കുഞ്ഞുമായി കൊല്‍ക്കത്തയിലെ കാമുകിയെ കാണാൻ പോയി; പിതാവ് പിടിയിലായത് 3.95 ലക്ഷത്തിന്റെ കള്ളനോട്ടുമായി

തിരൂരങ്ങാടി(മലപ്പുറം): പന്താരങ്ങാടി പതിനാറുങ്ങലിലെ വീട്ടില്‍നിന്ന് കാണാതായ ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ തിരൂരങ്ങാടി പോലീസ് കൊല്‍ക്കത്തയില്‍നിന്ന് പിതാവിനൊപ്പം കണ്ടെത്തി നാട്ടിലെത്തിച്ചു. 3.95 ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി പിടിയിലായ പിതാവ് മൂന്നിയൂര്‍ പടിക്കല്‍ എലിവളപ്പില്‍ സഫീറിനെ (40) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കാമുകി കൊല്‍ക്കത്ത സ്വദേശി സാന്‍ചിത്ര ചാറ്റര്‍ജിയെയും തിരൂരങ്ങാടിയിലെത്തിച്ചിട്ടുണ്ട്.
ഒരു മാസം മുന്‍പാണ് പന്താരങ്ങാടി പതിനാറുങ്ങലിലെ അമ്മയുടെ വീട്ടില്‍നിന്ന് കുഞ്ഞിനെയുംകൊണ്ട് സഫീര്‍ പോയത്. കുഞ്ഞിനെ കാണാതായെന്ന പരാതിയില്‍ കേസെടുത്ത തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ചെന്നൈയില്‍ കച്ചവടക്കാരനായിരുന്ന സഫീര്‍ കൊല്‍ക്കത്ത സ്വദേശിയായ കാമുകിക്കൊപ്പമാണ് കുഞ്ഞിനെയും കൊണ്ട് കടന്നുകളഞ്ഞതെന്ന് കണ്ടെത്തി.
സഫീറിന്റെ കള്ളനോട്ട് ബന്ധം മനസ്സിലാക്കിയ പോലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളില്‍നിന്ന് അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കിയ കുഞ്ഞിനെ അമ്മയ്ക്കൊപ്പം വിട്ടു. സഫീറിനൊപ്പം നാട്ടിലെത്തിച്ച കാമുകിയെ തവനൂര്‍ അഗതിമന്ദിരത്തിലേക്ക് മാറ്റി.
Content Highlights: malappuram tirurangadi man arrested with counterfeit currency