അൻസിയ നേരത്തേയും പ്രതി, പുലർച്ചെ വീടുവളഞ്ഞ് പോലീസ്; ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയുമടക്കം അകത്ത്

കഴക്കൂട്ടം: പോലീസ് വാഹനം ഇടിച്ച് തെറിപ്പിച്ചും ചെക്പോസ്റ്റുകൾ തകർത്തും രക്ഷപ്പെടുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളുൾപ്പെടെ ഏഴുപേർ പിടിയിൽ. കഴിഞ്ഞദിവസം ഉച്ചയോടെ കല്ലറ പാങ്ങോടു വെച്ച് വാഹനം കുറുകേയിട്ട് പോലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ ഇടിച്ച് തെറിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. എറണാകുളത്തുനിന്ന് ഇവർ തിരുവനന്തപുരത്തേക്കു വരുന്നതറിഞ്ഞാണ് പോലീസ് തടഞ്ഞത്. ഇവർ കണിയാപുരം പള്ളിനട തോപ്പിൽ ഭാഗത്തെ വാടകവീട്ടിലുണ്ടെന്നു കണ്ടെത്തി പുലർച്ചെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. നെടുമങ്ങാട് മണ്ണൂർക്കോണം ആർച്ച് ജങ്‌ഷൻ അസീം മൻസിലിൽ അസീം(29), തൊളിക്കോട് ഉണ്ടപ്പാറ അജിത്ത് വിലാസത്തിൽ അജിത്ത്(30), പാലോട് മൈലാടി പുത്തൻവീട്ടിൽ അൻസിയ(36) എന്നിവരാണ് സംഘത്തിലെ പ്രധാനികൾ.
ഇവരിൽനിന്നു ലഹരി വാങ്ങാനെത്തിയ കിഴക്കേക്കോട്ട അട്ടക്കുളങ്ങര തമ്മൻ സ്ട്രീറ്റ് ഗോകുലത്തിൽ ഡോ. വിഘ്‌നേഷ് ദത്തൻ(34), ബിഡിഎസ് വിദ്യാർഥിനി കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് പിച്ചനഴകത്തുവീട്ടിൽ ഹലീന(27), കൊല്ലം ആയൂർ ആനന്ദ് ഭവനിൽ അബിനാഷ്(29), കൊല്ലം ഇളമാട് വാളിയോട് ശ്രീവിലാസത്തിൽ ഹരീഷ്(29) എന്നിവരെയാണ് ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. പ്രതികളിൽനിന്ന് നാല് ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം സാധാരണ കഞ്ചാവ് എന്നിവ കണ്ടെടുത്തു.
വിഘ്‌നേഷ് ദത്തൻ എംബിബിഎസ് ഡോക്ടറും അവിനാഷ് ഐടി ജീവനക്കാരനുമാണ്. പ്രതികളുടെ രണ്ട് കാറുകൾ, രണ്ട് ബൈക്കുകൾ, പത്ത് മൊബൈൽഫോണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
അസിം, അജിത്ത്, അൻസിയ എന്നിവർ ചേർന്നാണ് ബെംഗളൂരുവിൽനിന്ന് കുറഞ്ഞ വിലയ്‌ക്ക് ലഹരിമരുന്ന് ട്രെയിനിലും ബസിലുമായി എത്തിക്കുന്നത്. വിദ്യാർഥികൾ, ഡോക്ടർമാർ, ഐടി ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് ഇവരുടെ ഇടപാടുകാർ. 2018ൽ അജിത്തിനെയും അസീമിനെയും ഒന്നേകാൽക്കിലോ ഹാഷിഷ് ഓയിലുമടക്കം പിടികൂടിയിരുന്നു. ഈ കേസിൽ വിചാരണക്കോടതി പത്തുവർഷം തടവിനു വിധിച്ചു. ഉയർന്ന കോടതിയിൽ അപ്പീൽജാമ്യത്തിലാണ് രണ്ടുപേരും പുറത്തിറങ്ങിയത്. അൻസിയയെയും നേരത്തേ കഞ്ചാവ് കേസിൽ പിടികൂടിയിരുന്നതാണ്.
മൂന്നുമാസങ്ങൾക്കു മുൻപാണ് ഇവർ കണിയാപുരത്ത് വീട് വാടകയ്ക്ക് എടുത്തത്. നർകോട്ടിക് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഓസ്റ്റിൻ, ഫയാസ്, ഗ്രേഡ് എസ്ഐമാരായ സതികുമാർ, അനൂപ്, സീനിയർ സിപിഒമാരായ ഉമേഷ് ബാബു, അനീഷ്, അഖിൽ, രാജേഷ്, രാജീവ്, റിയാസ്, ഷിജു, നന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പിടികൂടിയത് മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ
: കണിയാപുരത്തുനിന്നും വ്യാഴാഴ്ച അറസ്റ്റുചെയ്ത ലഹരിവ്യാപാരസംഘത്തെ പിടികൂടാൻ ഡാൻസാഫ് സംഘം നടത്തിയത് മാസങ്ങൾനീണ്ട പരിശ്രമം. ചെക്‌പോസ്റ്റ് ഇടിച്ചുതകർത്തും വാഹനം ഡിവൈഡർ ചാടിച്ച് ഓടിച്ചും പോലീസ് വാഹനം ഇടിച്ചുമാറ്റിയുമൊക്കെ ഈ സംഘം പലതവണ ഡാൻസാഫിന്റെ കൈയിൽനിന്നു വഴുതിപ്പോയി. ബുധനാഴ്ച ഉച്ചയ്ക്ക് പോലീസ് വാഹനത്തിന് കേടുപാടുവരുത്തി രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ഇവരെ കണ്ടെത്തി അറസ്റ്റുചെയ്യുകയായിരുന്നു. ലഹരിക്കടത്ത് കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും അപ്പീലിൽ ജാമ്യത്തിൽ കഴിയുന്ന നെടുമങ്ങാട് സ്വദേശി അസിം (29), തൊളിക്കോട് സ്വദേശി അജിത്ത് (30) എന്നിവരെ പിന്തുടർന്നു നടത്തിയ നീക്കമാണ് ഫലംകണ്ടത്.
രണ്ടുമാസം മുൻപ് തമിഴ്‌നാട്ടിൽനിന്ന് നെയ്യാർഡാം വഴി ഇവർ ലഹരിവസ്തുക്കളുമായി വരുമ്പോൾ എക്‌സൈസും പോലീസും ചേർന്ന് ചെക്‌പോസ്റ്റിൽ തടഞ്ഞ് പിടികൂടാൻ ശ്രമം നടത്തി. എന്നാൽ, ചെക്‌പോസ്റ്റിലെ വേലി ഇടിച്ചുതെറിപ്പിച്ച് ഇവർ വാഹനത്തിൽ കടന്നു. പിന്നാലേ പോയെങ്കിലും പോലീസിന് ഇവരെ കണ്ടെത്താനായില്ല. രണ്ടാഴ്ച മുൻപ് കിളിമാനൂരിൽവെച്ച് പോലീസ് ഇവരുടെ വാഹനം തടയാൻ ശ്രമിച്ചു. എന്നാൽ, വാഹനം ഡിവൈഡറിൽ ചാടിച്ച് ഓടിച്ചുപോയി. ബുധനാഴ്ച പുതുവർഷാഘോഷങ്ങൾക്കായി ഇവർ ലഹരിവസ്തുക്കളുമായി എറണാകുളത്തുനിന്നും സംസ്ഥാനപാതവഴി വന്ന സംഘം ചടയമംഗലത്തുനിന്നും തിരിഞ്ഞ് കടയ്ക്കൽവഴി പാങ്ങോടെത്തി. അവിടെ വാഹനം റോഡിനു കുറുകേയിട്ട് പോലീസ് വഴിതടഞ്ഞെങ്കിലും പോലീസ് വാഹനം ഇടിച്ച് കേടുപാടുവരുത്തിയശേഷം ഇവർ കാറിൽ കടന്നുകളഞ്ഞു. തുടർന്ന് പോലീസ് ഇവരെ പിന്തുടർന്നെങ്കിലും ഊടുവഴികളിലൂടെ രക്ഷപ്പെട്ടു.
തുടർന്ന് നിരത്തുവക്കുകളിലെ അറുപതിലധികം ക്യാമറാദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഒടുവിൽ രാത്രി രണ്ടുമണിയോടെയാണ് കണിയാപുരം തോപ്പിൽ ഭാഗത്ത് ഇവരുണ്ടെന്ന് മനസ്സിലായത്. ഡാൻസാഫ് സംഘം മതിയായ സന്നാഹങ്ങളോടെ ഇവിടേക്കെത്തി ലഹരിസംഘത്തെ പിടികൂടുകയായിരുന്നു. അറസ്റ്റിലായതിൽ അൻസിയ നേരത്തേ ലഹരിവസ്തുക്കളുമായി പിടിയിലായിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. ഇവരിൽനിന്ന് ചെറിയൊരളവ് ലഹരിവസ്തുക്കളാണ് വ്യാഴാഴ്ച പോലീസിന് കണ്ടെടുക്കാനായത്. പോലീസ് പിൻതുടരുന്നത് മനസ്സിലാക്കിയതോടെ കടത്തിക്കൊണ്ടുവന്ന ലഹരിവസ്തുക്കൾ പ്രതികൾ ഒളിപ്പിക്കുകയോ കച്ചവടം ചെയ്യുകയോ ചെയ്തിരിക്കാൻ ഇടയുണ്ട്.
Content Highlights: Major drug traffickers, including a doctor and a BDS student, arrested in Kazhakootam. Seized MDMA, cannabis, and vehicles. Ongoing investigation.