ബിനാലെയ്ക്കെത്തിയ വിദേശ വനിതയ്ക്കുനേരെ ലൈംഗികാതിക്രമം, മുംബൈ സ്വദേശിക്കെതിരേ കേസ്

കൊച്ചി: ബിനാലെയ്ക്ക് എത്തിയ വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. നവി മുംബൈ സ്വദേശി സുമിത് കട്ടാരെ എന്നയാൾക്കെതിരേ കേസെടുത്തു. ജനുവരിയിൽ ആണ് കേസിനാസ്പദമായ സംഭവം. ഫോർട്ട് കൊച്ചി പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.
ബിനാലെയിൽ പങ്കെടുക്കാനും പരിപാടി അവതരിപ്പിക്കുന്നതിനും എത്തിയതാണ് വിദേശ വനിത. സുമിതും ബിനാലെ കാണാൻ എത്തിയതാണെന്നാണ് വിവരം.
ബിനാലെയുടെ പ്രധാനവേദിക്ക് മുമ്പിൽ വെച്ചാണ് വിദേശ വനിതയെ സുമിത് പരിചയപ്പെടുന്നത്. പിന്നീട് മദ്യപാനത്തിനായി ഇവരെ ക്ഷണിച്ചെങ്കിലും വിദേശവനിത നിരസിച്ചു. പിന്നീട് ഹൗസ്ബോട്ടിൽ കാഴ്ചകൾ കാണാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.
സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് മടങ്ങിയ യുവതി, അവിടെ നിന്ന് ഇ-മെയിൽ മുഖാന്തിരമാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. തുടർന്ന് പോലീസ് എഫ്ഐആർ രേഖപ്പെടുത്തുകയായിരുന്നു.
Content Highlights: Kochi Biennale: Foreign Visitor Alleges Sexual Assault, Case Filed