രണ്ട് വിവാഹങ്ങൾ, കാണാതായ വധു, ഒരേസമയം അന്വേഷിച്ചെത്തിയ ഭർത്താക്കന്മാർ; ഞെട്ടിക്കുന്ന വിവാഹ തട്ടിപ്പ്

ചെന്നൈ: അമ്മയ്ക്ക് സുഖമില്ല എന്നുപറഞ്ഞ് വീട്ടിലേക്ക് പോയ ഭാര്യ കാർത്തികയെ തിരഞ്ഞ് അവളുടെ വീട്ടിലെത്തിയതാണ് സിദ്ധാർത്ഥൻ. അപ്പോഴതാ, തന്റെ ഭാര്യ കാർത്തികയെ കാണാനില്ലാ എന്നുപറഞ്ഞ് വന്നിരിക്കുന്നു മറ്റൊരാൾ, അയാളുടെ പേര് രഞ്ജിത് കുമാർ. ഭാര്യ തന്റേതാണെന്ന് പറഞ്ഞ് രണ്ട് ഭർത്താക്കന്മാരും തമ്മിൽ പൊരിഞ്ഞ വഴക്ക്. ഇതിനിടെ, തന്നെ വീട്ടിൽ കയറി രണ്ടുപേർ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് കാർത്തികയുടെ മാതാവ് പോലീസിനെ വിളിച്ചു. പോലീസ് എത്തിയതോടെ ഓരോ ട്വിസ്റ്റുകളായി പുറത്തുവന്നുതുടങ്ങി... അത് കാർത്തികയുടെ വീടുമല്ല, അവിടെ ഉണ്ടായിരുന്നവർ കാർത്തികയുടെ മാതാപിതാക്കളുമല്ല, എല്ലാം എല്ലാവരേയും കബളിപ്പിക്കാനായി അവൾ ഒരുക്കിയ കള്ളത്തരങ്ങൾ. തമിഴ്നാട്ടിലെ തൂത്തുക്കുയിൽ നിന്നാണ് ഒരു യുവതിയുടെ നേതൃത്വത്തിൽ നടന്ന വിവാഹത്തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന കഥകൾ പുറത്തുവരുന്നത്.
കോവിൽപട്ടി സ്വദേശിയായ കാർത്തിക എന്ന സ്ത്രീ രണ്ടുമാസത്തിനുള്ളിൽ രണ്ടുപേരെ വിവാഹം കഴിച്ചതായാണ് വിവരം. കാർത്തികയുടെ വീട് എന്ന് പറഞ്ഞിരുന്ന സ്ഥലത്ത് ഭാര്യയെ അന്വേഷിച്ചെത്തിയ ഈ രണ്ടു ഭർത്താക്കന്മാർ അപ്രതീക്ഷിതമായി മുഖാമുഖം കണ്ടുമുട്ടിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. യുവാക്കളുടെ കുടുംബങ്ങളിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കൈക്കലാക്കി ശേഷം വിവാഹം കഴിഞ്ഞ് അധികം വൈകാതെ അപ്രത്യക്ഷയാവുകയായിരുന്നു കാർത്തികയുടെ രീതി എന്നാണ് പോലീസിന്റെ അന്വേഷണത്തിൽ നിന്ന് മനസിലാകുന്നത്.
പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം; സെപ്റ്റംബർ 13-നാണ് തഞ്ചാവൂർ ജില്ലയിലെ ഉപ്പുണ്ടാർപട്ടി സ്വദേശിയായ സിദ്ധാർത്ഥനുമായി കാർത്തികയുടെ വിവാഹം നടന്നത്. ഇടനിലക്കാർ വഴിയാണ് ഈ വിവാഹം ഉറപ്പിച്ചത്. ബ്രോക്കറേജ് ഇനത്തിൽ ഇവർക്ക് മൂന്നുലക്ഷം രൂപ നൽകിയതായി സിദ്ധാർത്ഥൻ പറയുന്നു. കൂടാതെ തന്റെ കുടുംബം വിവാഹസമ്മാനമായി കാർത്തികയ്ക്ക് മൂന്ന് പവൻ സ്വർണാഭരണങ്ങൾ നൽകുകയും വിവാഹത്തിനായി ഏകദേശം 15 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തതായി ഇയാൾ വെളിപ്പെടുത്തി.
എന്നാൽ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് കാർത്തിക സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇത് വിശ്വസിച്ച സിദ്ധാർത്ഥൻ ചികിത്സാ ആവശ്യങ്ങൾക്കായി പണവും നൽകിയാണ് ഭാര്യയെ യാത്രയാക്കിയത്. എന്നാൽ അതിനുശേഷം അവൾ തിരിച്ചുവന്നില്ല. ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴൊക്കെ, അമ്മ ആശുപത്രിയിലാണ്, ചികിത്സയിലാണ് എന്നൊക്കെയുള്ള ന്യായങ്ങളാണ് സിദ്ധാർത്ഥന് ലഭിച്ചത്. വിവാഹശേഷമുള്ള ആദ്യ ദീപാവലിക്ക് മുന്നോടിയായെങ്കിലും അവൾ തിരിച്ചുവരുമെന്ന് സിദ്ധാർത്ഥൻ കരുതി.
എന്നാൽ അവളെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഒടുവിൽ കാർത്തികയെ കാണാനായി സിദ്ധാർത്ഥൻ ബന്ധുക്കളോടൊപ്പം കോവിൽപട്ടിയിലെ അവളുടെ വീട്ടിലേക്ക് പോയത്. അവിടെവെച്ചാണ് കാർത്തികയുടെ മാതാപിതാക്കളാണെന്ന് സ്വയം പരിചയപ്പെടുത്തിയ മുനീശ്വരിയേയും മാരിയപ്പനേയും കണ്ടത്. എന്നാൽ വീണ്ടും നിരാശയായിരുന്നു ഫലം. ചികിത്സയിലുള്ള മുത്തശ്ശിയെ പരിചരിക്കാൻ കാർത്തിക മധുരയിലേക്ക് പോയിരിക്കുകയാണ് എന്നാണ് അവർ സിദ്ധാർത്ഥനോട് പറഞ്ഞത്.
എന്നാൽ, ഇതേസമയത്ത് കാർത്തികയെ അന്വേഷിച്ച് മറ്റൊരു വ്യക്തി കൂടി ആ വീട്ടിലെത്തിയതോടെയാണ് കാര്യങ്ങൾ അപ്രതീക്ഷിത ട്വിസ്റ്റിലേക്ക് നീങ്ങിയത്. നാമക്കൽ ജില്ലക്കാരനായ രഞ്ജിത് കുമാർ ആയിരുന്നു അത്. തന്റെ ഭാര്യയെ അന്വേഷിച്ചുവന്ന മറ്റൊരാളെ കണ്ട് സിദ്ധാർത്ഥൻ ഞെട്ടി. പിന്നാലെ അയാളുടെ കുടുംബം കാർത്തികയുമായുള്ള ബന്ധത്തെക്കുറിച്ച് രഞ്ജിത്തിനോട് ചോദിച്ചറിഞ്ഞു. ഇക്കഴിഞ്ഞ നവംബർ ഒന്നിന് താൻ വിവാഹം കഴിച്ച പെൺകുട്ടിയാണ് കാർത്തിക എന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.
ഒരു വിവാഹം, രണ്ടു വിവാഹം, മൂന്ന് വിവാഹം... ചുരുളഴിയുന്ന ട്വിസ്റ്റുകൾ
ഈ വെളിപ്പെടുത്തൽ രണ്ട് യുവാക്കളെയും ഒരുപോലെ ഞെട്ടിച്ചു. സെപ്റ്റംബറിലാണ് സിദ്ധാർത്ഥൻ കാർത്തികയെ വിവാഹം കഴിച്ചതെങ്കിൽ, നവംബറിലാണ് താൻ വിവാഹം കഴിച്ചതെന്ന് രഞ്ജിത് കുമാർ പറഞ്ഞു. ഇതോടെ തങ്ങൾ പറ്റിക്കപ്പെട്ടുവെന്ന് മനസിലാക്കിയ രണ്ടുകൂട്ടരും കാർത്തികയുടെ മാതാപിതാക്കൾ എന്ന് പറഞ്ഞവരോട് കാര്യങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് ചോദിച്ചു. കാര്യങ്ങൾ കൈവിട്ടുപോയി എന്ന് മനസിലാക്കിയതോടെ, മുനീശ്വരിയും മാരിയപ്പനും പുതിയ അടവ് പുറത്തെടുത്തു.
കാർത്തികയെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നും നിങ്ങൾ എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ പോലീസിനെ സമീപിക്കാനും പറഞ്ഞ് അവർ സിദ്ധാർത്ഥന്റെയും രഞ്ജിത്തിന്റെയും നേരെ തിരിഞ്ഞു. ഇതിനിടെ, മുനീശ്വരി ഫോണിൽ ഈ സംഭവത്തിന്റെ വീഡിയോ പകർത്തിത്തുടങ്ങുകയും തങ്ങളെ അടിക്കാൻ യുവാക്കളെ വെല്ലുവിളിക്കുകയും ചെയ്തതോടെ തർക്കം രൂക്ഷമായി. നാമക്കലിൽ നിന്നുള്ള ചിലർ തന്റെ വീട്ടിൽ അതിക്രമിച്ചുകയറുകയും, തന്നെ മർദിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് അവർ പോലീസിന്റെ എമർജൻസി നമ്പറായ 100-ലേക്ക് വിളിച്ചു.
വൈകാതെ പോലീസ് സ്ഥലത്തെത്തി, എല്ലാവരേയും ചോദ്യംചെയ്തു. കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് അടുത്ത ട്വിസ്റ്റ് പുറത്തുവന്നത്.. താൻ കാർത്തികയുടെ പിതാവല്ലെന്നും വിവാഹ ബ്രോക്കറാണെന്നും മാരിയപ്പൻ പ്രഖ്യാപിച്ചു. അവിടെയും തീർന്നില്ല, കാർത്തിക തന്റെ മകളല്ലെന്നും അനന്തരവളാണെന്നാണും മുനീശ്വരി സമ്മതിച്ചു. വിവാഹ തട്ടിപ്പ് സുഗമമാക്കുന്നതിന് വേണ്ടിയാണ് ഇരുവരും മാതാപിതാക്കളായി അഭിനയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
സിദ്ധാർത്ഥനും രഞ്ജിത് കുമാറും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ കാർത്തിക, മുനീശ്വരി, മാരിയപ്പൻ എന്നിവർക്കെതിരെ കേസെടുത്തിട്ടുള്ളതായി പോലീസ് അറിയിച്ചു. മുനീശ്വരിയേയും മാരിയപ്പനേയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ പുതിയൊരു ട്വിസ്റ്റ് കൂടി പുറത്തുചാടി, നിലവിൽ മധുര സ്വദേശിയായ മറ്റൊരു യുവാവുമായുള്ള കാർത്തികയുടെ വിവാഹാലോചന നടത്തിവരികയായിരുന്നു ഈ തട്ടിപ്പ് സംഘം. അതായത്, മറ്റൊരു യുവാവിനെ വിവാഹം കഴിച്ച് തട്ടിപ്പുനടത്താനുള്ള പദ്ധതിയിടുകയായിരുന്നു അവർ.
കോവിൽപട്ടിയിലെ ഒരു ക്ഷേത്രത്തിലേക്ക് വരന്മാരെ ക്ഷണിച്ചുവരുത്തി കാർത്തികയെ കാണിക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യ പടി. വധുവിന്റെ അമ്മയ്ക്ക് മാരകരോഗമാണെന്ന് വിശ്വസിപ്പിച്ച് വിവാഹം തിടുക്കത്തിൽ നടത്തിയെടുക്കുകയും, വിവാഹം കഴിഞ്ഞ് അധികം ദിവസം കഴിയുന്നതിന് മുമ്പ് തന്നെ അമ്മയുടെ രോഗകാരണം പറഞ്ഞ് വരന്റെ വീട്ടിൽനിന്ന് മുങ്ങുകയും ചെയ്യുന്നതായിരുന്നു ഇവരുടെ പ്രവർത്തനരീതിയെന്ന് പോലീസ് പറയുന്നു. ഈ ദിവസങ്ങൾക്കുള്ളിൽതന്നെ സ്വർണവും പണവും കൈക്കലാക്കാനും സംഘം ശ്രമിച്ചിരുന്നു.
മുനീശ്വരിയുടെയും മാരിയപ്പന്റെയും വെളിപ്പെടുത്തലുകൾ പോലീസിനെ പുതിയ സംശയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ഈ രണ്ടു യുവാക്കൾ മാത്രമാണോ കാർത്തികയുടെ ഇരകളായത് അതോ സമാനമായ രീതിയിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നതാണ് സംശയം. ഈ 'വരന്മാരുടെ' വീട്ടുകാരിൽ നിന്ന് കൈപ്പറ്റിയ സ്വർണാഭരണങ്ങളും പണവും കാർത്തികയും സംഘവും എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും, ഏതൊക്കെ തരത്തിലാണ് ചെലവഴിച്ചിരിക്കുന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
രണ്ട് പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം; കാർത്തിക ഒളിവിൽ തന്നെ
കേസിലെ പ്രതികളായ മാരിയപ്പനും മുനീശ്വരിക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ കാർത്തിക ഇപ്പോഴും ഒളിവിൽ തുടരുകയാണ്. അതേസമയം, കേസിൽ പോലീസ് നേരായ രീതിയിൽ ഇടപെടുന്നില്ല എന്ന് ആരോപിച്ച് സിദ്ധാർത്ഥനും രഞ്ജിത്തും രംഗത്തുവന്നിട്ടുണ്ട്. തങ്ങൾ നൽകിയ പരാതിയിലെ വിവരങ്ങൾ തിരുത്തി പ്രതികൾക്ക് അനുകൂലമായ രീതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും അതുകൊണ്ടാണ് അവർക്ക് ജാമ്യം ലഭിക്കാൻ ഇടയായതെന്നും യുവാക്കൾ ആരോപിക്കുന്നു.
പരാതിയിലെ നിർണായക വിവരങ്ങൾ പോലീസ് മാറ്റിയെഴുതിയതായും, സമാനമായ വിവാഹ തട്ടിപ്പിലൂടെ ഈ സംഘം മറ്റ് പലരെയും ചതിച്ചിട്ടുണ്ടെന്നും പരാതിക്കാരുടെ അഭിഭാഷകനായ ശരവണൻ മാധ്യമങ്ങളോട് സംസാരിക്കവേ അവകാശപ്പെട്ടു. കാർത്തികയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പോലീസ് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അഭിഭാഷകൻ ചോദ്യം ചെയ്തു. ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, കേസിനെ വളരെ ഗൗരവമായാണ് കാണുന്നതെന്നും കാർത്തികയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. കാർത്തിക ഇപ്പോഴും ഒളിവിൽ തുടരുന്നതിനാലും കൂടുതൽ ഇരകൾ ഉണ്ടെന്ന ആരോപണങ്ങൾ ഉയരുന്നതിനാലും, ഈ വിവാഹ തട്ടിപ്പിന്റെ യഥാർത്ഥ വ്യാപ്തിയെക്കുറിച്ചും അതിൽ ഉൾപ്പെട്ട ഇടനിലക്കാരുടെ പങ്കിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Content Highlights: A woman named Karthika from Tamil Nadu orchestrated a marriage scam, marrying multiple men within a short period, and disappearing with their money and gold. The scam was exposed when two of her husbands, Siddharthan and Ranjith Kumar, unexpectedly met while searching for her, leading to police involvement and the revelation of her fraudulent activities. Karthika remains at large, while her accomplices, posing as her parents, have been granted bail; police are intensifying efforts to locate her and investigate the extent of the scam.