അടിയന്തരസദ്യക്ക് ബീഫ് വിളമ്പാത്തതിന്‌ വയോധികന്റെ പല്ല് അടിച്ചുതെറിപ്പിച്ചു; പ്രതി പിടിയിൽ

#ന്യൂസ് ഡെസ്ക്
ശ്യാം, പ്രതീകാത്മകചിത്രം
ശ്യാം, പ്രതീകാത്മകചിത്രം

ചേർത്തല (ആലപ്പുഴ): മരണാനന്തരച്ചടങ്ങിനോടനുബന്ധിച്ച്‌ അടിയന്തരസദ്യക്കു ബീഫ് വിളമ്പാത്തതിന് വയോധികന്റെ പല്ല് അടിച്ചുതെറിപ്പിച്ച്‌ കടന്നുകളഞ്ഞയാളെ ചേർത്തല പോലീസ് പിടികൂടി.

മോഷണക്കേസുകളിലടക്കം പ്രതിയായ പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിലെ വള്ളിക്കാട്ട് കോളനിയിൽ ശ്യാംകുമാർ (ചക്രൻ ശ്യാം-41) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ് 22-ന് പള്ളിപ്പുറം ചക്കനാട്ടു കോളനിയിൽ നടന്ന ചടങ്ങിലായിരുന്നു സംഭവം.

ഭക്ഷണം വിളമ്പുന്നതിനിടെ ചിക്കൻകറി നൽകിയതിൽ പ്രകോപിതനായ ഇയാൾ ബീഫ് വേണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയും തുടർന്ന് ഭക്ഷണം വിളമ്പുകയായിരുന്ന വയോധികന്റെ മുഖത്തടിക്കുകയുമായിരുന്നു.

ആക്രമണത്തിൽ വയോധികന്റെ പല്ലുകൾ ഇളകിത്തെറിച്ചു. ആക്രമണത്തിനുശേഷം നാടുവിട്ട പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

പ്രതി തൃശ്ശൂർ ജില്ലയിൽ ഒളിവിൽക്കഴിയുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തൃശ്ശൂരിലെത്തി പിടികൂടിയത്. ചേർത്തല ഡിവൈ.എസ്.പി. മഞ്ജുലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്.

ചേർത്തല സബ് ഇൻസ്‌പെക്ടർമാരായ ബജിത്ത്, സുനിൽകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, അരുൺകുമാർ, പ്രവീഷ്, മനു കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡുചെയ്തു.

Content Highlights: An elderly man was assaulted for not serving beef at a post-death ritual feast in Cherthala., The accused, identified as Shyamkumar (Chakran Shyam), fled the scene after the attack., Police tracked the accused to Thrissur and arrested him following a secret tip-off., The court has remanded the accused into judicial custody.