കല കൊലക്കേസ്: ഒന്നാംപ്രതിക്കായി ഓപ്പണ്‍ വാറന്റ്; മാന്നാറിലും ഇരമത്തൂരിലും പോലീസിന്റെ വ്യാപക തിരച്ചിൽ

കലയുടെ ഭര്‍ത്താവ് അനില്‍കുമാര്‍, കൊല്ലപ്പെട്ട കല | Screengrab: Mathrubhumi News
കലയുടെ ഭര്‍ത്താവ് അനില്‍കുമാര്‍, കൊല്ലപ്പെട്ട കല | Screengrab: Mathrubhumi News

മാന്നാര്‍(ആലപ്പുഴ): ഇരമത്തൂരിലെ കല കൊല്ലപ്പെട്ട കേസില്‍ ഇസ്രയേലിലുള്ള ഒന്നാം പ്രതിയായ ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടിയുടെ ഭാഗമായി ചെങ്ങന്നൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഓപ്പണ്‍ വാറന്റ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖേന പോലീസ് സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി. ഇസ്രയേലില്‍ ജോലിനോക്കുന്ന അനിലിന്റെ പാസ്‌പോര്‍ട്ട് നമ്പരും വിലാസവും സ്‌പോണ്‍സറുടെയും കമ്പനിയുടെയും വിശദാംശങ്ങളുമുള്‍പ്പെട്ട വാറന്റ് അന്വേഷണ ഉദ്യോഗസ്ഥനായ മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കോടതി കൈമാറി.

അടുത്തഘട്ടമെന്നനിലയില്‍ ഓപ്പണ്‍ വാറന്റ് പോലീസ് ആസ്ഥാനം വഴി ക്രൈം ബ്രാഞ്ച് മുഖേന സി.ബി.ഐ.യ്ക്കു കൈമാറും.

തുടര്‍ന്ന്, സി.ബി.ഐ. ഡല്‍ഹി ഓഫീസിലെ ഇന്റര്‍പോള്‍ വിഭാഗം അനിലിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും. അതോടൊപ്പം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എമിഗ്രേഷന്‍ വിഭാഗം മുഖേന എംബസികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും കൈമാറും.

അനില്‍ ഇസ്രയേലില്‍നിന്ന് മറ്റെവിടേക്കെങ്കിലും കടക്കുന്നതു തടയാന്‍ ഇതുവഴി സാധിക്കും. വീട്ടുകാരെയും ബന്ധുക്കളെയും സമ്മര്‍ദത്തിലാക്കി ഏതെങ്കിലുംവിധത്തില്‍ അനിലിനെ സ്വമേധയാ നാട്ടിലേക്കു വരുത്താനുള്ള അവസരമുണ്ടാക്കാനും അന്വേഷണസംഘം പരിശ്രമിക്കുന്നുണ്ട്. ചൊവ്വാഴ്ച ഇരമത്തൂര്‍, മാന്നാര്‍ ഭാഗങ്ങളില്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തി.

Content Highlights: mannar kala murder case