കോഴിക്കോട്ട് ബൈക്കിലെത്തിയവർ സ്‌കൂട്ടർ യാത്രക്കാരിയുടെ മാല പൊട്ടിച്ച് കടന്നു

#ന്യൂസ് ഡെസ്ക്
യുവതിയുടെ മാലകവർന്ന യുവാക്കൾ ബൈക്കിൽ പോകുന്ന സി.സി.ടി.വി. ദൃശ്യം
യുവതിയുടെ മാലകവർന്ന യുവാക്കൾ ബൈക്കിൽ പോകുന്ന സി.സി.ടി.വി. ദൃശ്യം

ചേളന്നൂർ(കോഴിക്കോട്): ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാക്കൾ സ്‌കൂട്ടറിൽപ്പോകുന്ന യുവതിയുടെ രണ്ടരപ്പവന്റെ താലിമാല പൊട്ടിച്ച് കടന്നുകളഞ്ഞു. പാലത്ത് കണിക്കോട്ടുമ്മൽ വിജേഷിന്റെ ഭാര്യ വിനീതയുടെ രണ്ടരപ്പവന്റെ താലിമാലയാണ് നഷ്ടമായത്.

കഴിഞ്ഞദിവസം രാത്രി 9.40-ന് പാലത്ത്-എരവന്നൂർ റോഡിൽ വടക്കേടത്ത് താഴത്ത് വെച്ചാണ് സംഭവം. പത്തുവയസ്സുള്ള മകളും സ്‌കൂട്ടറിൽ വിനീതയോടൊപ്പമുണ്ടായിരുന്നു. വടക്കേടത്ത് താഴത്ത് എത്തിയപ്പോൾ സ്‌കൂട്ടറിന് മുന്നിലൊരു ടൂറിസ്റ്റ് ബസ് കണ്ടപ്പോൾ വിനീത സ്‌കൂട്ടറിന്റെ വേഗം കുറച്ചു.

ഈ സമയത്ത് പിറകിൽനിന്ന് ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയവർ വിനീതയുടെ സ്‌കൂട്ടറിന് തൊട്ടടുത്തുകൂടിയെത്തി നിമിഷനേരംകൊണ്ട് മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. കറുപ്പുനിറമുള്ള പൾസർ ബൈക്കിലാണ് ഹെൽമെറ്റ് ധരിച്ച രണ്ട് യുവാക്കൾ ഇവരെ പിൻതുടർന്നെത്തിയത്. പിന്നിലിരുന്നയാൾ കറുത്തഷർട്ടാണ് ധരിച്ചിരുന്നത്. ഭർത്താവ് വിജേഷിന്റെ പേരെഴുതിയ ലോക്കറ്റോടുകൂടിയ മാലയാണ് നഷ്ടമായത്. കാക്കൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: Chain snatching incident reported in Chelannur, Kozhikode during 2026., Two helmet-wearing suspects on a black Pulsar motorcycle identified., Local police (Kakur) have officially registered a case and initiated a manhunt., Urgent safety reminder for commuters on the Palath-Eravannur road.