രക്തക്കറയില്ലാത്ത കത്തി, FIR-ൽ തിരിമറി; കൊലക്കേസിൽ 17 വർഷം ജയലിൽകഴിഞ്ഞ സഹോദരങ്ങളെ വിട്ടയച്ച് കോടതി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | PTI
പ്രതീകാത്മക ചിത്രം | PTI

ദാമോ (മധ്യപ്രദേശ്): കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് 17 വർഷത്തോളം ജയിലിൽ കഴിഞ്ഞ സഹോദരങ്ങളെ കുറ്റവിമുക്തരാക്കി മധ്യപ്രദേശ് ഹൈക്കോടതി. തുളസിറാം, ഹർപ്രസാദ് രാജ്പാൽ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ദാമോ ജില്ലയിലെ പ്യാരേലാൽ ഗദാരിയ എന്ന വ്യക്തി കൊല്ലപ്പെട്ട കേസിലായിരുന്നു ഇവർ ശിക്ഷിക്കപ്പെട്ടിരുന്നത്.

2012-ൽ സെഷൻസ് കോടതി ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നുവെങ്കിലും കേസ് അന്വേഷണത്തിലെയും പ്രോസിക്യൂഷൻ തെളിവുകളിലെയും വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വിവേക് അഗർവാൾ, ജസ്റ്റിസ് അവനീന്ദ്ര കുമാർ സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇവരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.

2009 ഓഗസ്റ്റ് 25-നാണ് പ്യാരേലാൽ ഗദാരിയ കുത്തേറ്റു കൊല്ലപ്പെട്ടത്. പോലീസിന്റെ അന്വേഷണ റിപ്പോർട്ടുകളിലെ വൈരുദ്ധ്യങ്ങൾ കേസിനെ തുടക്കം മുതൽതന്നെ ദുരൂഹമാക്കിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് പോലീസ് അവകാശപ്പെട്ട് പിടിച്ചെടുത്ത കത്തിയിൽ രക്തക്കറ കണ്ടെത്താൻ ഫോറൻസിക് പരിശോധനയിൽ സാധിച്ചില്ല.

പ്യാരേലാലിന്റെ മരണസമയത്തെക്കുറിച്ച് കുടുംബാംഗങ്ങൾ നൽകിയ മൊഴികളിലും പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. പ്യാരേലാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരിച്ചുവെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയപ്പോൾ, അദ്ദേഹത്തിന് ആശുപത്രിയിൽ എത്തുന്നതുവരെ ജീവനുണ്ടായിരുന്നു എന്നാണ് ഭാര്യ കോടതിയിൽ പറഞ്ഞത്.

എഫ്.ഐ.ആറിന്റെ ആധികാരികതയിലും കോടതി സംശയം പ്രകടിപ്പിച്ചു. പ്യാരേലാൽ സാധാരണയായി ഒപ്പിടുന്ന വ്യക്തിയായിരുന്നിട്ടും അദ്ദേഹം നൽകിയതെന്ന് പറയപ്പെടുന്ന എഫ്.ഐ.ആറിൽ വിരലടയാളം മാത്രമാണ് ഉണ്ടായിരുന്നത്. ഇത് മരണശേഷം പോലീസ് കൃത്രിമമായി നിർമിച്ചതാകാമെന്ന് കോടതി നിരീക്ഷിച്ചു.

കൂടാതെ, സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുന്നതിൽ 15 മുതൽ 30 ദിവസത്തെ കാലതാമസം വരുത്തിയതും ഇതിന് വിശദീകരണം നൽകാതിരുന്നതും പ്രോസിക്യൂഷന് തിരിച്ചടിയായി. പ്രോസിക്യൂഷന് പ്രതികൾക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പ്രതികൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയയ്ക്കുകയായിരുന്നു.

Content Highlights: Two brothers acquitted after serving 17 years in prison for a 2009 murder case., The 2012 life imprisonment sentence by the sessions court was overturned., The High Court cited serious lapses in police investigation and prosecution evidence., Justice Vivek Agarwal and Justice Avinindra Kumar Singh presided over the division bench.