നിരപരാധിയാണ്, ഇനി തടവിൽവെക്കേണ്ട സാഹചര്യമില്ലെന്ന് ജോളി; രണ്ടുകേസുകളിലും ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയില്‍പ്പെട്ട രണ്ടു കേസുകളില്‍ മുഖ്യ പ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്, ഭര്‍തൃപിതാവ് ടോം തോമസ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് സി.എസ്. ഡയസ് തള്ളിയത്. ജാമ്യം അനുവദിച്ചാല്‍ നീതി അട്ടിമറിക്കപ്പെടുമെന്ന് കോടതി അഭിപ്രായപ്പെട്ടു.
കുറ്റകൃത്യത്തിന്റെ സ്വഭാവവും മറ്റു സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ ജാമ്യം അനുവദിക്കാനാവില്ല. ആറുപേരെ കൊലപ്പെടുത്തിയെന്ന ആരോപണത്തിന്റെ ഗൗരവം കണക്കിലെടുക്കേണ്ടതുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ െവച്ച് പ്രതി ആത്മഹത്യക്കു ശ്രമിച്ചിരുന്നുവെന്നും പ്രതിക്കെതിരേ ജനരോഷമുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്നും കോടതി വിലയിരുത്തി. തുടര്‍ന്നാണ് ജാമ്യഹര്‍ജികള്‍ തള്ളിയത്.
കുടുംബസ്വത്ത് സ്വന്തമാക്കാന്‍ കുടുംബാംഗങ്ങളെ സയനൈഡ് നല്‍കി കൊലപ്പെടുത്തി എന്നാണു പ്രോസിക്യൂഷന്‍ കേസ്. നിരപരാധിയാണെന്നും സംഭവങ്ങള്‍ നടന്നിട്ട് ഒരു ദശാബ്ദത്തിലേറെയായെന്നും അന്വേഷണം പൂര്‍ത്തിയായ നിലയ്ക്ക് ഇനിയും തടവില്‍ െവക്കേണ്ട സാഹചര്യമില്ലെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.
എന്നാല്‍, ആറുപേരെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും വിചാരണ നടപടികള്‍ മുന്നേറുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഒരു കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും സുപ്രീംകോടതി അതു സ്റ്റേ ചെയ്തുവെന്ന് അഡീ. പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ വാദിച്ചു.
Content Highlights: koodathai serial murder jolly bail plea rejected