സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്; കൂടുതൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

തിരുവനന്തപുരം: സഹപാഠികളായ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പരാതിക്കാരായ എല്ലാ വിദ്യാർത്ഥികളുടെയും മൊഴി രേഖപ്പെടുത്താനും കൂടുതൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യാനും തീരുമാനിച്ച് പോലീസ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയും പാലക്കാട് സ്വദേശിയുമായ പ്രതി ആബേലിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
സഹപാഠികളുടെ ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് ആബേലിനെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, തുടക്കത്തിൽ ഒന്നോ രണ്ടോ പേരുടെ പരാതിയിൽ മാത്രം കേസെടുത്ത പോലീസ്, പ്രതിയെ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ച് കൂടുതൽ എംബിബിഎസ് വിദ്യാർത്ഥികൾ ഇന്നലെ രാത്രി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുമുന്നിൽ തടിച്ചുകൂടി ശക്തമായ പ്രതിഷേധം നടത്തി. ഏകദേശം 13-ഓളം വിദ്യാർത്ഥിനികളുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്തിരിക്കുന്നത് എന്നും, അതിനാൽ ഓരോരുത്തരുടെയും പരാതിയിൽ പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം.
പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ വിദ്യാർത്ഥികൾ പോലീസിനോട് രൂക്ഷമായി പ്രതികരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ പരാതി നൽകാനായി സ്റ്റേഷനുള്ളിൽ കയറിയ വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പോലീസ് പകർത്തിയെന്നാരോപിച്ച് വിദ്യാർത്ഥികൾ വീണ്ടും അക്രമാസക്തരായി.
എന്നാൽ സ്റ്റേഷനിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയപ്പോൾ പരാതിക്കാരിയുടെ ദൃശ്യങ്ങൾ അറിയാതെ ഉൾപ്പെട്ടുപോയതാണെന്ന് പോലീസ് വിശദീകരിച്ചു. തുടർന്ന് വിദ്യാർത്ഥി പ്രതിനിധികളുടെയും പരാതിക്കാരിയുടെയും സാന്നിധ്യത്തിൽ പോലീസ് ഈ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതോടെയാണ് രംഗം ശാന്തമായത്.
വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായതോടെ പോലീസ് അനുനയ നീക്കത്തിലേക്ക് കടക്കുകയും എല്ലാവരുടെയും പരാതികൾ കേൾക്കാൻ തയ്യാറാവുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രണ്ട് എഫ്ഐആറുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ പരാതികൾ ഉണ്ടെങ്കിൽ അവയും സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ഇതോടെ, ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിച്ചു മടങ്ങിയത്. തങ്ങളുടെ സ്വകാര്യതയെയും ഭാവിയെയും ബാധിക്കുന്ന വിഷയമായതിനാലാണ് തങ്ങൾ ആശങ്കയിലായതെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. കേസിൽ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടാകാത്തപക്ഷം കൂടുതൽ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
Content Highlights: Police registered multiple FIRs following student protests against the accused. The accused, a third-year MBBS student, allegedly morphed photos of 13 classmates. Protests erupted over the initial release of the accused on station bail. Police have agreed to record statements from all affected students. Authorities deleted footage of complainants filmed inside the police station.