രക്ഷപ്പെട്ടത് പുലര്‍ച്ചെ, സുരക്ഷാവീഴ്ച ജയില്‍ ഡിജിപിയുടെ സന്ദര്‍ശനം നടക്കാനിരുന്ന ദിവസം

കണ്ണൂര്‍: കേരളത്തെ പിടിച്ചുകുലുക്കിയ ബലാത്സംഗ, കൊലക്കേസ് കുറ്റവാളി കൊടുംക്രിമിനൽ ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകൾ കഴിഞ്ഞ്. രാവിലെ പരിശോധനയ്ക്കിടെയാണ് ഗോവിന്ദച്ചാമി സെല്ലിലില്ലെന്ന വിവരം മനസ്സിലായത്. അതീവസുരക്ഷയുള്ള ജയിലില്‍നിന്നാണ് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് എന്നത് ആശങ്കയുളവാക്കുന്നു. പുലർച്ചെ നാലു മണിയോടെയാണ് ഇയാള്‍ ജയില്‍ ചാടിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ജയില്‍ക്കമ്പി മുറിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടിരിക്കുന്നത്. ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിച്ചില്ല എന്നും കരുതപ്പെടുന്നു
ഒരു കൈ ഇല്ലാത്ത ഗോവിന്ദച്ചാമി അരം പോലുള്ള ആയുധം ഉപയോഗിച്ചാണ് സെല്ലിന്റെ കമ്പി വളച്ചതെന്ന് കരുതുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ ചാടിക്കടക്കാനായി ഇയാള്‍ തുണി കൂട്ടിക്കെട്ടി ഫെന്‍സിങ്ങില്‍ കൊളുത്തി അതില്‍ കയറുകയായിരുന്നു. ജയില്‍വളപ്പിലുണ്ടായിരുന്ന വീപ്പകള്‍ ഇതിനായി ഉപയോഗിച്ചെന്നും സംശയമുണ്ട്. ഇലക്ട്രിക് ഫെന്‍സിങ് അടക്കമുണ്ടായിട്ട് എങ്ങനെ അത് മറികടക്കാനായി എന്ന ചോദ്യവും ഉയരുന്നു. ഏകദേശം ഏഴര മീറ്റര്‍ ഉയരമുള്ള മതിലാണ് ഒരു കൈ മാത്രമുള്ള പ്രതി ചാടിക്കടന്നത്.
അതീവസുരക്ഷയുള്ള ജയിലില്‍ നിന്നാണ് ഇയാള്‍ രക്ഷപെട്ടത് എന്നതാണ് ഞെട്ടിക്കുന്നത്. സിസിടിവി സുരക്ഷാ സംവിധാനം അടക്കം ജയിലിലുണ്ട്. ജയില്‍ ഡിജിപി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കാനെത്തുന്ന ദിവസം കൂടിയായ ദിവസമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഡിജിപിയുടെ സന്ദര്‍ശനം പ്രമാണിച്ച് ജയിലിലെ ജീവനക്കാരുടെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞിരിക്കാമെന്നും ആ അവസരം ഗോവിന്ദച്ചാമി മുതലെടുത്തതാകാമെന്നും കരുതുന്നു.
ജയിലിനകത്ത് ഗോവിന്ദച്ചാമിക്കു ലഭിക്കുന്ന പരിഗണന നേരത്തെ ചര്‍ച്ചയായിരുന്നു. കണ്ണൂരിലും പരിസരപ്രദേശങ്ങളിലും പോലീസ് തിരച്ചില്‍ വ്യാപിച്ചിരിക്കുകയാണ്. ബസ് സ്റ്റാന്‍ഡിലും റെയില്‍വെ സ്റ്റേഷനിലും പരിശോധന നടത്തുന്നു. സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന തുടരുകയാണ്.