വിവാഹേതരബന്ധം എതിർത്തു; യുവാവിനെ അമ്മയും കാമുകനും കൂട്ടാളികളുംചേർന്ന് കൊലപ്പെടുത്തി; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരു: അമ്മയുടെ വിവാഹേതരബന്ധത്തെ എതിർത്തതിന് യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. ബെംഗളൂരുവിലെ ആർടി നഗറിലെ താമസക്കാരനായ വിജയ് നാരായൺ ആണ് കൊല്ലപ്പെട്ടത്. വിജയ്യുടെ അമ്മ മീനയും കാമുകൻ രാകേഷ് ജമുനിയും രാകേഷിന്റെ നാലു സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ മീന, രാകേഷ്, സച്ചിൻ, മനോജ്, തമ്മണ്ണ, ഏക്നാഥ് എന്നിവർ അറസ്റ്റിലായി.
ബ്യൂട്ടി പാർലറിൽ മാനേജരായി ജോലിചെയ്യുകയായിരുന്നു മീന. അതിനിടെ മഹാരാഷ്ട്ര സ്വദേശിയായ രാകേഷുമായി അടുപ്പത്തിലായി. മീനയുടെ ഡ്രൈവറായിരുന്നു ഇയാൾ. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ അതിനെ വിജയ് എതിർക്കുകയും അമ്മയോട് വഴക്കിടുകയും ചെയ്തു. ബന്ധം രഹസ്യമായി തുടർന്ന മീനയും രാകേഷും വിജയ്യിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ ബന്ധത്തിന് വിജയ് തടസ്സമാകുമെന്ന ചിന്തയിലായിരുന്നു കൊലപാതകം.
തുടർന്ന് കർണാടക രാജ്യോത്സവ ആഘോഷങ്ങൾ കാണാനെന്ന വ്യാജേന വിജയ്യിനെ ബെലഗാവിയിലേക്ക് വിളിച്ചുവരുത്തി. ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി കുടിക്കാൻ നൽകി. മയങ്ങിത്തുടങ്ങിയ വിജയ്യിനെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
നവംബർ ഒന്നാം തീയതി ദേശീയപാതയ്ക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വിജയ്യുടെ മൃതദേഹം കണ്ടെടുത്തത്. വിജയ്യുടെ മൊബൈൽ ഫോൺ കോൾ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് പോലീസ് എത്തിച്ചേർന്നത്.
Content Highlights: Vijay Narayan was murdered for opposing his mother Meena's illicit affair with Rakesh Jamuni., The crime was planned and executed in Belagavi by the mother, her lover, and four accomplices., The victim was lured under the guise of festival celebrations, drugged, and strangled to death., Police arrested six accused based on mobile call detail records.