വസ്ത്രം കത്തിച്ചത് കാലിമേയ്ക്കുന്നയാൾ കണ്ടു, കിലോക്കണക്കിന് സ്വർണം ഒളിപ്പിച്ചശേഷം നിഷാന്ത് മീനാക്ഷിയെ വിളിച്ചു; തൊപ്പി ചതിച്ചു

ചെന്നൈ: മധുരയിൽ പുതുതായി തുറന്ന 'തനിഷ്ക്' ജുവലറിയിലെ വൻ കവർച്ച തമിഴ്നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണത്തോടെ നടന്ന കവർച്ചയിൽ ആറ് കിലോയോളം സ്വർണം പോലീസ് കണ്ടെടുക്കുകയും, മുഖ്യപ്രതിയുടെ പിതാവും പ്രമുഖ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, കവർച്ചയുടെ സൂത്രധാരനായ 25-കാരനായ യൂട്യൂബർ നിഷാന്തിനായി അന്വേഷണം തുടരുകയാണ്.
അരുൾപെരും ജ്യോതി നഗറിൽ താമസിക്കുന്ന 25-കാരനായ നിഷാന്ത് ആണ് മുഖ്യപ്രതിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാൾ ഒരു യൂട്യൂബറും ബൈക്ക്-ടാക്സി ഡ്രൈവറുമാണ്. നിഷാന്തിന്റെ പിതാവ് സുരേഷ്, പെൺസുഹൃത്ത് മീനാക്ഷി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സൗന്ദര്യവർദ്ധക വസ്തുക്കൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഓൺലൈനിലൂടെ പ്രൊമോട്ട് ചെയ്യുന്ന ഇൻഫ്ലുവൻസർ ആണ് മീനാക്ഷി. മധുര സിറ്റി പോലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിയുന്ന നിഷാന്തിനെ പിടികൂടാനായാൽ മാത്രമേ ബാക്കിയുള്ള സ്വർണത്തെക്കുറിച്ചുള്ള വിവരങ്ങളും കൂടുതൽ പ്രതികളുണ്ടോ എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വ്യക്തതവരൂ എന്ന് പോലീസ് അറിയിച്ചു.
മൂന്ന് തവണത്തെ നിരീക്ഷണവും 'തൊപ്പി'യിലെ തുമ്പും
കവർച്ചയ്ക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഉപഭോക്താവെന്ന വ്യാജേന ഒരാൾ മൂന്ന് തവണ ഷോറൂമിൽ വന്നുപോയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ആദ്യ തുമ്പായത്. ഓരോ തവണയും വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ചെത്തിയ ഇയാൾ ഒരേ നിറത്തിലുള്ള തൊപ്പിയാണ് വെച്ചിരുന്നത്. കൂടാതെ ഒരു കൈയിൽ ബാൻഡേജും ചുറ്റിയിരുന്നു.
ആഭരണങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന രീതിയും ഷോറൂമിന്റെ ഉൾവശവും കൃത്യമായി പഠിക്കാനായിരുന്നു ഈ സന്ദർശനങ്ങൾ എന്നാണ് പോലീസ് കരുതുന്നത്. നവംബർ 5-ലെ സിസിടിവി ദൃശ്യങ്ങളിൽ മുഖംമൂടി ധരിച്ച ഒരാൾ കെട്ടിടത്തിന് പുറത്തുള്ള ഇരുമ്പ് തട്ടുകളിലൂടെ മുകളിലേക്ക് കയറുന്നതും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അകത്ത് കടക്കാനുള്ള ആദ്യ ശ്രമമായിരുന്നു ഇതെന്നാണ് നിഗമനം. എന്നാൽ ജീവനക്കാർ അന്ന് ഈ ദൃശ്യങ്ങൾ ശ്രദ്ധിച്ചിരുന്നില്ല.
'ഹൈടെക്' മോഷണം
നവംബർ 12-ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് കവർച്ച പുറത്തറിയുന്നത്. പുലർച്ചെ 3.34-ഓടെ ഷോറൂമിന് സമീപത്തെ റോഡിലൂടെ എത്തിയ മോഷ്ടാവ്, കെട്ടിടത്തിന് പുറത്തെ ഇരുമ്പ് തട്ടുകൾ വഴി മൂന്നാം നിലയിലെ ടെറസിലേക്ക് കയറി. പണി പൂർത്തിയാകാത്ത ലിഫ്റ്റ് ഷാഫ്റ്റിലൂടെ താഴേക്ക് ഇറങ്ങിയാണ് ഷോറൂമിനുള്ളിൽ കടന്നത്. ഏകദേശം ഒരു മണിക്കൂറോളം ഷോറൂമിനുള്ളിൽ ചെലവഴിച്ച മോഷ്ടാവ്, വിലപിടിപ്പുള്ള ആഭരണങ്ങൾ തിരഞ്ഞെടുത്ത് ബാഗുകളിലാക്കിയശേഷം സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. രാത്രി ഡ്യൂട്ടിയിൽ രണ്ട് സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നിട്ടും ഈ നീക്കം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
തെളിവ് നശിപ്പിക്കാൻ കൂട്ടിയിട്ട് തീയിട്ടു
കവർച്ചയ്ക്കുശേഷം തെളിവുകൾ നശിപ്പിക്കാനും നിഷാന്ത് കൃത്യമായ പദ്ധതി തയ്യാറാക്കിയിരുന്നു. രണ്ട് ബാഗുകളിലായി വസ്ത്രങ്ങൾ മധുരയുടെ പ്രാന്തപ്രദേശത്തുള്ള കുടുംബത്തിന്റെ കൃഷിയിടത്തിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോയി തീയിട്ട് നശിപ്പിച്ചതായി പോലീസ് സംശയിക്കുന്നു. വസ്ത്രങ്ങൾ കത്തിക്കുന്നത് താൻ കണ്ടതായി ഒരു കന്നുകാലി മേയ്പ്പുകാരൻ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, നിഷാന്ത് സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മാടക്കുളത്തിന് ചുറ്റുമുള്ള തുറസ്സായ സ്ഥലങ്ങളിലും പോലീസ് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
ഷോറൂമിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചകൾ
കോടികളുടെ കവർച്ചയ്ക്ക് വഴിയൊരുക്കിയത് ഷോറൂം നടത്തിപ്പുകാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ദീപാവലി വിൽപ്പന ലക്ഷ്യമിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഷോറൂം തുറന്നു പ്രവർത്തിക്കുകയായിരുന്നു. ലോക്കർ സൗകര്യത്തിന്റെ പണി പൂർത്തിയാകാത്തതിനാൽ രാത്രികാലങ്ങളിലും ആഭരണങ്ങൾ ഡിസ്പ്ലേ കെയ്സുകളിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്.
അലാറം ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് സിസ്റ്റം ലോഗുകൾ വ്യക്തമാക്കുന്നതായി പോലീസ് കമ്മീഷണർ എസ്. രാജേന്ദ്രൻ അറിയിച്ചു. തലേന്ന് രാത്രി കട പൂട്ടി പോകുന്നതിന് മുമ്പ് ജീവനക്കാർ അലാറം ഓൺ ചെയ്യാൻ മറന്നത് മോഷ്ടാവിന് കാര്യങ്ങൾ എളുപ്പമാക്കി. സ്കൂട്ടറിലെ രക്ഷപ്പെടലിൽ തുടങ്ങി ഓട്ടോറിക്ഷയിലൂടെ കൃഷിയിടത്തിലേക്ക് നീണ്ട അന്വേഷണത്തിന്റെ ചുരുളഴിയുമ്പോൾ, സോഷ്യൽ മീഡിയയിലെ പ്രശസ്തിയുടെ മറവിൽ നടന്ന വൻ കവർച്ചയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
Content Highlights: Nearly 6kg of gold recovered from the Madurai Tanishq jewellery heist., Mastermind YouTuber and bike-taxi driver Nishanth is still absconding with 9 special teams hunting him., Nishanth's father and Instagram influencer girlfriend Meenakshi have been arrested., Lapses in showroom security, including disabled alarms and uncompleted locker facilities, aided the high-tech heist.