സഞ്ജിത്ത് വധം: മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അധ്യാപകന്‍ ബാവ അറസ്റ്റില്‍

പിടിയിലായ ബാവ | Screengrab: മാതൃഭൂമി ന്യൂസ്‌
പിടിയിലായ ബാവ | Screengrab: മാതൃഭൂമി ന്യൂസ്‌

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന ബാവ അറസ്റ്റില്‍. ആലത്തൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ അധ്യാപകനാണ്. പോപ്പുലര്‍ ഫ്രണ്ട് ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡന്റാണ്. ഇയാളുടെ നേതൃത്വത്തിലാണ് സഞ്ജത്തിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടന്നതെന്നാണ് പോലീസ് പറയുന്നത്.

തൃശ്ശൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ നവംബര്‍ 15നാണ് സഞ്ജിത്ത് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ബാവ ഒളിവില്‍ കഴിയുകയായിരുന്നു. 

കൊലപാതകം ആസൂത്രണം ചെയ്തതും ഗൂഡാലോചന നടത്തിയതും ബാവയുടെ നേതൃത്വത്തിലാണെന്ന് പോലീസ് പറയുന്നു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിക്കായി അന്വേഷണവും തുടരുകയായിരുന്നു. ഇന്നലെയാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. 

സഞ്ജിത് വധത്തെ തുടര്‍ന്നുള്ള പ്രതികാരമാണ് വിഷു ദിനത്തില്‍ പാലക്കാട് നടന്ന സുബൈര്‍ കൊലപാതകം. സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികള്‍ കൂടി ഇനിയും പിടിയിലാകാനുണ്ട്.

Content Highlights: main accused of sanjith murder case arrested