എ.വി.പി. സ്ഥാപകൻ രാമവാരിയരുടെ മകൾ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം

കോയമ്പത്തൂർ: ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി.കുട്ടിയെ (83) നഞ്ചുണ്ടാപുരം റോഡിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൈകാൽ ബന്ധിച്ച്, വായിൽ പ്ലാസ്റ്ററൊട്ടിച്ച്, കട്ടിലിൽക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.
നഞ്ചുണ്ടാപുരം റോഡിലെ പാർസൺ അപ്പാർട്ട്‌മെന്റിലാണ് മകനൊപ്പം ഇവർ താമസിച്ചിരുന്നത്. സഹായത്തിന് നേപ്പാൾ സ്വദേശിനിയായ ഹോംനഴ്‌സുമുണ്ടായിരുന്നു. മകൻ ഡോ. രാംകുമാർകുട്ടി വിദേശയാത്രയിലാണ്. വെള്ളിയാഴ്ച രാവിലെ ടി.വി.എച്ച്.നഗറിൽ താമസിക്കുന്ന മകൾ ഫോണിൽവിളിച്ചപ്പോൾ മറുപടി കിട്ടാതിരുന്നതിനാൽ അയൽവാസികളെ വിവരമറിയിച്ചു. അവർവന്ന് നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. തുടർന്ന്, രാമനാഥപുരം പോലീസിനെ വിവരമറിയിച്ചു. പോലീസ് ഡെപ്യൂട്ടി കമ്മിഷണർ കാർത്തികേയൻ, അസി. കമ്മിഷണർ വസന്തരാജ് എന്നിവരുടെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സി.സി.ടി.വി. പരിശോധിച്ചപ്പോൾ വെള്ളിയാഴ്ച രാത്രി 12.15-ന് മൂന്നുപേർ ഫ്ളാറ്റിൽവന്നതായി കാണുന്നുണ്ട്. അരമണിക്കൂറിനകം ഇവർ തിരിച്ചുപോവുകയും ചെയ്തു. സഹായിയായ നേപ്പാൾസ്വദേശിനി സുർജറോക്കി (37) അക്രമികൾക്ക് വാതിൽ തുറന്നുകൊടുക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരുടെ മൊബൈൽഫോൺ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. കസ്തൂരി ധരിച്ചിരുന്ന രണ്ടുപവൻമാല നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റെന്തെല്ലാം നഷ്ടപ്പെട്ടു എന്നത് വ്യക്തമായിട്ടില്ല. നേപ്പാൾ സ്വദേശിനിയെയും കാണാതായിട്ടുണ്ട്. നിരവധി താമസക്കാരുള്ള അപ്പാർട്ട്‌മെന്റിൽ 24 മണിക്കൂറും കാവലുണ്ട്. അന്വേഷണത്തിന് ആറംഗ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.
ഭർത്താവ്: പരേതനായ ഗോപാലൻകുട്ടി (മുൻ എ.വി.പി. ഡയറക്ടർ). മക്കൾ: ഡോ. രാംകുമാർകുട്ടി (എ.വി.പി. ഡയറക്ടർ, വേലന്താവളം വൈദ്യഗ്രാമം ആശുപത്രി), സുജാത, സുശീല (മുംബൈ). എ.വി.പി. എം.ഡി.യായിരുന്ന പരേതനായ പി.ആർ. കൃഷ്ണകുമാർ സഹോദരനാണ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് നഞ്ചുണ്ടാപുരം ഈഷ ശ്മശാനത്തിൽ നടക്കും.
Content Highlights: Kasthuri G. Kutty found dead with hands tied and mouth taped., Police suspect robbery as the primary motive., CCTV footage shows a Nepali home nurse assisting suspects., Special police team formed to investigate the incident.