'ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി, നെഞ്ചിൽ തല്ലിയതിന്റെ പാടുണ്ടായിരുന്നു; മുൻപും കൊല്ലാൻ ശ്രമിച്ചു'

കൊച്ചി: ആലുവയില്‍ മൂന്നുവയസ്സുകാരിയെ അമ്മ ചാലക്കുടിപ്പുഴയില്‍ എറിഞ്ഞുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി ഇവരുടെ ഭര്‍ത്താവ് രംഗത്തെത്തി. അമ്മ കുഞ്ഞിനെ മുന്‍പും കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഭർത്താവ് പറഞ്ഞു. അവളുടെ വീട്ടില്‍വെച്ച് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്ന് അവളുടെ വീട്ടുകാര്‍തന്നെ മുന്‍പ് പറഞ്ഞിരുന്നു. കുട്ടിയുടെ തലയ്ക്കും നെഞ്ചിലും അടിച്ചിരുന്നതായും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി.
കുട്ടിയെ മുന്‍പ് ഐസ്‌ക്രീമില്‍ വിഷംകലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി അവരുടെ അമ്മതന്നെ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഒരു ദിവസം കുട്ടിയുടെ നെഞ്ചില്‍ അടിച്ചതിന്റെ വിരല്‍പ്പാടുകള്‍ കണ്ടിരുന്നു. അനിയന്റെ ഫോണില്‍ അതിന്റെ ചിത്രമുണ്ട്. ഞാനെന്തെങ്കിലും പറഞ്ഞാലോ എന്നുകരുതി എന്നെ കാണിച്ചില്ല. ഞങ്ങളുടെ കേസില്‍ മെമ്പര്‍ ഒക്കെ ഇവിടെ ഇടപെട്ടതാണ്. മെമ്പര്‍ക്കൊക്കെ കാര്യങ്ങളറിയാം. അതിന്‍റെ അടിസ്ഥാനത്തില്‍ അന്ന് പോലീസില്‍ പരാതി കൊടുത്തിരുന്നു. എന്റെ വാശിപ്പുറത്താണ് മക്കളെ ഞാന്‍ ഇവിടെ നിര്‍ത്തിയത്. നെഞ്ചില്‍ അടിച്ചത് കാരണം കുട്ടിക്ക് അമ്മയുടെ കൂടെ പോവാന്‍ പേടിയായിരുന്നു. പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോഴേക്ക് അതുമാറി', അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സംഭവിച്ചതിനെക്കുറിച്ചും കല്യാണിയുടെ അച്ഛന്‍ വിശദീകരിച്ചു. രാവിലെ തനിക്ക് ചായയൊക്കെ വെച്ചുതന്നശേഷമാണ് അവള്‍ ഈ ക്രൂരകൃത്യം ചെയ്തത്. രാവിലെയൊന്നും അവർക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കൊച്ചിന് അങ്കണവാടിയില്‍ പോവാന്‍ ഇനി ഒരാഴ്ചകൂടിയേ ഉള്ളൂ. അതുകഴിഞ്ഞാല്‍ സ്‌കൂളില്‍ പോവണം എന്നൊക്കെ പറഞ്ഞതായിരുന്നു. കുട്ടി രാവിലെ അങ്കണവാടിയില്‍ പോവുന്നില്ല എന്ന് പറഞ്ഞു. ഞാനാണ് പോവാന്‍ നിര്‍ബന്ധിച്ചത്. തുടര്‍ന്ന് അച്ഛന്‍ എന്നെ കൊണ്ടുപോവുമോ എന്നവള്‍ ചോദിച്ചിരുന്നു. എനിക്ക് അത്യാവശ്യമായി പുറത്തുപോവാനുണ്ടെന്ന് പറഞ്ഞ് ഞാൻ പോയി. താഴെയുള്ള കൊച്ചിന്റെ കൂടെ വിടാമെന്നാണ് അമ്മ പറഞ്ഞിരുന്നത്.
പിന്നീട് ഏകദേശം 11 മണി ആയപ്പോള്‍ കുക്കറിന്റെ വാഷര്‍ പോയെന്നു പറഞ്ഞ് അമ്മയുടെ കോള്‍ വന്നു. ഞാന്‍ വരാന്‍ വൈകുമെന്ന് അവളെ അറിയിച്ചു. മൂന്നര കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അവളില്ല. സാധനം വാങ്ങാന്‍ പോയതായിരിക്കുമെന്നാണ് കരുതിയത്. മൂന്നേകാലിന് കുട്ടിയെത്തേടി അമ്മ അങ്കണവാടിയില്‍ ചെന്നിരുന്നെന്നും 3.30 ആയപ്പോള്‍ കുട്ടിയെ വിട്ടെന്നും ടീച്ചറെ വിളിച്ചപ്പോള്‍ പറഞ്ഞു. തുടര്‍ന്ന് അഞ്ചരയായിട്ടും കാണാതിരുന്നപ്പോള്‍ അവളുടെ വീട്ടിലേക്ക് വിളിച്ച് തിരക്കി. അവിടെയും ചെന്നിട്ടില്ലെന്ന് പറഞ്ഞു. അരമണിക്കൂര്‍ കഴിഞ്ഞ് പിന്നെയും വിളിച്ചെങ്കിലും അവിടെയെത്തിയില്ല. അതോടെ ഞാന്‍ അവരോട് കേസ് കൊടുക്കുമെന്നു പറഞ്ഞു. അപ്പോഴേക്ക് അവരുതന്നെ വനിതാ സെല്ലില്‍ കേസുകൊടുത്തു. അവള്‍ക്ക് സുഖമില്ലാത്ത കാര്യം അവര്‍ക്കുതന്നെ അറിയാം. കഴിഞ്ഞ ദിവസം സ്റ്റേഷനില്‍നിന്ന് കേസിന്റെ വിവരം ആരായാന്‍ വിളിച്ചപ്പോള്‍ ഇപ്പോള്‍ കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞതാണെന്നും അദ്ദേഹം പറയുന്നു.
ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ അവള്‍ പുറത്തുപോവുമായിരുന്നില്ല. ഇവിടെ ആളില്ലാത്ത സമയം നോക്കിയാണ് അവള്‍ വിളിച്ചത്. കുക്കറിന്റെ വാഷറിന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. അത് പൊട്ടിച്ചുകളഞ്ഞ് ഞാന്‍ വരുമോ ഇല്ലയോ എന്ന് അറിയാന്‍ വേണ്ടി വിളിച്ചതായിരുന്നു. അത് അവളുടെ പദ്ധതിയായിരുന്നു. രണ്ടു കുട്ടികളെ നുള്ളി നോവിക്കുകപോലും ചെയ്യാതെ വളര്‍ത്തിയതാണ്. മോന്‍ ഇത് അറിഞ്ഞിട്ടില്ല. അവനോട് കാണാനില്ലെന്നാണ് പറഞ്ഞത്. അവനിതെങ്ങനെ സഹിക്കും, സുഭാഷ് വിതുമ്പലോടെ പറഞ്ഞു.
അമ്മയ്ക്ക് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ കൗണ്‍സിലിങ് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. അന്ന് അവര്‍ അവിടെവെച്ച് ബുദ്ധിപരിശോധന നടത്തിയിരുന്നു. അവളുടെ വീട്ടിലെ അമ്മയും ചേച്ചിയും പറയുന്നതേ അവള്‍ കേള്‍ക്കുമായിരുന്നുള്ളൂ. സ്വന്തം അച്ഛനും ചേട്ടനും അവള്‍ക്കെതിരായിരുന്നു. അമ്മയുടെയും ചേച്ചിയുടെയും പ്രേരണയില്‍ത്തന്നെയായിരിക്കണം തന്റെ കുഞ്ഞിനെ വെള്ളത്തില്‍ എറിഞ്ഞുകൊന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kerala Child Murder Father Alleges Mother's Prior Attempts