യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ; ആരോപണവുമായി കുടുംബം

#ന്യൂസ് ഡെസ്ക്
ജലീസ
ജലീസ

മലപ്പുറം: വേങ്ങര കണ്ണമംഗലം മിനി കാപ്പിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേരൂർ മിനികാപ്പ് സ്വദേശിയായ നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നമസ്കാരത്തിനായി കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിന്റെ പിൻവശത്തുള്ള ഷെഡിലെ കഴുക്കോലിൽ തൂങ്ങിയനിലയിൽ മൃതദേഹം കണ്ടെത്തിയത്.

മരണത്തിൽ സംശയം ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. യുവതിയുടെ ഭർത്താവ് നിസാർ വിദേശത്താണ്. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ ഭർതൃമാതാവുമായി വഴക്കുണ്ടായിരുന്നു. ഇതേത്തുടർന്ന് ജലീസ വലിയ വിഷമത്തിലായിരുന്നുവെന്നാണ് വിവരം. ഇതായിരിക്കാം ജലീസ ജീവനൊടുക്കാൻ കാരണമെന്നാണ് കുടുംബം സംശയിക്കുന്നത്. കാൽഭാഗം നിലത്ത് തട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നാണ് റിപ്പോർട്ട്.

അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ മൃതദേഹപരിശോധനയ്ക്ക് ശേഷം കാരാത്തോട് ജുമാമസ്ജിദ് കബർസ്ഥാനിൽ സംസ്കരിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുണ്ടാകുമ്പോള്‍ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. ദിശ ഹെല്‍പ്പ് ലൈന്‍: 1056, 0471-2552056)