കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ; പിടിച്ചെടുത്തത് കുപ്പിയിലാക്കിയ 80 കടൽവെള്ളരികൾ

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കോവളത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച രണ്ടുകിലോ തൂക്കമുളള 80 കടൽ വെളളരികളുമായി (സീകുക്കുമ്പർ) രണ്ടുപേരെ വനം വകുപ്പ് അധികൃതർ അറസ്റ്റുചെയ്തു. വെങ്ങാനൂർ വവ്വാമ്മൂല നെല്ലിവിള വടക്കേകര വീട്ടിൽ ഷിജുകുമാർ(41), പനവൂർ അഞ്ചാംകല്ല് കൂനൻവേങ്ങയിൽ റോഡരികകത്ത് പുത്തൻവീട്ടിൽ അജിമോൻ(46) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ വാഹനവും വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

കുപ്പികളിൽ സൂക്ഷിച്ചിരുന്ന രണ്ടുകിലോയോളം തൂക്കമുളള കടൽവെളളരിയാണ് ഇവരിൽ പിടിച്ചെടുത്തത്. ഏകദേശം 24 ലക്ഷം രൂപയാണ് ഇവയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ ലഭിക്കുന്നതെന്ന് പ്രതികൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇവർ കൊണ്ടുവന്ന കടൽവെളളരികൾ വാങ്ങി വിദേശത്തേക്ക് കയറ്റി അയക്കുന്നതിന് കണ്ണൂരിൽ നിന്നാണ് സംഘമെത്തിയിരുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് കച്ചവടം ഉറപ്പിക്കുന്നതിനായി വെളളരികളുമായി എത്തിയ പ്രതികളെ കാണുന്നതിന് കണ്ണൂരിലെ സംഘമെത്തിയത് വവ്വാമ്മൂലയിലായിരുന്നു. എന്നാൽ, അവിടത്തെ സാഹചര്യം അപകടമുണ്ടാക്കുമെന്ന് ഭയന്ന് സംഘം കോവളത്തെ ലൈറ്റ് ഹൗസിന് സമീപത്തെ സ്വകാര്യഹോട്ടൽ പരിസരത്ത് എത്തിയിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന വനംവകുപ്പിന്റെ പരുത്തിപളളി റേഞ്ചിലെ ഉദ്യോഗസ്ഥർ കുപ്പികളിൽ നിറച്ച് കടൽവെളളരികളുമായി പിടികൂടുകയായിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയതോടെ കടൽവെളളരി വാങ്ങാനെത്തിയ സംഘം കടന്നുകളഞ്ഞു. കുപ്പികളിൽ സൂക്ഷിച്ചിരുന്നവയിൽ ഏകദേശം 20 കടൽ വെളളരികൾ അഴുകിയനിലയിലുമായിരുന്നു. ഈ കേസിലെ മറ്റ് പ്രതികളെ കണ്ടെത്തിയാലെ കടൽവെളളരിയുടെ ഉറവിടം കണ്ടെത്താനാകുകയെന്ന് പരുത്തിപളളി റേഞ്ച് ഓഫീസർ വി.വിപിൻ ചന്ദ്രൻ പറഞ്ഞു. ഉദ്യോഗസ്ഥരായ അനുകൃഷ്ണൻ, ജിജിമോൻ, പ്രദീപ്, മുകേഷ്,മനുചന്ദ്രൻ, വിഷ്ണു, രമ്യ, പ്രദീപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഷെഡ്യൂൾ ഒന്നിൽപ്പെട്ട കടൽവെളളരി; ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് വിലക്ക്

ചൈന, ശ്രീലങ്ക, ഇന്തോനേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ വ്യാപകമായി കയറ്റിയയക്കുന്ന കടൽജീവിയാണ് കടൽവെളളരിക്ക. ജൈവസമ്പുഷ്ടമായതിനാൽ മുന്തിയ വില നൽകി മാത്രമേ ഇവയുപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷ്യവസ്തുക്കൾ വാങ്ങാനാവുക. ഭക്ഷ്യവസ്തുക്കൾക്ക് പുറമേ സുഗന്ധവസ്തുക്കൾ, മരുന്ന് എന്നിവയും നിർമിക്കുന്നുണ്ടെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. പവിഴപുറ്റുകളെ വലയം ചെയ്താണ് ഇവടുടെ ആവാസം. പവിഴപുറ്റിലെജീവികളുടെ ജൈവവിസർജ്യങ്ങൾ ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്. വനംവകുപ്പിന്റെ പട്ടികയിൽ ഷെഡ്യൂൾ ഒന്നിലാണ് ഇവയെ ഉൾപ്പെടുത്തിയിട്ടുളളത്. ഇന്ത്യയിലും കേരളത്തിലും ഇവയ്ക്ക് വിപണിയില്ലെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. കടൽ മലീനികരണം തടയുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന കടൽവെളളരിയെ നിയമവിരുദ്ധമായി പിടിക്കാനോ സൂക്ഷിക്കാനോ പാടില്ലെന്നാണ് ചട്ടം.

Content Highlights: Two individuals arrested by the forest department in Kovalam., 80 sea cucumbers weighing 2kg seized from the accused., International market value of the seized sea cucumbers is around Rs 24 lakh., Sea cucumbers are protected under Schedule I of the Wildlife Protection Act.