ജിമ്മിലെ എംഡിഎംഎ-കഞ്ചാവ് വിൽപ്പന, ചെറുപാക്കറ്റുകളിലാക്കി വിദ്യാർഥികൾക്കടക്കം വിൽക്കും, അറസ്റ്റ്

കോഴിക്കോട്: പന്നിയങ്കരയിലെ ജിമ്മിൽ എംഡിഎംഎ, കഞ്ചാവ് വിൽപ്പന. പോലീസെത്തി വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. ജിംനേഷ്യം നടത്തിപ്പുകാരൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. ബേപ്പൂർ സ്വദേശികളായ മതിലകത്ത് മസ്‌കറ്റ് നിവാസിൽ എം.കെ. ലിജാസ് (36), മേലേതൊടി അധികാരി വീട്ടിൽ ഇ.വി. അർഷാദ് (32), സ്ഥാപനനടത്തിപ്പുകാരനായ പൂനാർവളപ്പ് കോഴിക്കോടൻ വീട്ടിൽ കെ.വി. ജംഷിദ് (40) എന്നിവരെയാണ് ഡാൻസാഫും പന്നിയങ്കര പോലീസും ചേർന്ന് പിടികൂടിയത്.
'ബാക്ക് ടു ഫിറ്റ് ജിം' പയ്യാനക്കൽ എന്ന സ്ഥാപനത്തിൽനിന്നാണ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തിയത്. 228.31 ഗ്രാം എംഡിഎംഎയും 37.320 ഗ്രാം കഞ്ചാവുമാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. ശനിയാഴ്ച രാവിലെ 6.45-നാണ് പോലീസെത്തിയത്.
ജിമ്മിൽ നടത്തിയ പരിശോധനയിൽനിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ട്യൂബ്, ടി മാതൃകയിലുളള ഗ്ലാസ് പൈപ്പ്, ഗ്യാസ് ലൈറ്റർ, പേപ്പർകുഴൽ, പ്ലാസ്റ്റിക് കുഴൽ എന്നിവയും മയക്കുമരുന്ന് തൂക്കുന്നതിനായി ഉപയോഗിക്കുന്ന മെഷീൻ എന്നിവയും കണ്ടെടുത്തു.
ഏറെക്കാലമായി പയ്യാനക്കലിൽ പ്രവർത്തിക്കുന്ന ജിംനേഷ്യത്തിൽ സ്ത്രീകളും യുവാക്കളും ഉൾപ്പെടെ ഇരുനൂറിലേറെപ്പേർ ഓരോ ദിവസവും അതിരാവിലെമുതൽ രാത്രിവരെ വ്യായാമം ചെയ്യാൻ എത്താറുണ്ടായിരുന്നു.
പോലീസിനെ കണ്ട് മൂവരും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ തടഞ്ഞുനിർത്തുകയായിരുന്നു. ഇവരിൽനിന്ന് 41,830 രൂപയും കണ്ടെടുത്തു.
ഇവരെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ഡാൻസാഫ് സംഘത്തിന് നേരത്തേ വിവരം ലഭിച്ചിരുന്നു.
ഇതിനെത്തുടർന്ന് ഈ ഭാഗത്ത് നീരീക്ഷണം തുടരുകയായിരുന്നു.
ഇതിനിടെ വിൽപ്പനയ്ക്കായുള്ള മയക്കുമരുന്ന് ജിമ്മിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്ന് എംഡിഎംഎയും ഒഡിഷയിൽനിന്ന് ഇടനിലക്കാർ മുഖേന എത്തിക്കുന്ന കഞ്ചാവും ജിം തുടങ്ങുന്നതിന് മുൻപ് ഇവർ ചെറുപാക്കറ്റുകളിലാക്കി ഇവിടെയെത്തുന്ന വിദ്യാർഥികൾക്കും യുവതീ-യുവാക്കൾക്കും നൽകാറുണ്ടെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിക്കുന്ന പണം മയക്കുമരുന്ന് ഉപയോഗത്തിനും ആർഭാടജീവിതത്തിനുമായാണ് ഉപയോഗിച്ചിരുന്നത്.
ഇവരുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരുകയാണെന്നും അന്വേഷണസംഘം അറിയിച്ചു.
ജംഷീദിന്റെയും അർഷാദിന്റെയുംപേരിൽ നേരത്തേയും മയക്കുമരുന്ന്, പണം തട്ടിയെടുക്കൽ കേസുകളുണ്ട്. സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ എം.എം. അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും പന്നിയങ്കര പോലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.
Content Highlights: Police raided 'Back to Fit Gym' in Payyanakkal, Kozhikode., Seized 228.31g of MDMA and 37.320g of Ganja., Three suspects arrested including the gym owner., Drugs were sourced from Bengaluru, Goa, and Odisha for distribution to students and youth., Suspects had prior criminal records involving drugs and extortion.