കല കൊലക്കേസ്: മൃതദേഹം കുഴിച്ചിട്ടതില്‍ പല മൊഴികള്‍, അനിലിന്റെ വരവും കാത്ത് പോലീസ്

മാന്നാര്‍(ആലപ്പുഴ): പതിനഞ്ചുവര്‍ഷം മുന്‍പു കാണാതായ ചെന്നിത്തല ഇരമത്തൂര്‍ പായിക്കാട്ട് മീനത്തേതില്‍ കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നു തീരുന്നതിനാല്‍ അവരെ കോടതിയില്‍ ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ പ്രതികളെ റിമാന്‍ഡുചെയ്‌തേക്കും.
കേസില്‍ അറസ്റ്റിലായ ചെന്നിത്തല ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ ജിനു ഗോപി, കണ്ണമ്പള്ളില്‍ സോമരാജന്‍, കണ്ണമ്പള്ളില്‍ പ്രമോദ് എന്നിവരുടെ ആറുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി വീണ്ടും മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. മൂന്നു പ്രതികളെയും വ്യത്യസ്ത സ്ഥലങ്ങളിലായി മാറ്റിപ്പാര്‍പ്പിച്ചായിരുന്നു ചോദ്യംചെയ്യല്‍. പ്രമോദിനെ ചെങ്ങന്നൂര്‍ സ്റ്റേഷനിലും ജിനു ഗോപിയെ മാവേലിക്കര സ്റ്റേഷനിലും സോമരാജനെ മാന്നാര്‍ സ്റ്റേഷനിലുമായിരുന്നു പാര്‍പ്പിച്ചിരുന്നത്. എന്നാല്‍, കൂടുതല്‍ വിവരങ്ങളൊന്നും പോലീസിനു ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. പ്രതികളുമായി തെളിവെടുപ്പു നടത്താന്‍ ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ ഇനിയും കസ്റ്റഡിയില്‍ വാങ്ങുന്നതില്‍ അര്‍ഥമില്ലെന്നും ഒന്നാംപ്രതി ഇസ്രയേലിലുള്ള അനില്‍ നാട്ടിലെത്തിയതിനുശേഷം ഒരുമിച്ചു തെളിവെടുപ്പു നടത്തിയാല്‍ മതിയെന്നുമാണ് പോലീസ് കരുതുന്നത്.
മൃതദേഹം മറവുചെയ്തത് എവിടെയാണെന്നതിനു പ്രതികള്‍ വ്യക്തമായ ഉത്തരം നല്‍കാത്തത് അന്വേഷണത്തിന്റെ ഗതിയെ ബാധിക്കുന്നുണ്ട്. അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ടാങ്ക് തുറന്നുപരിശോധിച്ചത്. എന്നാല്‍, അവിടെനിന്നു ലഭിച്ച വസ്തുക്കള്‍ കലയുടേതാണെന്നതിനു വ്യക്തത വരുത്താനും കഴിഞ്ഞിട്ടില്ല. അവയുടെ ഫൊറന്‍സിക് പരിശോധനാഫലത്തിന് ഇനിയും കാത്തിരിക്കണം. അതിനിടെ കുട്ടമ്പേരൂര്‍ ആറിന്റെ സമീപം മുട്ടേല്‍ പാലത്തിനു താഴെ മൃതദേഹം കുഴിച്ചിട്ടെന്ന അനിലിന്റെ അയല്‍വാസി സോമന്റെ വെളിപ്പെടുത്തലും അനിലിന്റെ വീടിനോടു ചേര്‍ന്നുള്ള പറമ്പിലാണെന്ന മറ്റൊരാളുടെ മൊഴിയും പോലീസിനെ കുഴക്കുന്നുണ്ട്. കലയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍, കൊലപ്പെടുത്തിയ രീതി, അതിനുപയോഗിച്ച വാഹനം എന്നിവ കണ്ടെത്താനും അനിലിന്റെ സാന്നിധ്യം കൂടിയേതീരൂ. അനിലിനെ നാട്ടിലെത്തിച്ചെങ്കില്‍ മാത്രമേ സംഭവത്തിനു വ്യക്തത വരുത്താന്‍ കഴിയൂ. അതിനുള്ള നടപടികളാണ് പോലീസ് നടത്തുന്നത്.
Content Highlights: mannar kala murder case accused in custody