ഇൻസ്റ്റഗ്രാം സൗഹൃദം, 13-കാരിയുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കി പണം ആവശ്യപ്പെട്ട് ഭീഷണി; 21-കാരൻ പിടിയിൽ

ബിവിൻ
ബിവിൻ

കുളത്തൂപ്പുഴ(കൊല്ലം): ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചു ശേഖരിച്ച പതിമ്മൂന്നുകാരിയുടെ നഗ്‌നദൃശ്യങ്ങള്‍ സാമൂഹികമാധ്യമം വഴി പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പോലീസ് പിടിയില്‍. ചെങ്ങന്നൂര്‍ വെണ്ണിക്കര കണുകുഴി നിഥിന്‍ ഭവനില്‍ നന്ദു(ബിവിന്‍-21)വാണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്.

ചെങ്ങന്നൂരില്‍ ചെരിപ്പുവ്യാപാരശാലയിലെ ജോലിക്കാരനായ ബിവിന്‍ സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് കുളത്തൂപ്പുഴ സ്വദേശിയായ കുട്ടിയെ പരിചയപ്പെടുന്നത്. വീഡിയോ കോളിലൂടെ സൗഹൃദം തുടര്‍ന്ന് ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തെറ്റിപ്പിരിഞ്ഞതോടെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി തുക ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി അധ്യാപികയോട് വിവരങ്ങള്‍ പങ്കുവെക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. 

പോക്‌സോ നിയമപ്രകാരം കേസെടുത്ത കുളത്തൂപ്പുഴ പോലീസ് ചെങ്ങന്നൂരില്‍നിന്നാണ് ബിവിനെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: man arrested for threatening girl after collecting her private photos via instagram