ബാങ്ക് മാനേജറെ മർദ്ദിച്ച് കരുണാനിധിയുടെ കൊച്ചുമകൾ; ദൃശ്യങ്ങൾ പുറത്ത്, കയൽവിഴിക്കെതിരെ കേസ്

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കൊച്ചുമകളും മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകളുമായ കയൽവിഴി ബാങ്ക് മാനേജറെ മർദിച്ചതായി പരാതി. ചെന്നൈ അടയാർ മേഖലയിലെ എസ്ബിഐ എൻആർഐ ബ്രാഞ്ചിലെ മാനേജരുടെ മുഖത്ത് കയൽവിഴി അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ജൂലൈ 20-നായിരുന്നു സംഭവം. ബാങ്കിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ ശനിയാഴ്ചയാണ് സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. മാനേജരുടെ ഓഫീസിനുള്ളിൽ വെച്ച് കയൽവിഴി അദ്ദേഹത്തിന്റെ ശരീരഭാഷയെ പരിഹസിക്കുകയും പെട്ടെന്ന് മുഖത്തടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തർക്കത്തിനിടയിൽ കയൽവിഴിയുടെ കൈയിൽ പിടിച്ച് അവരെ ശാന്തനാക്കാൻ ഒരാൾ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
കെട്ടിടത്തിലെ ലിഫ്റ്റിന്റെ പ്രവർത്തനത്തകരാറുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എസ്ബിഐ ബ്രാഞ്ച് പ്രവർത്തിക്കുന്ന കെട്ടിടം കയൽവിഴിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ എസ്ബിഐ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കയൽവിഴിക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാങ്ക് മാനേജറെ മർദ്ദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.
Content Highlights: CCTV footage of Kayalvizhi, granddaughter of M Karunanidhi, slapping an SBI manager in Chennai.