മലാപ്പറമ്പ് പെണ്‍വാണിഭക്കേസ്: പ്രതികളായ പോലീസുകാര്‍ക്ക് ജാമ്യംലഭിച്ചതിൽ ഒത്തുകളിയെന്ന് ആരോപണം

കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭക്കേസില്‍ പിടിയിലായ പോലീസുകാര്‍ക്ക് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതില്‍ പോലീസിനെതിരേ ആക്ഷേപം. ഇവര്‍ക്കെതിരേയെടുത്ത കേസില്‍ കൃത്യമായി വകുപ്പുകള്‍ ചേര്‍ക്കാത്തതിനാലാണ് എളുപ്പത്തില്‍ ജാമ്യം ലഭിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം.
സ്ത്രീകളെ ഇത്തരത്തില്‍ ദുരുദ്ദേശ്യപരമായി കടത്തികൊണ്ടുവന്ന് പലര്‍ക്കായി കാഴ്ചവെച്ച സംഭവങ്ങളിലെല്ലാം 'വിമണ്‍ ട്രാഫിക്കിങ്' പ്രകാരമുള്ള കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അങ്ങനെയാകുമ്പോള്‍ ജാമ്യമില്ലാ കുറ്റമെന്ന നിലയ്ക്ക് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്യും. ഇവിടെ 'ഇമ്മോറല്‍ ട്രാഫിക്കിങ് പ്രിവന്‍ഷന്‍ ആക്ട്' പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അതിനാലാണ് ഇത്തരത്തില്‍ എളുപ്പം ജാമ്യം അനുവദിച്ചതെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പോലീസുകാര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസുകാര്‍ തന്നെ പറയുന്നുണ്ട്. അറസ്റ്റിലായ അന്നുതന്നെ ജാമ്യം ലഭിക്കുന്ന കേസാണെങ്കില്‍ ഒരാഴ്ചയോളം പ്രതികള്‍ ഒളിവില്‍പോയത് എന്തിനെന്ന ചോദ്യത്തിനും ഉത്തരമില്ല.
അതേസമയം, ആരോപണങ്ങള്‍ സിറ്റി പോലീസ് പാടേ നിഷേധിച്ചു. ജാമ്യം തള്ളണമെന്നും പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരുന്നെന്ന് ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.കെ. അഷ്റഫ് പറഞ്ഞു. ജാമ്യം ലഭിച്ച പോലീസുകാരുടെ ജാമ്യം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഫോണ്‍ രേഖകളും ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ളവയും ഡിജിറ്റല്‍ രേഖകളായതിനാല്‍ ഒരു തരത്തിലും തെളിവ് നശിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് ഉന്നത പോലീസ് അധികൃതര്‍ വ്യക്തമാക്കുന്നത്.
മലാപ്പറമ്പില്‍ ഒരു അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രം ഈ മാസം ആറിനാണ് പോലീസ് റെയ്ഡ് ചെയ്തത്. റെയ്ഡില്‍ ഇടപാടുകാരടക്കം ഒമ്പതുപേര്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ പ്രതി ചേര്‍ത്ത സിറ്റി പോലീസിലെ രണ്ട് ഡ്രൈവര്‍മാരായ കെ. ഷൈജിത്ത്, കെ. സനിത് എന്നിവര്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം താമരശ്ശേരിയില്‍ വീടുവളഞ്ഞാണ് ഇവരെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രണ്ടുപേര്‍ക്കും ജെസിഎം നാല് ജാമ്യം അനുവദിക്കുകയായിരുന്നു.
Content Highlights: Police officers involved in a Malappuram sex trafficking case granted bail, sparking controversy.