കൊലക്കേസില്‍ വിധി പറയാനിരിക്കെ പ്രതി മുങ്ങി; അമ്പലത്തില്‍ തേങ്ങയുടയ്ക്കാന്‍ പോയതാണെന്ന് അഭിഭാഷകന്‍

വഞ്ചിയൂര്‍ കോടതി (ഫയല്‍ ചിത്രം)| photo: mathrubhumi news
വഞ്ചിയൂര്‍ കോടതി (ഫയല്‍ ചിത്രം)| photo: mathrubhumi news

തിരുവനന്തപുരം:  കൊലക്കേസില്‍ കോടതി വിധി പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ പ്രതി മുങ്ങി. കൊലക്കേസ് പ്രതിയായ പോത്തന്‍കോട് കൊയ്ത്തൂര്‍കോണം മോഹനപുരം സ്വദേശി പൊമ്മു എന്ന ബൈജുവാണ് മുങ്ങിയത്. വിചാരണ പൂര്‍ത്തിയായ കേസില്‍ പ്രതി കുറ്റക്കാരനാണോ അല്ലയോ എന്നതടക്കമുളള കോടതി വിധി പറയാന്‍ ഇരിക്കെയാണ് പ്രതിയുടെ മുങ്ങല്‍. 

ബുധനാഴ്ച രാവിലെ വഞ്ചിയൂര്‍ കോടതിയില്‍ ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണു കേസ് പരിഗണിച്ചപ്പോള്‍ പ്രതി അമ്പലത്തില്‍ തേങ്ങ ഉടയ്ക്കാന്‍ പോയിരിക്കുകയാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വീണ്ടും രണ്ട് തവണ കോടതി കേസ് പരിഗണിച്ചപ്പോഴും പ്രതി കോടതിയില്‍ എത്തിയില്ല. മൂന്നാമതും കേസ് പരിഗണിച്ചപ്പോഴും ഇയാള്‍ എത്താതിരുന്നതോടെയാണ് മുങ്ങിയതാണെന്ന് വ്യക്തമായത്. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. 

കൊയ്ത്തൂര്‍കോണം സ്വദേശി ഇബ്രാഹിം(64)നെയാണ് പൊമ്മു എന്ന ബൈജു കൊലപ്പെടുത്തിയത്. 
2022 ജൂണ്‍ 17-നാണ് പ്രതി ഇബ്രാഹിമിനെ പ്രതി വെട്ടി പരിക്കേല്‍പ്പിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി കൊയ്ത്തൂര്‍ കോണത്ത് ഒരു കടയില്‍ സാധനം വാങ്ങാന്‍ എത്തിയതായിരുന്നു. കടയുടമയായ യുവതിയോട് സാധനം വാങ്ങിയതിന്റെ പണം നല്‍കാതെ തര്‍ക്കിച്ച് നിന്നു. ഇതിനിടെ സാധനം വാങ്ങാന്‍ എത്തിയ ഇബ്രാഹിം വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചത് പ്രതിയെ പ്രകോപിതനാക്കി. പ്രതി കൈയിലുണ്ടായിരുന്ന വെട്ടുകത്തി എടുത്ത് ഇബ്രാഹിമിനെ തലങ്ങും വിലങ്ങും വെട്ടി പരിക്കേല്‍പ്പിച്ചു. മെഡിക്കല്‍ കോളേജേ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇബ്രാഹിം ചികിത്സയിലിരിക്കെ അടുത്ത ദിവസം മരിച്ചു.  പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീനാണ് കേസില്‍ ഹാജരായത്.

Content Highlights: murder case accused went missing just before his court verdict