BJP നേതാവിന്റെ വാദം പൊളിയുന്നു; അനന്തുകൃഷ്ണനൊപ്പം കമ്പനി തുടങ്ങിയതിന്റെ രേഖകള്‍ പുറത്ത്

കോട്ടയം: പാതിവിലത്തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനുമായി ബന്ധമില്ലെന്ന ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റ് പ്രമീളാദേവിയുടെ വാദം തെറ്റെന്ന് രേഖകള്‍. അനന്തുവും ബി.ജെ.പി നേതാവും ബിസിനസ് പങ്കാളികളാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. പ്രമീളാദേവിയും അനന്തുകൃഷ്ണനും ചേര്‍ന്ന് കമ്പനി രൂപീകരിച്ചതായും പ്രമീളാദേവി ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം മകള്‍ ലക്ഷ്മി ഡയറക്ടറായെന്നും രേഖകളിൽ പറയുന്നു.
നേരത്തേ ബി.ജെ.പി സംസ്ഥാനസമിതി അംഗമായിട്ടുള്ള ഗീതാകുമാരിയാണ് പ്രമീളാദേവിക്കെതിരേ ആരോപണം ഉന്നയിച്ചത്. പ്രമീളാദേവിയുടെ ഉറപ്പിന്മേല്‍ പാതിവിലത്തട്ടിപ്പ് കേസില്‍ പ്രതിയായിട്ടുള്ള അനന്തുകൃഷ്ണന് 25 ലക്ഷം രൂപ നല്‍കിയെന്നാണ് ഗീതാകുമാരി ആരോപിച്ചത്. എന്നാല്‍ ഈ ആരോപണം നിഷേധിച്ച പ്രമീളാദേവി അനന്തുകൃഷ്ണനുമായി ബന്ധമില്ലെന്ന് പറഞ്ഞിരുന്നു. ഈ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഗുഡ്‌ലിവിങ് പ്രോട്ടോകോള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് അനന്തുകൃഷ്ണനും പ്രമീളാദേവിയും ചേർന്ന് രൂപീകരിച്ചത്. 2019 ഡിസംബര്‍ 20-നാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. 2021 മാര്‍ച്ച് 10 വരെ പ്രമീളാദേവി കമ്പനി ഡയറക്ടറായിരുന്നു. പ്രമീളാദേവി രാജിവെച്ചതിന് ശേഷം മകള്‍ ഡയറക്ടറായി. നാല് പേരാണ് കമ്പനിയുടെ ഡയറക്ടര്‍മാരായി ഉണ്ടായിരുന്നത്. അനന്തുകൃഷ്ണനും പ്രമീളാദേവിയും തൃശ്ശൂര്‍ സ്വദേശി അമ്പാട്ട് മുകുന്ദന്‍, ശോഭന എന്നിവരായിരുന്നു ഡയറക്ടര്‍മാര്‍. കമ്പനിയുടെ ആസ്ഥാനമായ കാഞ്ഞിരപ്പള്ളി ആനക്കല്ല് പ്രമീളാദേവിയുടെ വീടിരിക്കുന്ന പ്രദേശം കൂടിയാണ്.
അനന്തുവിനെ പൊതുപരിപാടികളില്‍ വെച്ചുള്ള പരിചയമാണെന്നാണ് നേരത്തേ പ്രമീളാദേവി പ്രതികരിച്ചിരുന്നത്.
നേതാക്കന്മാരുടെ പലരുടെയും ഒപ്പം അനന്തുകൃഷ്ണനുണ്ട്. വനിതാ കമ്മീഷന്റെ പരിപാടികളില്‍ അയാള്‍ പങ്കെടുത്തിട്ടുണ്ട്. അതിന്റെ ചിത്രങ്ങളുണ്ടാകും. അതില്‍ കൂടുതല്‍ എനിക്കറിയില്ല. ഞാന്‍ പങ്കെടുക്കുന്ന പല സ്ഥലങ്ങളിലും അയാള്‍ വന്നിട്ടുണ്ടാകും. പല പൊതുപരിപാടികളിലും വന്നിട്ടുണ്ടാകും. അതിനപ്പുറം എനിക്കറിയില്ല. അനന്തുവും ഞാനും തമ്മിലുള്ള ബാങ്ക് ട്രാന്‍സാക്ഷന്‍സ് പരിശോധിക്കാം.- എന്നാണ് അന്ന് പ്രമീളാദേവി പറഞ്ഞത്.
Content Highlights: kerala half price fraud crime accused and bjp leader started company