ബാധയൊഴിപ്പിക്കാനെന്ന വ്യാജേന വയോധികയെ പീഡിപ്പിച്ചു; പ്രതിയുടെ 10 വർഷത്തെ തടവുശിക്ഷ ശരിവെച്ച് കേരള ഹൈക്കോടതി

#ന്യൂസ് ഡെസ്ക്

കൊച്ചി: ദേഹത്ത് കയറിയ ദുർഭൂതങ്ങളെ ഒഴിപ്പിച്ചുതരാമെന്ന് വാഗ്ദാനം നൽകി 73-കാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 61-കാരനായ പ്രതിയുടെ 10 പത്തുവർഷത്തെ കഠിനതടവ് ശരിവെച്ച് ഹൈക്കോടതി. പ്രതിയുടെ ശിക്ഷ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീൽ തള്ളിക്കൊണ്ട് ജസ്റ്റിസ് എ. ബദറുദീൻ ആണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. സംഭവം നടന്ന തീയതിയിലെ വൈരുദ്ധ്യങ്ങൾ, പരാതി നൽകുന്നതിലുണ്ടായ 19 ദിവസത്തെ കാലതാമസം, ബാഹ്യമായ പരിക്കുകൾ ഇല്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി സംശയം പ്രകടിപ്പിച്ച പ്രതിയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷ ശരിവെച്ചത്.

'പ്രതി ചെയ്ത കുറ്റകൃത്യങ്ങളുടെ സ്വഭാവവും ഗൗരവവും കണക്കിലെടുക്കുമ്പോൾ, വിധിച്ച ശിക്ഷയിൽ ഇടപെടേണ്ട യാതൊരു ന്യായവുമില്ല. അതിനാൽ, ശിക്ഷാവിധി സ്ഥിരീകരിക്കേണ്ടതാണ്.' എന്നാണ് ഒക്ടോബർ 12-ന് പുറപ്പെടുവിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കിയിരിക്കുന്നത്. അതിജീവിതയുടെ മൊഴിയെയും അവർക്കൊപ്പം കുറ്റകൃത്യം നടന്ന ദിവസം നടത്തിയ ഫോൺ കോൾ രേഖകളെയും പ്രധാന തെളിവുകളായി കോടതി കണക്കിലെടുത്തു.

കുടുംബാംഗങ്ങളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളോ പ്രതിയുടെ വാദങ്ങളോ ഇരയുടെ മൊഴിയുടെ വിശ്വാസ്യത തകർക്കുന്നില്ലെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷ ഉറപ്പിച്ചത്. ബലാത്സംഗത്തിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, ലൈംഗിക അതിക്രമത്തിന് മൂന്ന് വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ച തൃശ്ശൂർ സ്പെഷ്യൽ കോടതിയുടെ വിധിക്കെതിരെ പ്രതി നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ. ബദറുദീൻ. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നാണ് ഉത്തരവ്.

ശരീരത്തിൽ ബാഹ്യമായ പരിക്കുകൾ ഇല്ലെന്നത് ഇരയുടെ മൊഴിയെ അവിശ്വസിക്കാൻ കാരണമല്ലെന്ന വാദം തള്ളിയ കോടതി, വൈദ്യപരിശോധനയ്ക്ക് മുമ്പ് പരിക്കുകൾ ഉണങ്ങിയിട്ടുണ്ടാകാമെന്ന ഡോക്ടറുടെ വിശദീകരണമാണ് കണക്കിലെടുത്തത്. കൂടാതെ, സംഭവം നടന്ന ദിവസമായി കോടതി അംഗീകരിച്ച 2022 ഒക്ടോബർ എട്ടിന് പ്രതിയും വയോധികയും തമ്മിൽ മൂന്ന് ഫോൺ കോളുകൾ നടന്നതായി വ്യക്തമാക്കുന്ന ഫോൺ രേഖകളും കോടതി പരിഗണിച്ചു.

ആത്മീയതയുടെ മറവിൽ ലൈംഗിക അതിക്രമം

ഇരയുടെ മൊഴി പ്രകാരം, മരുമകളോടും രണ്ട് പേരക്കുട്ടികളോടുമൊപ്പമാണ് അവർ താമസിച്ചിരുന്നത്. 2022 ഒക്ടോബർ ഏഴിന് മരുമകളും കുട്ടികളും മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് പോയി. വിദേശത്തായിരുന്ന മകൻ, ആത്മീയ ഉപദേഷ്ടാവ് എന്ന് അവകാശപ്പെട്ട ഒരാളെ ബന്ധപ്പെടാനും തന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കാനും വയോധികയോട് ആവശ്യപ്പെട്ടു. തുടർന്ന്, മകൻ നൽകിയ ഫോൺ നമ്പറിൽ വയോധിക പ്രതിയെ വിളിച്ചു. വീട്ടിലെത്താമെന്ന് ഇയാൾ സമ്മതിച്ചു.

വയോധികയുടെ ശരീരത്തിൽ ബിംബങ്ങളും ദുർഭൂതങ്ങളും ഉണ്ടെന്നും അവ ഒഴിവാക്കാമെന്നും പ്രതി അവകാശപ്പെട്ടതായി വയോധിക നൽകിയ മൊഴിയിൽ പറയുന്നു. തുടർന്ന്, ചികിത്സയുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് പ്രതി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് ഇര പറയുന്നു. വയോധികയുടെ മക്കൾ, പ്രതി ഇവരുടെ വീട്ടിലേക്ക് പോകുന്നത് കണ്ട ബന്ധു, വയോധികയെ പരിശോധിച്ച ഡോക്ടർ, അന്വേഷണ ഉദ്യോഗസ്ഥൻ എന്നിവരുൾപ്പെടെ നിരവധി സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്.

തീയതികളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള വാദം തള്ളി കോടതി

അപ്പീലിലെ പ്രധാന വാദങ്ങളിലൊന്ന്, സംഭവം നടന്നത് 2022 ഒക്ടോബർ ഏഴിനാണെന്ന് ഇര ആദ്യം പറയുകയും പിന്നീട് ഒക്ടോബർ എട്ടിനാണെന്ന് തിരുത്തുകയും ചെയ്തു എന്നതായിരുന്നു. ഈ മാറ്റം മൊഴിയിലെ നിർണായകമായ തിരുത്തലാണെന്നും പ്രോസിക്യൂഷൻ കേസിനെ ദുർബലപ്പെടുത്തുന്നുവെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, പിന്നീടുള്ള മൊഴിയിൽ തീയതി തിരുത്തിയിട്ടുണ്ടെന്നും ആദ്യത്തെ മൊഴിയിൽ തെറ്റായി സംഭവിച്ചതാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ആദ്യ വിസ്താരവേളയിൽ തന്നെ ഇര തിരുത്തിയ തീയതി വ്യക്തമാക്കണമായിരുന്നുവെന്ന് ജസ്റ്റിസ് ബദറുദ്ദീൻ ചൂണ്ടിക്കാണിച്ചു.

ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും വിധിയിൽ പരാമർശിച്ചു. എന്നാൽ, ഈ വീഴ്ചയുടെ പേരിൽ മാത്രം ഇരയുടെ മൊഴി പൂർണമായി തള്ളിക്കളയാൻ കഴിയില്ലെന്ന് കോടതി കണ്ടെത്തി. ഒക്ടോബർ എട്ടിന് പ്രതിയും ഇരയും തമ്മിൽ മൂന്ന് ഫോൺ കോളുകൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന കോൾ ഡീറ്റെയിൽ റെക്കോർഡുകളും (CDR) തുടർന്നുള്ള മൊഴികളും കോടതി ആധാരമാക്കി. ഈ വൈരുദ്ധ്യം പ്രോസിക്യൂഷൻ കേസ് അവിശ്വസിക്കാൻ തക്കവണ്ണം പ്രാധാന്യമുള്ള ഒന്നല്ലെന്നാണ് ജഡ്ജി നിഗമനത്തിലെത്തിയത്.

പരാതി നൽകുന്നതിലെ 19 ദിവസത്തെ കാലതാമസം

പോലീസിൽ പരാതി നൽകാൻ 19 ദിവസം വൈകിയതിനെയും പ്രതിഭാഗം ചോദ്യം ചെയ്തു. മകനുമായും മക്കളുമായും സംസാരിച്ച ശേഷമാണ് പോലീസിനെ സമീപിക്കാൻ തീരുമാനിച്ചതെന്ന് ഇര വിശദീകരിച്ചു. ഈ വിശദീകരണം തൃപ്തികരമാണെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലുണ്ടാകുന്ന കാലതാമസം, പ്രത്യേകിച്ച് ഒരു വയോധിക ഉൾപ്പെട്ട കേസിൽ, കൃത്യമായ വിശദീകരണവും തെളിവുകളും ഉള്ളപ്പോൾ കേസ് അവിശ്വസിക്കാനുള്ള കാരണമാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

സംഭവം നടന്ന് ഏകദേശം 20 ദിവസങ്ങൾക്ക് ശേഷമാണ് (2022 ഒക്ടോബർ 28) ഡോക്ടർ വയോധികയെ പരിശോധിച്ചത്. ബാഹ്യമായ പരിക്കുകളൊന്നും കണ്ടെത്തിയില്ല. 'സംഭവം നടന്ന് 20 ദിവസങ്ങൾക്ക് ശേഷമാണ് പരിശോധന നടന്നത് എന്നതിനാൽ, അതിക്രമം മൂലം എന്തെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടെങ്കിൽത്തന്നെ അത് പരിശോധനാ സമയത്തേക്ക് ഉണങ്ങിയിട്ടുണ്ടാകും.' എന്നാണ് സംഭവവും പരിശോധനയും തമ്മിലുള്ള ഇടവേളയെക്കുറിച്ച് ഡോക്ടർ വ്യക്തമാക്കിയത്.

അതിനാൽ, ബാഹ്യമായ പരിക്കുകൾ ഇല്ല എന്നത് അതിക്രമം നടന്നിട്ടില്ല എന്നതിന് തെളിവല്ലെന്ന് കോടതി വിധിച്ചു. സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കുടുംബവും പ്രതിയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു എന്ന വയോധികയുടെ മകന്റെ മൊഴിയും പ്രതിഭാഗം ഉന്നയിച്ചു. ഇത് വ്യാജമായി കേസിൽ കുടുക്കാൻ കാരണമായിട്ടുണ്ടാകാമെന്ന് പ്രതിഭാഗം വാദിച്ചു.

എന്നാൽ, മകന്റെ മൊഴി ലൈംഗിക അതിക്രമ ആരോപണം വ്യാജമാണെന്ന് തെളിയിക്കുന്നില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. മറ്റ് പ്രോസിക്യൂഷൻ സാക്ഷികളുടെ ക്രോസ് വിസ്താരത്തിലുണ്ടായ വൈരുദ്ധ്യങ്ങളും കോടതി പരിശോധിച്ചുവെങ്കിലും, അവയൊന്നും ഇരയുടെ മൊഴിയെ ദുർബലപ്പെടുത്താൻ തക്കവണ്ണം പ്രാധാന്യമുള്ളതല്ലെന്ന് നിഗമനത്തിലെത്തി. കൂടാതെ, എവിഡൻസ് ആക്ട് പ്രകാരമുള്ള ആവശ്യമായ സർട്ടിഫിക്കറ്റ് സഹിതമാണ് ഫോൺ രേഖകൾ ഹാജരാക്കിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗത്തിന്റെ ചോദ്യം ചെയ്യലും കോടതി തള്ളി.

Content Highlights: The Kerala High Court upheld a 10-year rigorous imprisonment sentence for a 61-year-old man convicted of sexually assaulting a 73-year-old woman under the guise of exorcism, dismissing the appeal against the conviction. The court relied on the victim's testimony and phone call records as key evidence, dismissing the defense's arguments about inconsistencies in dates, lack of external injuries, and the 19-day delay in filing the complaint. The court found the explanations for the delay in reporting and the absence of injuries satisfactory, and determined that the inconsistencies in testimonies did not undermine the victim's credibility.