നാലുമാസം പ്രായമായ പെൺകുഞ്ഞിന്റെ മരണം; ശരീരത്തിൽ മുറിവുകൾ, അറിയില്ലെന്ന് അച്ഛനും അമ്മയും, കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും

കോഴിക്കോട്: കുറ്റിക്കാട്ടൂരിലെ വീട്ടിൽ കഴിഞ്ഞവർഷം നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായ അച്ഛൻ കുറ്റിക്കാട്ടൂർ വയലങ്കര വീട്ടിൽ ഷിഗിൻ (29), ഭാര്യ പി. അഞ്ജന എന്നിവരെ കസ്റ്റഡിയിലെടുക്കാൻ കോടതിയിൽ അപേക്ഷ നൽകും. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ശനിയാഴ്ച മെഡിക്കൽകോളേജ് പോലീസ് അപേക്ഷ നൽകുക.
കുഞ്ഞിന്റെ മരണകാരണവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യംചെയ്യൽ വേണ്ടതുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കുഞ്ഞിന് രണ്ടരമാസം പ്രായമുള്ളപ്പോൾ വലതുകാലിന്റെ തുടയെല്ല് പൊട്ടിപ്പോയിരുന്നു. ഇതു സംബന്ധിച്ച് രക്ഷിതാക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞത് വീണ് കാലു പൊട്ടിയെന്നാണ്. മെഡിക്കൽകോളേജ് ആശുപത്രിയിലും ഫറോക്ക് താലൂക്ക് ആശുപത്രിയിലും ഇതിനായി ചികിത്സ തേടിയിരുന്നു. കാലിൽ പ്ലാസ്റ്റർ ഇട്ടിരുന്നു. ഇതു സംബന്ധിച്ച ആശുപത്രി രേഖകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
അമ്മ അഞ്ജനയുടെ രഹസ്യമൊഴി വെള്ളിയാഴ്ച കോടതി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ 30-ന് ആണ് കുഞ്ഞ് മരിച്ചത്. രാത്രി എട്ടിന് വിളിച്ചപ്പോൾ കുട്ടി വിളി കേട്ടില്ലെന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി.
കുഞ്ഞിന്റെ മരണകാരണം അറിയണമെന്ന ആവശ്യവുമായി ഷിഗിന്റെ പിതാവ് ഒക്ടോബർ ഒന്നിന് രാത്രി 12.30-ന് കുറ്റിക്കാട്ടൂർ വയലങ്കര വീട്ടിൽ ഗിരീഷ്കുമാർ (51) നൽകിയ മൊഴിയിൽ അസ്വാഭാവികമരണത്തിന് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം തുടർന്നു. അതിനിടയിലാണ് കുഞ്ഞിന്റെ ശരീരത്തിൽ പല സമയങ്ങളിലായി മുറിവുണ്ടായെന്ന് വ്യക്തമായത്. പോലീസ് ആവർത്തിച്ച് ചോദ്യംചെയ്തിട്ടും മുറിവുകളെപ്പറ്റിയൊന്നും അറിയില്ലെന്നാണ് അച്ഛനും അമ്മയും മൊഴി കൊടുത്തത്. മെഡിക്കൽകോളേജ് ഇൻസ്പെക്ടർ ബൈജു.കെ. ജോസിനാണ് അന്വേഷണച്ചുമതല.
Content Highlights: Police filed an application for the custody of the deceased infant's parents, Shigin and Anjana., The 4-month-old baby had suffered a broken thigh bone at 2.5 months old., Medical records and hospital documents regarding the child's previous treatments have been collected., The grandfather initially reported the suspicious death, prompting a detailed police investigation.