16കാരിയെ കോവളത്തെത്തിച്ചത് അനുരൂപിന്റെ ബംഗളൂരുവിലെ പെൺസുഹൃത്ത്; ചെന്നൈ മറീന ബീച്ച് റിസോർട്ടിലും തെളിവെടുപ്പ്

#ന്യൂസ് ഡെസ്ക്
അറസ്റ്റിലായ അനുരൂപ്
അറസ്റ്റിലായ അനുരൂപ്

കോവളം: ആന്ധ്രപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയെ സ്പാകളിലും റിസോർട്ടിലുമെത്തിച്ച് പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയെയും ഭർത്താവിനെയും തമിഴ്നാ‌ട് പോലീസ് കസ്റ്റഡിയിൽ വാങ്ങും. ചെന്നൈയിൽനിന്നെത്തിയ പോലീസ് സംഘം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ചെന്നൈ വണ്ടല്ലൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ഗൗതമിയുൾപ്പെട്ട നാലംഗസംഘമാണ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.

കോവളത്തെ സ്പാ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിൽനിന്നു വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കുട്ടിയെ പീഡിപ്പിച്ച ചെന്നൈ മറീന ബീച്ചിലെ റിസോർട്ടിലെത്തിച്ച് തെളിവെടുക്കും. പീഡിപ്പിച്ചവരുടെ വിശദാംശങ്ങളും ശേഖരിക്കും. അമ്മയുടെ സഹോദരിയും ഭർത്താവും ചേർന്ന് ഭീഷണിപ്പെടുത്തിയാണ് ചെന്നൈ മറീനാബീച്ചിലെ ഹോട്ടലിലും റിസോർട്ടിലുമെത്തിച്ചിരുന്നതെന്ന് കുട്ടി മൊഴി നൽകി.

16 അംഗ പ്രത്യേക അന്വേഷണസംഘത്തിലെ ഓരോ ടീം ബെംഗളൂരുവിലും ആന്ധ്രയിലും അന്വേഷണം നടത്തുന്നുണ്ട്. ബെംഗളൂരുവിലെ സ്‌കൂളിലായിരുന്നു പെൺകുട്ടി നാലാം ക്ളാസുവരെ പഠിച്ചിരുന്നത്. അഞ്ചാം ക്ലാസുമുതൽ ആന്ധ്രയിലും. അധ്യാപകരിൽനിന്നും വിവരങ്ങൾ ശേഖരിക്കും. അമ്മയുടെ ഇളയസഹോദരിയാണ് പെൺകുട്ടിയെ ആന്ധ്രയിലെ പാലസമുദ്രത്തിലുള്ള വാടകവീട്ടിലേക്ക് കൊണ്ടുവരുന്നത്.

ഇവിടെ നിന്ന് കുട്ടിയെ ആദ്യം ബംഗളൂരുവിലും പിന്നീട് ചെന്നൈയിലെ റിസോർട്ടിലും എത്തിക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപിന്റെ ബെംഗളൂരുവിലുള്ള പെൺസുഹൃത്തു വഴിയാണ് പെൺകുട്ടിയെ കോവളത്തെത്തിക്കുന്നത്. സംഭവത്തിൽ അന്തർസംസ്ഥാനബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്. കന്റോൺമെന്റ് അസി. കമ്മിഷണർ ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.ടി. സംഘമാണ് അന്വേഷണം നടത്തുന്നത്.

Content Highlights: Tamil Nadu police to take custody of the victim's aunt and her husband., Chennai police team recorded the victim's statement and formal arrests in jail., Special Investigation Team (SIT) is expanding the probe to Bengaluru and Andhra Pradesh due to interstate connections., Health Inspector Anuroop's female friend allegedly linked the girl to the Kovalam spa.