അങ്കമാലിയിൽ എട്ടുകിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ; തൊഴിലാളികൾക്കിടയിൽ വില്പന ലക്ഷ്യം

#സ്വന്തം ലേഖിക
ജോയ്‌നല്‍ അബേദിന്‍, പിടികൂടിയ കഞ്ചാവ്
ജോയ്‌നല്‍ അബേദിന്‍, പിടികൂടിയ കഞ്ചാവ്

അങ്കമാലി: എട്ടുകിലോ കഞ്ചാവുമായി അങ്കമാലിയിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ജോയ്‌നൽ അബേദിനെ(31)യാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ഒഡിഷയിൽനിന്ന് കഞ്ചാവ് വാങ്ങി ബെംഗളൂരുവിലെത്തി. അവിടെനിന്ന് ടൂറിസ്റ്റ് ബസ്സിൽ കയറി അങ്കമാലിയിൽ ഇറങ്ങിയപ്പോഴാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു വിൽപ്പന.

240 കിലോഗ്രാം കഞ്ചാവാണ് റൂറൽ ജില്ലയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ പിടികൂടിയത്. ഇതിൽ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവും ഉൾപ്പെടും. 120 ഗ്രാം എം.ഡി.എം.എ., അരക്കിലോ ഹെറോയിൻ, 850 ഗ്രാം ഹാഷിഷ് ഓയിൽ, 26 ഗ്രാം ഓപ്പിയം, 51 ഗ്രാം കെറ്റാമിൻ, 5 കഞ്ചാവ് ചെടികൾ, മൂന്നൂറോളം കഞ്ചാവ് ബീഡികൾ എന്നിവയും തൂഫാന്റെ ഭാഗമായി പിടികൂടി.

810 കേസുകൾ രജിസ്റ്റർ ചെയ്തു. 921 പേരെ അറസ്റ്റ് ചെയ്തു. നിരോധിത പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് 445 കേസുകളിലായി 450 പേർ അറസ്റ്റിലായി. 770-ഓളം ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലാണ് റൂറൽ ജില്ലയിൽ ഓപ്പറേഷൻ തൂഫാൻ നടക്കുന്നത്.

Content Highlights: Joynal Abedin (31) from West Bengal arrested with 8kg of ganja in Angamaly., Ganja was procured from Odisha via Bengaluru and targeted at migrant workers.