11 ദിവസത്തിനിടെ എട്ട് കൊലപാതകങ്ങൾ; മധുരയിൽ അക്രമസംഭവങ്ങൾ വർധിക്കുന്നു, ക്രമസമാധാനനിലയിൽ ആശങ്ക

മധുര: തമിഴ്നാട്ടിലെ മധുരയിൽ അക്രമസംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ജൂലൈ 30-നും ഓഗസ്റ്റ് ഒൻപതിനും ഇടയിലുള്ള 11 ദിവസത്തിനുള്ളിൽ എട്ട് കൊലപാതകങ്ങളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ട എട്ടുപേരിൽ അഞ്ചുപേർ കുറ്റവാളികളുടെ പട്ടികയിൽ ഉള്ളവരാണ്. ഒരാൾ മയക്കുമരുന്ന് ഇടപാടുകാരനാണ്. രണ്ട് കൊലപാതകങ്ങൾ ഗുണ്ടാപ്പക കാരണമാണെന്നും പോലീസ് അറിയിച്ചു.
ജൂലൈ 30-ന് സഞ്ജയ് കുമാർ (23) എന്ന യുവാവ് ഷോലവന്താൻ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തൻ്റെ ജോലിസ്ഥലത്ത് വെച്ച് ഗുണ്ടാസംഘത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ചെല്ലദുരൈ എന്നയാളുടെ മരണത്തിന് പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. തൊട്ടടുത്ത ദിവസം ചിന്താമണി പോലീസ് സ്റ്റേഷൻ പരിധിയിൽ മുരുകൻ എന്ന കുപ്രസിദ്ധ കുറ്റവാളിയെ ഒരു സംഘം ആളുകൾ പൊതുമധ്യത്തിൽ പിന്തുടർന്ന് കൊലപ്പെടുത്തി. മുരുകൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്റലിജൻസ് വിഭാഗത്തിന് വീഴ്ച പറ്റിയതായി പോലീസ് ഉദ്യോഗസ്ഥർ സമ്മതിച്ചിട്ടുണ്ട്.
കൊലപാതകങ്ങൾ വർധിക്കുന്നത് പോലീസിൻ്റെ വീഴ്ചയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. മുൻപ് കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് ഔട്ട്പോസ്റ്റുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആ സംവിധാനം ഇല്ലാതായെന്നും നാട്ടുകാർ പറയുന്നു. ഇന്റലിജൻസ് സംവിധാനങ്ങളും പ്രിവന്റീവ് പോലീസിങ്ങും പുനഃപരിശോധിക്കണമെന്നും ഇത്തരം കൊലപാതകങ്ങൾ തടയാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നിയമവിദഗ്ധർ ആവശ്യപ്പെടുന്നു.
എന്നാൽ, പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മിക്ക കൊലപാതകങ്ങളും പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ ഫലമാണെന്നുമാണ് പോലീസിന്റെ ഔദ്യോഗിക വിശദീകരണം. കേസുകളിലെ പ്രതികളെ പിടികൂടാൻ സാധിച്ചുവെന്നും എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുരുകന്റെ കൊലപാതകത്തിന് ശേഷം കുറ്റവാളികളെ നിരീക്ഷിക്കുന്നുണ്ടെന്നും സേനയ്ക്ക് കർശന മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Content Highlights: Eight murders reported in Madurai within an 11-day span between July 30 and August 9., Five victims were history-sheeters and one was a drug peddler., Police claim most incidents stemmed from sudden provocation and gang rivalries, with all suspects arrested., Locals and legal experts demand stricter preventive policing and revival of police outposts.