‘അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു, ഒരാഴ്ച കഴിയുംമുമ്പേ മർദനം’; സ്ത്രീധനത്തെച്ചൊല്ലി ക്രൂരപീഡനമെന്ന് പരാതി

കൊല്ലം: നീണ്ടകരയിൽ സ്ത്രീധനത്തെച്ചൊല്ലി നവവധുവിനെ ക്രൂരമായി മർദിച്ചുവെന്ന് പരാതി. വിദേശത്തുവെച്ചാണ് ഭർത്താവ് ക്രൂരമായി മർദിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ സൗദിയിലെ വീട്ടിൽവെച്ച് ലാപ്ടോപ്പ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് തന്നെ മർദിച്ചുവെന്നാണ് യുവതി ചവറ പോലീസിൽ നൽകിയിരിക്കുന്ന പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് പരിമളം സ്വദേശി നന്ദു, അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
"അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ആദ്യം പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട്, ‘ചേച്ചിക്ക് 50 പവനും കാറും സ്ത്രീധനം കൊടുത്തു’ എന്ന് പറയാൻ തുടങ്ങി. ഞാൻ അത്രയും കൊണ്ടുവന്നില്ല എന്ന് പറഞ്ഞായിരുന്നു പീഡനം. പിന്നീട് എന്റെ ഫോൺ ഒക്കെ പരിശോധിക്കാൻ തുടങ്ങി. തുടർന്ന് നിരന്തരം എന്നെ മർദിക്കുകയായിരുന്നു. ഞാൻ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു" - യുവതി പറഞ്ഞു. മകളുടെ ജീവൻ തിരികെ കിട്ടിയത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് യുവതിയുടെ മാതാവും പറയുന്നു.
ജൂലൈ മാസത്തിലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾത്തന്നെ സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനം നേരിടേണ്ടി വന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് നന്ദു ജോലിസ്ഥലത്തേക്ക് മടങ്ങി. തുടർന്ന് യുവതിയെയും സൗദിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ചും അതിക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്ന് യുവതി വ്യക്തമാക്കുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
ചവറ പോലീസിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. നിലവിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ യുവതി ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Content Highlights: Newlywed woman filed a complaint in Chavara police station regarding severe dowry harassment., Assault took place in Saudi Arabia where the husband used a laptop charger, belt, and cooker to beat her., Police registered a case against the husband Nandu, father-in-law Dinesh, and mother-in-law Jagadamma., The victim is currently undergoing treatment at Kollam District Hospital.