മൈസൂരുവിൽ ബലൂൺ വിറ്റു നടന്ന ഒമ്പതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; യുവാവിന് വധശിക്ഷ

കാർത്തിക്
കാർത്തിക്

മൈസൂരു: ദസറയ്ക്ക് ബലൂൺ വിൽപ്പനയ്ക്ക് കുടുംബത്തിനൊപ്പമെത്തിയ ഒൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിന് മൈസൂരു അതിവേഗകോടതി വധശിക്ഷ വിധിച്ചു. മൈസൂരു സിദ്ധലിംഗാപുര സ്വദേശി കാർത്തിക്കി(32)നെയാണ് കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ ദസറ കാലത്ത് 2025 ഒക്ടോബർ ഏഴിനാണ് സംഭവം. ബലൂണുകൾ വിറ്റതിനുശേഷം കുടുംബം രാത്രി ദസറ ഗ്രൗണ്ടിൽ ഉറങ്ങുകയായിരുന്നു. ഈ സമയം കുട്ടിയെ രാത്രി തട്ടിക്കൊണ്ടുപോയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

കുട്ടിയെ കാണാതായതിനെത്തുടർന്ന് കുടുംബം രാവിലെ തിരച്ചിൽനടത്തിയപ്പോൾ ഗ്രൗണ്ടിന്റെ ഒരുഭാഗത്ത് മൃതദേഹം കണ്ടെത്തി. കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതോടെയാണ് പീഡിപ്പിക്കപ്പെട്ടതായി മനസ്സിലായത്. തുടർന്ന് കുടുംബം നരസിംഹരാജ പോലീസിൽ പരാതിനൽകി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് 24 മണിക്കൂറിനകം പോലീസ് പ്രതിയെ പിടികൂടിയിരുന്നു.

തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് കാലിന് വെടിവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. ബസ് ക്ലീനറായിരുന്ന ഇയാൾ 2019-ൽ ഒരു പെൺകുട്ടിയെ ബലാത്സംഗംചെയ്ത് മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിലും കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു.

ആ കേസിൽ നാലുവർഷത്തെ തടവുശിക്ഷ ലഭിച്ചെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെത്തുടർന്ന് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും ഒൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

Content Highlights: Mysuru fast-track court sentenced 32-year-old Karthik to death., The crime occurred during the Dasara festival on October 7, 2025., The accused abducted, sexually assaulted, and murdered a 9-year-old girl., Police apprehended the accused within 24 hours using CCTV footage.