അമ്മയെ കെട്ടിയിട്ട് കത്തിച്ചു കൊന്ന സംഭവം: മോസസ് ബിബിൻ വീട്ടിലെ സ്ഥിരം പ്രശ്‌നക്കാരൻ

വെള്ളറട: സ്വന്തം അമ്മയെ കെട്ടിയിട്ട് തീയിട്ട് കൊന്ന ആനപ്പാറ കാറ്റാടി എലിവാലൻകോണം സ്വദേശി മോസസ് ബിബിൻ വീട്ടിലെന്നും പ്രശ്നക്കാരനാണെന്ന് ബന്ധുക്കളും നാട്ടുകാരും. രണ്ടുവർഷം മുമ്പ് മരിച്ചുപോയ അച്ഛന്റെ കല്ലറ മദ്യലഹരിയിൽ ഇയാൾ തകർക്കാൻ ശ്രമിച്ചതിന് വീട്ടുകാർ പോലീസിൽ പരാതിയും നൽകിയിരുന്നു.
ഇടയ്‌ക്ക് പീഡനക്കേസിൽ ജയിൽവാസത്തിനുശേഷം കൊല്ലം പാരിപ്പള്ളിയിൽ ഇയാൾ ടാപ്പിങ് പണിക്ക് പോയി. കുറെ മാസങ്ങൾക്കുശേഷം അവിടെയും പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് പോലീസ് ഇയാളെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. വീടിന്റെ ജനാലകളും വാതിലുകളും ഫർണിച്ചറുമെല്ലാം ഇയാൾ പലപ്പോഴായി നശിപ്പിച്ചിരുന്നു.
ജനാലയിൽനിന്ന് പൊളിച്ചെടുത്ത കമ്പികൾ മുഴുവൻ ആക്രിക്കടയിൽ വിൽക്കും. വിറ്റുകിട്ടുന്ന തുകയ്ക്ക് ഇയാൾ മദ്യപിച്ചിരുന്നതായും പരിസരവാസികൾ പറയുന്നു. ഇടയ്ക്കിടെ അമ്മ നളിനിയെ ബിബിൻ മർദിക്കാറുണ്ടെന്നും നിലവിളികേട്ട് അവിടെ എത്തുന്നവരെ അയാൾ അസഭ്യം പറയാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
കൊലപാതകം ആസൂത്രിതം
കൊലപാതകം ആസൂത്രിതമായിട്ടാണ് നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. നിലത്ത് വിറകിനോടൊപ്പം അമ്മയെ കിടത്തി കെട്ടിയിട്ടാണ് തീയിട്ടത്. പുലർച്ചെ വീട്ടിൽനിന്ന് പുക ഉയരുന്നത് സമീപവാസിയുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും ഇടയ്ക്കിടെ അവിടെ അത്തരത്തിലുള്ള തീയിടൽ നടക്കുമെന്നതിനാൽ കൂടുതൽ കാര്യമാക്കിയില്ല. അമ്മയ്ക്കുള്ള ഭക്ഷണവുമായി എത്തിയ മറ്റൊരു മകൻ ജെയിൻ കാരണം തിരിക്കിയപ്പോൾ അമ്മ കഞ്ഞി വെച്ചപ്പോൾ തീപിടിച്ചെതെന്നാണ് ബിബിൻ പറഞ്ഞതെന്ന് സമീപവാസികൾ പറഞ്ഞു. വെള്ളറട സി.ഐ. ധനപാലന്റെ നേതൃത്വത്തിലുള്ള പോലീസെത്തി ബലപ്രയോഗത്തിലൂടെയാണ് ഇയാളെ പിടികൂടിയത്.
Content Highlights: mother tied up by son and burnt to death in Vellarada