലാസ്റ്ററിട്ട് കുഞ്ഞ്, ക്രൂരപീഡനം; അമ്മ നൃത്തപരിപാടിക്ക് പോകുമ്പോൾ നോക്കാൻ ആരുമില്ല

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നരവയസ്സുകാരൻ മരിച്ചത് അമ്മയുടെയും രണ്ടാനച്ഛന്റെയും ക്രൂരപീഡനത്തിനൊടുവിലെന്ന് കണ്ടെത്തൽ. പനവൂരിൽ താമസിക്കുന്ന അഖിലയുടെ മകൻ അർഷിതിന്റെ മരണത്തിലാണ് പോലീസ് ഞെട്ടിക്കുന്ന ക്രൂരതകൾ കണ്ടെത്തിയത്. സംഭവത്തിൽ അഖില(21)യെയും ഇവരുടെ രണ്ടാംഭർത്താവായ അഷ്കറി(31)നെയും പോലീസ് അറസ്റ്റ്ചെയ്തു.
അഖിലയുടെയും ആദ്യഭർത്താവായ പരേതനായ അഖിലിന്റെയും മകനാണ് അർഷിത്. തൊണ്ടയിൽ ചോറ് കുടുങ്ങിയെന്ന് പറഞ്ഞതാണ് രണ്ടാനച്ഛനായ അഷ്കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും മുറിവുകളും നെഞ്ചിൽ ആഴത്തിലുള്ള ക്ഷതവുമുണ്ടായിരുന്നു. രണ്ട് കൈയിലും പ്ലാസ്റ്ററിട്ടനിലയിലായിരുന്നു കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിൽ ക്രൂരമർദനമേറ്റതാണെന്ന് മരണകാരണമെന്ന് കണ്ടെത്തി. തുടർന്നാണ് അമ്മയെയും രണ്ടാനച്ഛനെയും പോലീസ് അറസ്റ്റ്ചെയ്തത്.
രണ്ടുവർഷം മുൻപാണ് അഖിലയുടെ ആദ്യഭർത്താവായ അഖിൽ മരിച്ചത്. ഈ സമയത്ത് അഖില ഗർഭിണിയായിരുന്നു. മകൻ ആത്മഹത്യ ചെയ്തിട്ടുപോലും അഖില മകനെ കാണാൻ വന്നില്ലെന്നാണ് അഖിലിന്റെ വീട്ടുകാർ പറയുന്നത്. കുഞ്ഞുണ്ടായതിന് ശേഷം കുഞ്ഞിനെയും ഭർതൃവീട്ടുകാരെ കാണിച്ചില്ല.
കുഞ്ഞിനെ അമ്മയായ റീനയെ ഏൽപ്പിച്ചാണ് നർത്തകിയായ അഖില പരിപാടികൾക്ക് പോയിരുന്നത്. എന്നാൽ, സാമൂഹികാരോഗ്യ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരിയായ അമ്മയ്ക്ക് കുഞ്ഞിനെ പരിപാലിക്കാൻ കഴിയുമായിരുന്നില്ല. ഇതേച്ചൊല്ലി ഇവർക്കിടയിൽ വഴക്കും പതിവായിരുന്നു. ഇതോടെ അമ്മ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് ഇടപെട്ട് അഖിലയോട് കുഞ്ഞിനെ നോക്കാൻ ആവശ്യപ്പെട്ടു.
എന്നാൽ, അഖിലയും രണ്ടാംഭർത്താവായ അഷ്കറും ചേർന്ന് കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ. കുഞ്ഞിനെ പീഡിപ്പിക്കുന്നത് അറിഞ്ഞതോടെ അഖിലിന്റെ വീട്ടുകാർ പോലീസിനെ സമീപിച്ചിരുന്നു. തുടർന്ന് കുഞ്ഞിനെ വിട്ടുകൊടുക്കാൻ സമവായമുണ്ടാക്കി. വ്യാഴാഴ്ച കുഞ്ഞിനെ നൽകാമെന്നും അഖില സമ്മതിച്ചു. അകാലത്തിൽ പൊലിഞ്ഞ മകന്റെ കുഞ്ഞിനെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും അഖിലിന്റെ വീട്ടുകാർ നടത്തി. പക്ഷേ, ചിരിക്കുന്ന പൊന്നോമനയെ പ്രതീക്ഷിച്ചിരുന്ന അവർക്ക് മുന്നിലേക്കെത്തിയത് അർഷിതിന്റെ മരണവാർത്തയായിരുന്നു.
''അവളെ വിശ്വസിച്ചു, കുഞ്ഞിന്റെ നഖത്തിൽ മാത്രമേ മുറിവില്ലാത്തതുള്ളൂ...'
കുഞ്ഞിനെ തരാമെന്ന് അഖില സമ്മതിച്ചിരുന്നതായും അഖിലയെ വിശ്വസിച്ചാണ് ഇതുവരെ കഴിഞ്ഞിരുന്നതെന്നും പരേതനായ അഖിലിന്റെ മാതാവ് 'മാതൃഭൂമി ന്യൂസി'നോട് പറഞ്ഞു. ''കുഞ്ഞിനെ തരാമെന്ന് അവൾ പറഞ്ഞിരുന്നു. അവൾ നൃത്തപരിപാടിക്ക് പോകാറുണ്ട്. അവിടത്തെ ടീച്ചറുമായി ബന്ധപ്പെട്ടാണ് കുഞ്ഞിനെ ഞങ്ങൾക്ക് തരാമെന്ന് പറഞ്ഞത്. അതുവരെ അവളെ ശല്യപ്പെടുത്തിയിട്ടില്ല. അവളെ ശല്യപ്പെടുത്താൻ പോകരുതെന്ന് പോലീസ് പറഞ്ഞിരുന്നു. അതുകൊണ്ട് ഒന്നിനും പോയിട്ടില്ല. കുഞ്ഞിനെ കിട്ടുമെന്ന സന്തോഷത്തിലായിരുന്നു.
അവന്റെ ദേഹത്ത് മുറിപ്പാടും പൊള്ളലുമൊക്കെയുണ്ട്. വ്യാഴാഴ്ച കുഞ്ഞിനെ തരാമെന്നാണ് ഉറപ്പുനൽകിയത്. അപ്പോഴാണ് മരണപ്പെട്ടത്. പീഡനമൊന്നും അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ കൊണ്ടുവരാൻ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. കൈയിൽ പ്ലാസ്റ്ററിട്ടതൊന്നും അറിഞ്ഞിരുന്നില്ല. നമ്മൾ അറിയുന്നിടത്തൊന്നും അവൾ കുഞ്ഞിനെ കൊണ്ടുപോകില്ല. കുഞ്ഞിനെ അവൾ മാറ്റിക്കളയും.
അവൾ കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച് നൃത്തപരിപാടിക്ക് പോകും. മൂന്നും നാലും ദിവസം കഴിഞ്ഞാണ് വരാറുള്ളത്. അവളെ വിശ്വസിച്ചാണ് കഴിഞ്ഞത്. പാലുകുടിക്കേണ്ട പ്രായമല്ലേ, അതുകൊണ്ടാണ് ഒന്നും പറയാതിരുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ച് നൃത്തപരിപാടിക്ക് പോകുന്നതൊന്നും അറിഞ്ഞിരുന്നില്ല. ഇതിനിടെ രണ്ടാംഭർത്താവിനെ വിളിച്ചു. അയാൾ വിളിക്കുമ്പോൾ പലതും പറഞ്ഞ് ഒഴിവാകും. പിന്നെ ഒരു ബന്ധുവിനെ വിളിച്ചു. എത്രയുംപെട്ടെന്ന് സംസാരിച്ച് കുഞ്ഞിനെ തരാമെന്ന് അദ്ദേഹം പറഞ്ഞു.
മകൻ ആത്മഹത്യചെയ്തിട്ട് പോലും അവൾ വന്നില്ല. ജീവനുള്ളിടത്തോളം കാലം നീതി കിട്ടുന്നത് വരെ പോരാടും. കൈയിൽ പ്ലാസ്റ്ററിട്ട ചിത്രം ഫോണിലാണ് കണ്ടത്. കുഞ്ഞിന്റെ നഖത്തിൽ മാത്രമേ മുറിവില്ലാത്തത് ഉള്ളൂ'', അഖിലിന്റെ മാതാവ് പറഞ്ഞു.
''രണ്ടുമൂന്നുമാസമായി കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നു. അഭിഭാഷകനെയും കണ്ടിരുന്നു. തരാമെന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷത്തിലായിരുന്നു. കുഞ്ഞ് അവിടെ സുരക്ഷിതനാണെന്നാണ് കരുതിയത്. എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കിൽ ആ വഴിക്ക് പോകുമായിരുന്നു. ഇപ്പോഴാണ് എല്ലാമറിയുന്നത്. ഞാൻ കണ്ടിട്ടില്ല. ഞാൻ എറണാകുളത്ത് ജോലിചെയ്യുകയാണ്. അവനെ കാണാൻപോലും കഴിയുന്ന മാനസികാവസ്ഥയിൽ അല്ല'', പിതൃസഹോദരൻ വിതുമ്പി.
Content Highlights: 18-month-old Arshith died due to severe physical abuse by mother Akhila and stepfather Ashkar., Post-mortem report confirmed internal injuries, burns, and fractures on the toddler's body., The child was brought to the hospital with claims of choking, but medical evidence revealed ongoing torture., Family of the child's deceased father had been fighting for custody and were expecting to receive the child on Thursday., Police investigation led to the arrest of the mother and stepfather under charges of murder and child cruelty.