ഗുജറാത്തില്‍ പശുവിനെ അറുത്ത കേസില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | ചിത്രം: അഖിൽ ഇ.എസ്.
പ്രതീകാത്മകചിത്രം | ചിത്രം: അഖിൽ ഇ.എസ്.

രാജ്‌കോട്ട്: ഗുജറാത്തിലെ അംറേലിയില്‍ പശുവിനെ അറുത്ത കേസില്‍ മൂന്നുപേരെ കുറ്റക്കാരായി കണ്ടെത്തി കോടതിവിധി. പ്രതികളായ മൂന്നുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.  പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് റിസ്വാന ബുഖാരി ചൊവ്വാഴ്ച പുറപ്പെടുവിച്ച വിധിയിലാണ് മൂന്ന് പേരെ കുറ്റക്കാരായി കണ്ടെത്തിയതും ശിക്ഷിച്ചതും. പ്രതികളായ കാസിം സോളങ്കി (20), സത്താര്‍ സോളങ്കി (52), അക്രം സോളങ്കി (30) എന്നിവര്‍ക്ക് 6.08 ലക്ഷം രൂപ പിഴയും കോടതി ചുമത്തി.

2017-ല്‍ അവസാനമായി ഭേദഗതി ചെയ്ത ഗുജറാത്ത് മൃഗസംരക്ഷണ നിയമപ്രകാരമാണ് കോടതി മൂവരെയും ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 429-ാം വകുപ്പ് (കന്നുകാലികളെ കൊല്ലുന്നതിലൂടെയുള്ള നാശനഷ്ടം), 295-ാം വകുപ്പ് (ആരാധനാലയത്തെ അശുദ്ധമാക്കല്‍) എന്നിവ പ്രകാരവും മൂവരെയും കുറ്റക്കാരായി കണ്ടെത്തി.

2023 നവംബറില്‍, മോട്ട ഖട്കിവാദ് ഏരിയയിലെ ബഹര്‍പരയില്‍ വെച്ച് മൂന്നുപേര്‍ ചേര്‍ന്ന് ഒരു പശുവിനെ അറുക്കുകയും അതിന്റെ അവശിഷ്ടങ്ങള്‍ മുനിസിപ്പല്‍ ഓടയില്‍ തള്ളി ഹിന്ദു സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് പോലീസ് കോണ്‍സ്റ്റബിള്‍ വന്‍രാജ് മന്‍സരിയ പരാതി നല്‍കിയിരുന്നു. റെയ്ഡിനിടെ 40 കിലോ ഗോമാംസം, മൃഗാവശിഷ്ടങ്ങള്‍, കത്തികള്‍, തൂക്കുന്നതിനുള്ള ത്രാസ്, ഒരു വാഹനം എന്നിവ പോലീസ് കണ്ടെടുത്തിരുന്നു.

വിചാരണയ്ക്കിടെ, പ്രോസിക്യൂഷന്‍ സാക്ഷിമൊഴികളും ഫോറന്‍സിക് റിപ്പോര്‍ട്ടും വെറ്ററിനറി ഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ടും ഹാജരാക്കി. കണ്ടെടുത്ത മാംസം ഗോമാംസമാണെന്ന് ഇവയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, റെയ്ഡ് നടന്നത് ജനവാസ കേന്ദ്രത്തിലുള്ള പ്രതികളുടെ വീട്ടിലായിരുന്നുവെന്നും, സ്വതന്ത്ര സാക്ഷികളെ എളുപ്പത്തില്‍ ലഭ്യമായിരുന്നിട്ടും പോലീസ് ഏകപക്ഷീയമായ അന്വേഷണം നടത്തുകയും അവരെ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്തുവെന്ന് പ്രതിഭാഗം വാദിച്ചു.

സ്വതന്ത്ര സാക്ഷികളുടെ പിന്തുണയില്ല എന്ന കാരണം കൊണ്ടുമാത്രം പോലീസ് നടപടിയെ അവിശ്വസനീയമെന്നോ പക്ഷപാതപരമെന്നോ കണക്കാക്കാനാവില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച മാംസം ഗോമാംസമാണെന്ന് പ്രോസിക്യൂഷന്‍ രേഖാമൂലം തെളിയിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

'ഈ നിയമം ഭേദഗതി ചെയ്ത ശേഷം ഗുജറാത്തില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന ആദ്യത്തെ കേസാണിത്.' എന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.ബി. മെഹ്ത പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

Content Highlights: Three men have been sentenced to life imprisonment and fined heavily for cow slaughter in Amreli, Gujarat, under the Animal Preservation Act. Read the full details.