കുട്ടിയെ പാലത്തില്‍നിന്ന് ചാലക്കുടിപ്പുഴയിലേക്ക് ഇട്ടെന്ന് മൊഴി; കാരണം ഇപ്പോഴും അവ്യക്തം

പ്രതീകാത്മക ചിത്രം | Canva
പ്രതീകാത്മക ചിത്രം | Canva

ചെങ്ങമനാട്: മൂന്നര വയസ്സുകാരിയെ ചാലക്കുടി പുഴയിലെറിഞ്ഞുകൊന്ന കേസില്‍ അമ്മയ്‌ക്കെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. തിങ്കളാഴ്ച രാത്രി മുതല്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന  യുവതിയെ ചൊവ്വാഴ്ച വിശദമായ ചോദ്യം ചെയ്യലിനുശേഷം ഉച്ചയ്ക്ക് രണ്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവാങ്കുളം സ്വദേശിനിയായ മൂന്നര വയസുകാരിയാണ് കൊല്ലപ്പെട്ടത് .

കൊലപാതകത്തില്‍ അമ്മ  കുറ്റം സമ്മതിച്ചെന്ന് ആലുവ റൂറല്‍ എസ്പി എം. ഹേമലത പറഞ്ഞു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. എന്നാല്‍, കൊലപാതക കാരണം വ്യക്തമായിട്ടില്ല. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ട്. അടുത്ത ബന്ധുക്കളെ ഉള്‍പ്പെടെ ചോദ്യംചെയ്യും. മാനസികപ്രശ്‌നങ്ങള്‍, ചികിത്സ, ഭര്‍തൃവീട്ടിലെ പീഡനങ്ങള്‍, വനിതാ സെല്ലില്‍ നല്‍കിയിട്ടുള്ള പരാതി തുടങ്ങിയവ സംബന്ധിച്ചെല്ലാം അന്വേഷിക്കും. കുട്ടിയുടെ അമ്മയെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്നും കൂടുതല്‍ സാക്ഷികളുടെ മൊഴികളും തെളിവുകളും ശേഖരിക്കുമെന്നും എസ്പി പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ മറ്റക്കുഴിയിലെ അങ്കണവാടിയില്‍നിന്ന്  കുട്ടിയുമായി അമ്മ സ്വന്തം വീടുള്ള കുറുമശ്ശേരിയിലേക്കാണ് പോന്നത്. ഇതിനിടെ കുട്ടിയെ ബസില്‍ വെച്ച് കാണാതായെന്നു പറഞ്ഞ അമ്മ പല പ്രാവശ്യം മൊഴി മാറ്റി പറഞ്ഞത് പോലീസിനെ കുഴക്കി. അമ്മ കുട്ടിയെ അപകടപ്പെടുത്തിയിരിക്കാമെന്ന് ഊഹിച്ച പോലീസ് പലയിടത്തും കുട്ടിയെ തിരഞ്ഞു. രാത്രി എട്ടുമണിയോടെ സ്റ്റേഷനിലെത്തിച്ച അമ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ മൂഴിക്കുളം പാലത്തില്‍നിന്ന് ചാലക്കുടിപ്പുഴയിലേക്ക് ഇട്ടുവെന്ന് അറിയിച്ചത്.

അമ്മ കുട്ടിയുമായി മൂഴിക്കുളം കവലയില്‍ ബസില്‍ നിന്നിറങ്ങുന്ന സിസി ടിവി ദൃശ്യം പുറത്തുവന്നതോടെ അമ്മയുടെ മൊഴി വിശ്വസനീയമായി തോന്നി. തുടര്‍ന്ന് ആലുവ ഡിവൈഎസ്പി ടി.ആര്‍. രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം, അഗ്‌നിരക്ഷാസേന, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാലക്കുടിപ്പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. രാത്രി 12.30-ഓടെ എത്തിയ സ്‌കൂബാ ടീം അംഗങ്ങളാണ് മൂന്നുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ പുഴയില്‍നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

Content Highlights: A mother is arrested for murder after throwing her 3-year-old daughter into a river