എട്ടാം ക്ലാസുകാരിയാണ് പിന്നിലെന്ന് ഉറപ്പിച്ചിട്ടും കൗമാരക്കാർ പിടിയിലാകുംവരെ പോലീസ് കാത്തിരുന്നു

#ന്യൂസ് ഡെസ്ക്
കൊലപാതകം നടന്ന വീട്, ഇന്‍സൈറ്റില്‍ കൊല്ലപ്പെട്ട ശിവന്‍കുട്ടി |ഫോട്ടോ:മാതൃഭൂമി
കൊലപാതകം നടന്ന വീട്, ഇന്‍സൈറ്റില്‍ കൊല്ലപ്പെട്ട ശിവന്‍കുട്ടി |ഫോട്ടോ:മാതൃഭൂമി

ഹരിപ്പാട്: എട്ടാം ക്ലാസുകാരിയാണ് പിന്നിലെന്ന് ഉറപ്പിച്ചിട്ടും കരുവാറ്റയിൽ കൊലപാതകം നടത്തിയ കൗമാരക്കാർ പിടിയിലാകുന്നതുവരെ പോലീസ് കാത്തിരുന്നു. അതുവരെ പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ കുട്ടിയെ നിരീക്ഷിക്കുകയായിരുന്നു. പെൺകുട്ടിയോടു പലപ്രാവശ്യം വിവരം ചോദിച്ചെങ്കിലും കുറ്റകൃത്യത്തിലെ പങ്കാളിത്തം മനസ്സിലായെന്ന സന്ദേശം നൽകാതിരിക്കാനും പോലീസ് ശ്രദ്ധിച്ചു.

ആഭ്യന്തരമന്ത്രിയുടെ നാടാണ്. പോലീസിന് എന്തെങ്കിലും കൈപ്പിഴയുണ്ടായാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന സമ്മർദം അന്വേഷണ ഉദ്യോഗസ്ഥർക്കെല്ലാമുണ്ടായിരുന്നു. അതിനാൽ അതിരഹസ്യമായിട്ടായിരുന്നു നീക്കങ്ങൾ.

തിങ്കളാഴ്ച രാവിലെയാണ് കൊലപാതകം പുറത്തറിയുന്നത്. വീട്ടിലുണ്ടായിരുന്ന താൻ ശനിയാഴ്ച രാവിലെ പുറത്തുപോയെന്നും അടുത്തദിവസം രണ്ടുപ്രാവശ്യം തിരിച്ചെത്തി ശിവൻകുട്ടി ചെട്ടിയാരെ (67) അന്വേഷിച്ചെന്നുമാണ് പെൺകുട്ടി ആദ്യം മൊഴിനൽകിയത്. വീട്ടിൽനിന്നു പിണങ്ങിപ്പോയെന്നും കൂട്ടുകാരന്റെ വീട്ടിലായിരുന്നു താമസിച്ചതെന്നുകൂടി കുട്ടി പറഞ്ഞു.

ഇതിലുറച്ചുനിന്ന പെൺകുട്ടി പിന്നീട് വീട്ടുകാർക്കൊപ്പം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണു പോയത്. അവിടെ പ്രസവത്തിനു പ്രവേശിപ്പിച്ച ബന്ധുവിന് രാത്രിയിൽ കൂട്ടിരുന്നു. ഈ സമയം പോലീസ് ഉദ്യോഗസ്ഥ വാർഡിലുണ്ടായിരുന്നത് പെൺകുട്ടി അറിഞ്ഞിരുന്നു.

പെൺകുട്ടിയുടെ ഫോൺ വിളികളിൽനിന്നും കൂട്ടുകാരികളിൽനിന്നും ലഭിച്ച വിവരങ്ങളിൽനിന്ന് കൊല്ലത്തെ കൂട്ടുകാരെപ്പറ്റി വിവരം കിട്ടിയിരുന്നു. പോലീസ് പരവൂരിലെത്തി അവരെ തിരിച്ചറിഞ്ഞു. കൊലപാതകത്തിനുശേഷം നാട്ടിലെത്തിയ ഇവർ സാധാരണപോലെ സുഹൃത്തുക്കളുടെ വീടുകളിൽ താമസിച്ചു.

കുറ്റാരോപിതരിൽ ഒന്നാമനായ പ്ലസ് ടു കാരനെയാണ് ആദ്യം ചോദ്യംചെയ്തത്. പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്നു പറഞ്ഞാണ് പോലീസ് ഇയാളെ സമീപിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീട്ടുകാരുടെ സാന്നിധ്യത്തിൽ പിന്തുടർന്നു പിടിച്ചതോടെ എല്ലാം തുറന്നുപറഞ്ഞു.

ഇതിനുശേഷമാണ് വണ്ടാനം മെഡിക്കൽ കോളേജിൽനിന്ന് പെൺകുട്ടിയെ മാറ്റിനിർത്തി പോലീസ് ഉദ്യോഗസ്ഥ വിശദമായി സംസാരിച്ചതും പങ്കാളിത്തം പെൺകുട്ടി ഏറ്റുപറഞ്ഞതും.

ലഹരി ഉപയോഗിച്ചിരുന്നോ എന്നു പരിശോധിക്കുന്നു

കരുവാറ്റയിലെ വീട്ടിൽനിന്ന് പ്രതികൾ ബോഡി സ്‌പ്രേ മോഷ്ടിച്ചിരുന്നു. അത് പോലീസ് കുറ്റാരോപിതരുടെ വീട്ടിൽനിന്നു പിടികൂടി തൊണ്ടിയാക്കി രേഖപ്പെടുത്തി കോടതിയിൽ കൈമാറി. പ്രതികളുടെ കസ്റ്റഡിയപേക്ഷ വ്യാഴാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിനു കൈമാറും.

കുറ്റാരോപിതർ രാസലഹരി ഉപയോഗിക്കുന്നവരാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരുടെ ഫോൺവിളിയുടെ രേഖകൾ ഇതിനായി ശേഖരിച്ചിട്ടുണ്ട്. എൻ.ഡി.പി.എസ് കേസുമായി ബന്ധമുള്ളവരെ ഇവർ വിളിക്കാറുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്. ഇത്രയും ക്രൂരമായ കൊലപാതകം നടത്തിയത് ലഹരി ഉപയോഗിച്ചാണോ എന്ന സംശയം പോലീസ് ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

Content Highlights: An 8th-grade girl and teenage accomplices were arrested in the Karuvatta murder case., Police maintained secret surveillance and gathered digital evidence before making the arrests., Authorities are investigating whether the suspects used chemical drugs during the crime., The custody application for the juvenile suspects will be submitted to the Juvenile Justice Board.