ഓണ്‍ലൈനില്‍ ഓർഡർ ചെയ്തത് 22,000 രൂപയുടെ സാധനം, കിട്ടിയത് കാലിക്കവര്‍! പരാതിയുമായി കോഴിക്കോട് സ്വദേശി

കോഴിക്കോട്: ഓണ്‍ലൈനില്‍ 22,000 രൂപയ്ക്ക് സാധനം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് വെറും കാലിക്കവര്‍. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ റെനിക്കാണ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണില്‍നിന്ന് ഓര്‍ഡര്‍ചെയ്ത സാധനത്തിന് പകരം കാലിക്കവര്‍ കിട്ടിയത്.
നവംബര്‍ ഒന്നാംതീയതിയാണ് മെക്കാനിക്കല്‍ എന്‍ജിനീയറായ റെനി, ജോലി ആവശ്യത്തിനായി ആമസോണില്‍നിന്ന് കാറിന്റെ ഇ.സി.യു പ്രോഗ്രാമര്‍ വാങ്ങിയത്. വിലയായ 22,000 രൂപ മൊത്തമായി അടച്ചിരുന്നു. പത്താംതീയതി ബ്ലൂഡാര്‍ട്ട് എന്ന കൂറിയര്‍ ഏജന്‍സിയുടെ വിതരണക്കാരന്‍ സാധനവുമായി എത്തി. പക്ഷേ, കിട്ടിയത് കാലിക്കവര്‍.
സാധനം കൈപ്പറ്റിയപ്പോളെ അതിനുള്ളില്‍ ഒന്നും ഇല്ലെന്ന് മനസ്സിലായിരുന്നുവെന്നും എന്നാല്‍ ഈ കവര്‍ തിരിച്ചെടുക്കാന്‍ ഡെലിവറി ബോയ് തയ്യാറായില്ലെന്നുമാണ് റെനി പറയുന്നത്. കവറില്‍ സാധനം ഇല്ലാത്തതിനാല്‍ റിട്ടേണ്‍ ചെയ്യാനും സാധിച്ചില്ല. തുടര്‍ന്ന് റെനി കസബ പോലീസില്‍ പരാതി നല്‍കി. ആമസോണിന്റെ കസ്റ്റമര്‍കെയര്‍ വിഭാഗത്തിലും വിവരം അറിയിച്ചു. നവംബര്‍ 17-നകം പരാതിയില്‍ അന്വേഷണം നടത്തി വിവരം അറിയിക്കാമെന്നായിരുന്നു ആമസോണില്‍ നിന്ന് ലഭിച്ച മറുപടി. എന്നാല്‍, പിന്നീട് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും റെനി പറയുന്നു.
Content Highlights: kozhikode man placed order in amazon but he gets empty cover complaint filed