മുടിവെട്ടിനുപകരം ക്രോസ് മസാജിങ്, കാൻവാസ് ചെയ്യാൻ ഏജന്റുമാർ; സ്പായുടെ മറവിൽ ലഹരിയും അനാശ്യാസവും

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രതീകാത്മക ചിത്രം | Photo: Getty Images

തിരുവനന്തപുരം: കോവളത്തെ സ്പായിൽ അമ്മയുടെ സഹോദരിയുടെ കെണിയിൽപ്പെട്ട് പതിനാറുകാരി ഒരു വർഷത്തോളം പീഡനത്തിനിരയായതിന്റെ ഞെട്ടലിലാണ് നഗരം. ആയുർവേദത്തിന്റെ പേരിൽ നഗരത്തിൽ പൊട്ടിമുളയ്ക്കുന്ന സ്പാകളിൽ പരിശോധന നടത്താനോ സുരക്ഷിതത്വം ഉറപ്പാക്കാനോ ആരുമില്ല. ചുമതലപ്പെട്ട ഉദ്യോഗസ്ഥർതന്നെ ഒത്താശ ചെയ്തുകൊടുക്കുന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസിൽ അറസ്റ്റിലായ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപാണ് മുഖ്യസൂത്രധാരനെന്നാണ് പോലീസിനു ലഭിച്ച വിവരം.

പതിനാറുകാരി പീഡനത്തിരയായ ആയുർകേരള എന്ന സ്ഥാപനത്തിനെതിരേ വ്യാപക പരാതി നേരത്തേയുണ്ടായിരുന്നു. ആലപ്പുഴ സ്വദേശി സജിത്താണിത് നടത്തുന്നത്. നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഒക്ടോബർ എട്ടിന് നോട്ടീസ് നൽകി സ്ഥാപനം പൂട്ടി. കോവളം പോലീസിനും രേഖാമൂലം പരാതി നൽകിയിരുന്നുവെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.

മുടിവെട്ടിനുപകരം ക്രോസ് മസാജിങ്

ആഡംബര രീതിൽ മുടിവെട്ടുന്ന ആധുനിക സലൂണുകളുടെ മറവിലും സ്പാകൾ പ്രവർത്തിക്കുന്നു. സ്ഥാപനത്തിന്റെ ബോർഡിൽ ഹെയർ കട്ടിങ്, ഫേഷ്യൽ അടക്കമുള്ളവ ചെയ്യുമെന്ന ബോർഡും അതിനൊപ്പം വെൽനെസ് ക്ലിനിക്കും സ്പായും എന്നാണ് എഴുതുന്നത്. എന്നാൽ, നഗരത്തിലെ ഇത്തരമൊരു കേന്ദ്രത്തിലെത്തിയ യുവാവ് കണ്ടത് സംശയാസ്പദമായ രീതിയിൽ പെരുമാറുന്ന യുവതികളെയാണ്. മുടിവെട്ടാൻ ആളില്ലെന്നും സ്പായടക്കമുള്ള കാര്യങ്ങളാണ് നടത്തുന്നതെന്ന് റിസപ്ഷനിസ്റ്റായ യുവതി പറഞ്ഞു. തുടർന്ന് സ്പായടക്കമുള്ള മസാജിന്റെ നീണ്ട ലിസ്റ്റ് കൊടുത്തു. വലിയതുകയില്ലെന്നും ന്യായമായ ഫീസ് തന്നാൽ മതിയെന്നുമാണ് പറഞ്ഞത്. തനിക്ക് മുടിമാത്രം വെട്ടിയാൽമതിയെന്ന് പറഞ്ഞ് യുവാവ് ഇറങ്ങിപ്പോകുകയായിരുന്നു.

ഉയർന്ന വാടക നൽകി പ്രവർത്തനം

ഉയർന്ന വാടകയ്ക്കെടുക്കുന്ന കെട്ടിടങ്ങളിലാണ് സ്പാകൾ പ്രവർത്തിക്കുന്നത്. പ്രതിമാസം 30000 മുതൽ 50000 വരെയാണ് വാടക. മാസംതോറും അരലക്ഷം രൂപ വാടക നൽകണമെങ്കിൽ ഇത്തരം അനധികൃത സ്പാകൾക്ക് ലക്ഷങ്ങളുടെ വരുമാനമുണ്ടാകണമെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇത്തരം സ്ഥാപനങ്ങൾ പോലീസിന്റെ നിരീക്ഷണത്തിലുമാണ്. ബീച്ചിലെത്തുന്നവരെ കാൻവാസ് ചെയ്യാനായി സ്പാകൾ ഏജന്റുമാരെ നിയോഗിച്ചിട്ടുണ്ട്. ഇവരാണ് അനധികൃത സ്പാകളിലേക്ക് കസ്റ്റമേഴ്സിനെ കാൻവാസ് ചെയ്യുന്നത്. 1000 രൂപയാണ് ഇവർക്ക് പ്രതിദിനം ശമ്പളം.

കോർപ്പറേഷൻ പരിശോധനയ്ക്ക് 

കോർപ്പറേഷന്റെ വിഴിഞ്ഞം സോണൽ ഓഫീസിന്റെ പരിധിയിലെ അനധികൃത സ്പാകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് കടുത്ത നടപടിയുമായി കോർപ്പറേഷൻ. സ്പായുടെ മറവിൽ ദുരൂഹമായ പ്രവൃത്തികൾ നടക്കന്നുവെന്നറിയിച്ചിട്ടും നടപടിയെടുക്കാത്തതിൽ കോർപ്പറേഷനെതിരേ പരാതി ഉയർന്നിരുന്നു. അടുത്ത ദിവസങ്ങളിൽ കോവളത്തുൾപ്പെടെ പരിശോധന നടത്തും. വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്തും പരിശോധന നടത്തും.

വർക്കലയിൽ ഭൂരിഭാഗവും അനധികൃതം

ടൂറിസം മേഖലയിൽ കൂണുകൾപോലെയാണ് സ്പാകളും മസാജിങ് സെന്ററുകളും ഉയർന്നുവന്നത്. നൂറോളം സ്ഥാപനങ്ങൾ ഈ പ്രദേശത്തുണ്ട്. ഇതിൽ 90 ശതമാനവും അനധികൃതമായാണ് പ്രവർത്തിക്കുന്നത്. പത്തോളം സ്ഥാപനങ്ങൾക്കു മാത്രമാണ് നഗരസഭയുടെ ലൈസൻസുള്ളത്.

കഴിഞ്ഞദിവസം വർക്കലയിലെ സ്പാകളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവയിൽ 17 എണ്ണത്തിന്‌ രേഖകളില്ലെന്ന് കണ്ടെത്തി. ആവശ്യമായ അധികാരപത്രങ്ങളോ അനുമതിരേഖകളോ ഇല്ലാതെയാണ് ഇവ പ്രവർത്തിച്ചിരുന്നത്. അനധികൃത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകാൻ നഗരസഭയ്ക്ക് കഴിയില്ല. അതിനാൽ വ്യവസായവകുപ്പിന്റെ എം.എസ്.എം.ഇ. രജിസ്ട്രേഷൻ എടുത്താണ് മറ്റുള്ളവ പ്രവർത്തിക്കുന്നത്.

ചെറിയ കെട്ടിടങ്ങളിലും മുറികളിലുമായി ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതെ 30-ഓളം സ്പാകൾ വർക്കലയിലുണ്ട്. തെറാപ്പിസ്റ്റ് പോലുമില്ലാതെയാണ് പ്രവർത്തനം. ഇത്തരം കേന്ദ്രങ്ങളിൽ അനാശ്യാസ പ്രവർത്തനങ്ങളും ലഹരി ഇടപാടുകളും നടക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ് ഇവയുടെപ്രവർത്തനം. ക്രോസ് മസാജ് മുതലുള്ള ഓഫറുകളാണ് സ്പാകൾ നൽകുന്നത്.

നേപ്പാൾ, ബെംഗളൂരു, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള യുവതികൾ അടക്കം സ്പാകളിൽ ജീവനക്കാരായുണ്ട്. സ്പാകളിൽ യുവതികളെ എത്തിക്കുന്ന ഇടനിലക്കാരുമുണ്ട്. പാപനാശം ബീച്ചിലും ഹെലിപ്പാഡിലും എത്തുന്ന യുവാക്കളെ സമീപിച്ച് സ്പാകളിൽ എത്തിക്കുന്ന ഏജന്റുമാരുണ്ട്.

പൂവാർ ഭാഗത്തും അനധികൃത സ്പാകൾ

തീരദേശം കേന്ദ്രീകരിച്ച് അനധികൃത സ്പാകൾ പ്രവർത്തിക്കുന്നു. കോട്ടുകാൽ, പൂവാർ പഞ്ചായത്തുകളിലെ തീരദേശം കേന്ദ്രീകരിച്ചാണ് അനധികൃത സ്പാകൾ പ്രവർത്തിക്കുന്നത്. ലൈസൻസ് ഇല്ലാതെയാണ് ഇവ പ്രവർത്തിക്കുന്നത്. മാത്രവുമല്ല ഇവിടെ ജോലി ചെയ്യുന്നവർക്കും ലൈസൻസില്ല. പ്രാദേശിക ടൂറിസത്തിന്റെ പേരിലാണ് സ്പാകൾ പ്രവർത്തിക്കുന്നത്. തീരദേശത്തെ ഇടത്തരം ഹോട്ടലുകളിലും ഇത്തരത്തിലുള്ള സ്പാകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ആയുർവേദ കിഴിയിടൽ, ഉഴിച്ചിൽ എന്നിവ ചെയ്യുന്നവർക്കും ലൈസൻസോ ഫിസിയോതെറാപ്പി സർട്ടിഫിക്കറ്റോ ഇല്ല.