പെൺകുട്ടികളെയും സ്ത്രീകളെയും മറയാക്കിയുള്ള കഞ്ചാവുകടത്തൽ കൂടുന്നു, കുടുംബമെന്ന് തോന്നിപ്പിച്ച് യാത്ര

#വർഗീസ്‌ സി.ജോർജ്‌
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായത്താൽ നിർമിച്ചത്.
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായത്താൽ നിർമിച്ചത്.

കോട്ടയം: സംസ്ഥാനത്തിനകത്തുംപുറത്തും കഞ്ചാവ് കടത്താൻ സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും വ്യാപകമായി ഉപയോഗിക്കുന്നെന്ന് കണ്ടെത്തൽ. ഓപ്പറേഷൻ തൂഫാൻ ശക്തമായതോടെ കഞ്ചാവും ലഹരിയുമായി പിടിക്കപ്പെടുന്നവരിൽ സ്ത്രീകളുടെ എണ്ണം കൂടുന്നത് പോലീസിനെയും കുഴയ്ക്കുന്നു.

സ്ത്രീകളെ മുന്നിലിരുത്തിയുള്ള വാഹനയാത്രയിലും തീവണ്ടികളിലും മറ്റും പെൺകുട്ടികളുമായി കുടുംബമെന്ന് തോന്നിപ്പിക്കുംവിധമുള്ള യാത്രകളിലുമാണ് സംസ്ഥാനത്തേക്ക്‌ കഞ്ചാവ് കൂടുതലായി കടത്തുന്നത്. ഒഡീഷയിൽനിന്നാണ് ഇപ്പോൾ കേരളത്തിലേക്ക്‌ കൂടുതലായും കഞ്ചാവെത്തുന്നത്. അവിടെ സ്ത്രീകളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി എത്തിയെങ്കിൽ മാത്രമേ കഞ്ചാവ് ലഭിക്കുകയുള്ളൂവെന്നാണ് പിടിക്കപ്പെടുന്നവരിൽനിന്ന് എക്സൈസിനും പോലീസിനും ലഭിക്കുന്ന വിവരം.

ബുധനാഴ്ച രാത്രി മണിമലയിലെ വീട്ടിൽനിന്ന് നാലരക്കിലോയിലേറെ കഞ്ചാവ് പോലീസ് പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായവരിൽ സ്ത്രീയും ഇവരുടെ ഭർത്താവും പ്രതിയാണ്. കഞ്ചാവെത്തിക്കാൻ അറസ്റ്റിലായവർക്കൊപ്പം ഒഡീഷയിലേക്ക്‌ യാത്രപോയതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമുണ്ടായിരുന്നെന്നാണ് എക്സൈസിന് ലഭിച്ച വിവരം. പ്രധാന പ്രതി പയസ് നേരത്തേയും സ്ത്രീകളും പെൺകുട്ടികളുമായി യാത്രനടത്തി കഞ്ചാവെത്തിച്ചതിനുള്ള തെളിവുകളും എക്സൈസിന് ലഭിച്ചിരുന്നു. ഇതനുസരിച്ച് ഇയാളെ നീരീക്ഷിച്ചുവരുകയായിരുന്നു.

കോട്ടയം ഈസ്റ്റ് പോലീസ് കഞ്ചാവ് കേസിൽ ഇയാളെ നേരത്തേ പിടികൂടിയിട്ടുണ്ട്. മണർകാട്ട് കഞ്ചാവും കഞ്ചാവുചെടികളും പിടിച്ചെടുത്ത വീട്ടിലെ യുവാവിന്റെ ഭാര്യയും ബന്ധുക്കളുമടക്കം മൂന്ന് യുവതികളെ എക്സൈസ് ചോദ്യംചെയ്തു. ഇടുക്കി സ്വദേശിയായ യുവാവ് കോട്ടയം മണർകാട്ട് സ്ത്രീകളുമായി താമസിച്ച് കഞ്ചാവ് കച്ചവടം നടത്തിവരുകയായിരുന്നു. പതിറ്റാണ്ടിലേറെയായി ഭർത്താവിന് കഞ്ചാവ് ഇടപാടുള്ളതായി അറിയാമെന്നാണ് ഇവർ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. കോട്ടയം ചെങ്ങളത്ത് വീട്ടിൽനിന്ന് എം.ഡി.എം.എ. പിടിച്ച സംഭവത്തിലും പ്രതിയുടെ ഭാര്യയ്ക്കും പങ്കുണ്ടെന്നാണ്‌ എക്സൈസിന്റെ കണ്ടെത്തൽ. ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ലഹരിമരുന്നുകൾ വിൽക്കുന്നതിന്റെ പണമെത്തിയിരുന്നതെന്നാണ് വിവരം. ഇവരെയും എക്സൈസ് അറസ്റ്റുചെയ്തിട്ടുണ്ട്.

ബെംഗളൂരുവിൽനിന്ന് സംസ്ഥാനത്തേക്ക്‌ എം.ഡി.എം.എ. കടത്തുന്ന യുവതികളുടെ എണ്ണത്തിൽ വർധനയുണ്ടെന്നും എക്സൈസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. യുവതികളെ ലഹരി കടത്തിന് പ്രേരിപ്പിക്കുന്ന സംഘം തന്നെയുണ്ടെന്നാണ് കണ്ടെത്തൽ. പ്രതിഫലമായി ലഭിക്കുന്ന വൻതുകകളിൽ മനംമയങ്ങി ലഹരിസംഘത്തിന്റെ കണ്ണികളാകുന്ന യുവതികളുടെ എണ്ണവും കൂടിവരുകയാണെന്നാണ് പിടിക്കപ്പെടുന്നവരുടെ കണക്കുകൾ വ്യക്തമാകുന്നത്.

Content Highlights: Drug syndicates are exploiting women and minors to bypass security checks., Cannabis is primarily sourced from Odisha using family-like disguises for transport., Operation Toofan has led to increased arrests and exposure of smuggling patterns., Bank accounts of family members are being used to launder drug money., High financial rewards are drawing more individuals into drug trafficking networks.